Deshabhimani

സബ്‌സിഡി ഇല്ല, പിടിവിട്ട്‌ സാധനവില

ജനകീയ ഹോട്ടലുകൾ പൂട്ടുന്നു

janakeeya hotelukal
വെബ് ഡെസ്ക്

Published on Nov 16, 2026, 01:37 AM | 1 min read

കോട്ടയം വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട്‌ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക്‌ താഴുവീഴുന്നു. തുച്ഛമായ കാശിന്‌ വയറുനിറയെ ഭക്ഷണം ലഭ്യമാക്കിയിരുന്ന, പാവങ്ങൾക്ക്‌ ഏറെ സഹായകരമായിരുന്ന പദ്ധതിയാണ്‌ നിലയ്‌ക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ പഞ്ചായത്ത്‌, നഗരസഭ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന 99 കമ്യൂണിറ്റി കിച്ചണുകളെ ജില്ലയിൽ ജനകീയ ഹോട്ടലുകളാക്കി മാറ്റിയിരുന്നു. ഇതിൽ ഭൂരിഭാഗവും പൂട്ടി. ജില്ലയിൽ ആറ്‌ നഗരസഭകളിൽ ഏറ്റുമാനൂരും പാലായിലും മാത്രമാണ്‌ ഇപ്പോൾ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്‌. സർക്കാർ സബ്‌സിഡി നിലച്ചതും നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കൂടിയതുമാണ്‌ അടച്ചൂപൂട്ടലിന്‌ വഴിയൊരുക്കിയത്‌. യുഡിഎഫ്‌ സർക്കാരിൽനിന്ന്‌ വേണ്ടത്ര പിന്തുണ ലഭിക്കാത്തതും തകർച്ചയ്‌ക്ക്‌ ആക്കംകൂട്ടി. വിശപ്പുരഹിത കേരളം പദ്ധതിയിൽ 2020–21ലാണ്‌ എൽഡിഎഫ്‌ സർക്കാർ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്‌. ആലപ്പുഴ മണ്ണഞ്ചേരിയിലെ മാതൃകാപദ്ധതി വിജയമായതിന്റെ ചുവടുപിടിച്ചാണിത്‌. 20 രൂപയ്‌ക്ക്‌ ഉ‍ൗണുനൽകുകയായിരുന്നു ലക്ഷ്യം. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ ജനകീയ ഹോട്ടലുകൾക്ക്‌ അരി നൽകിയിരുന്നു. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ സബ്‌സിഡി അരി നൽകാതായി. 60 രൂപയ്‌ക്ക്‌ അരി വാങ്ങി തുച്ഛമായ നിരക്കിൽ ഉ‍ൗണ്‌ നൽകുക പ്രായോഗികമല്ലെന്ന്‌ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകവാതകം തുടങ്ങിയവയുടെ വില വർധിച്ചതോടെ ചെലവ് കുത്തനെ ഉയർന്നു. പലയിടത്തും 40-–45 രൂപയായി നിരക്ക്‌ ഉയർത്തിയിട്ടും പിടിച്ചുനിൽക്കാനാകാതെ അടച്ചുപൂട്ടി. സർക്കാർ സബ്‌സിഡി കൃത്യമായി നൽകുക, സബ്‌സിഡി നിരക്കിൽ റേഷൻ സാധനങ്ങൾ അനുവദിക്കുക, കെട്ടിട വാടക, വൈദ്യുതി നിരക്ക്‌ തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങൾ നൽകുക തുടങ്ങിയ സഹായങ്ങൾ ലഭിച്ചാലേ കുറഞ്ഞ നിരക്കിൽ ഉച്ചഭക്ഷണം നൽകാനാകൂവെന്ന്‌ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home