ad
Deshabhimani

print edition നോയിഡയിലെ തൊഴിലാളി സമരം
മോദിസർക്കാരിനുള്ള മുന്നറിയിപ്പ്‌

editorial today
വെബ് ഡെസ്ക്

Published on Apr 17, 2026, 12:00 AM | 2 min read

​ക‍ൂലി വർധനയും നിയമപരമായ ആനുകൂ‍ല്യങ്ങളും ആവശ്യപ്പെട്ട്‌ ഉത്തർപ്രദേശിലും ഹരിയാനയിലും തൊഴിലാളികൾ ശക്തമായ സമരത്തിലാണ്‌. ജീവിക്കാനുള്ള വേതനം തരൂ എന്ന ആവശ്യം ഉന്നയിച്ചാണ്‌ മേഖലയിലെ തൊഴിലാളികളുടെ സമരം. ഇതിന്റെ തുടർച്ചയായാണ്‌ നോയിഡയിലെ തൊഴിലാളികൾ കഴിഞ്ഞദിവസം പൊടുന്നനെ സമരത്തിനിറങ്ങിയത്‌.


നോയിഡയിലെ ഗൗതം ബുദ്ധ നഗർ തൊഴിലാളികളിൽ മഹാഭൂരിപക്ഷവും യുപിയിലെ ഗ്രാമങ്ങളിൽനിന്നും ബിഹാറിൽനിന്നും ഉള്ള കുടിയേറ്റക്കാരാണ്‌. 10 മുതൽ 12 മണിക്കൂർവരെ ജോലി ചെയ്യുന്നവർക്ക്‌ മാസം 14,000 രൂപവരെയായിരുന്നു പരമാവധി കൂലി ലഭിച്ചിരുന്നത്‌. കയറ്റുമതി തടസ്സം പറഞ്ഞ്‌ ഓവർടൈം ഇല്ലാതാക്കി, ഒപ്പം കൂലി പിടിച്ചുവയ്ക്കാനും തുടങ്ങി. ഇതിനിടെ പാചകവാതകക്ഷാമവും വിലക്കയറ്റവും കുതിച്ചുയർന്നതോടെ ജീവിതം അവർക്ക്‌ അസാധ്യമായി. ഇതോടെ ഏപ്രിൽ 13ന്‌ നോയിഡിയിലെ 80ൽ അധികം സ്ഥലങ്ങളിലായി 45,000ൽ അധികം തൊഴിലാളികളാണ്‌ ഒറ്റക്കെട്ടായി സമരമുഖത്തെത്തിയത്‌.


​സമരം ചെയ്‌ത ഫാക്ടറിത്തൊഴിലാളികളെ നിഷ്‌ഠുരമായി അടിച്ചമർത്തുകയായിരുന്നു ഹരിയാനയിലെയും ഉത്തർപ്രദേശിലെയും ബിജെപി സർക്കാരുകൾ. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനുപകരം തൊഴിലാളികളെ അടിച്ചമർത്താൻ പൊലീസിനെ കയറൂരി വിട്ടു. യോഗി ആദിത്യനാഥിന്റെ പൊലീസ്‌ ലാത്തിച്ചാർജും ടിയർ ഗ്യാസ് ആക്രമണവും നടത്തി. തൊഴിലാളികളെ താമസസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്‌ത്‌ അജ്ഞാതകേന്ദ്രങ്ങളിലേക്ക്‌ മാറ്റി.


പൊലീസ്‌ അതിക്രമം രൂക്ഷമായതോടെ തൊഴിലാളികളുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായി. പൊലീസിനുനേരെ കല്ലെറിയുകയും പൊലീസ്‌വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തു. കണ്ണിൽ കണ്ടവരെയെല്ലാം തല്ലിച്ചതച്ച്‌ നൂറുകണക്കിന്‌ തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌ത്‌, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടച്ചു. പാകിസ്ഥാനാണ് സമരങ്ങൾക്ക് പിറകിലെന്നും തൊഴിലാളി നേതാക്കൾ ഗൂഢാലോചനക്കാരാണെന്നും ചിത്രീകരിച്ചു.


​നോയിഡയിൽ നടക്കുന്ന തൊഴിലാളി സമരത്തിന്‌ പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണവുമായി യുപി തൊഴിൽമന്ത്രി അനിൽ രാജ്‌ഭാറാണ്‌ രംഗത്തെത്തിയത്‌. ‘പ്രതിഷേധം പെട്ടെന്നുണ്ടായതല്ല. വലിയ ഗൂഢാലോചനയാണ്‌ സമരത്തിനുപിന്നിൽ പ്രവർത്തിച്ചത്‌, പാകിസ്ഥാനുമായുള്ള ബന്ധത്തിന്റെ സാധ്യതയെക്കുറിച്ച്‌ അന്വേഷിക്കു’മെന്നും മന്ത്രി പറഞ്ഞിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്‌താവനകൾക്കെതിരെ വ്യാപക പ്രതിഷേധമാണ്‌ ഉയരുന്നത്‌. കനത്ത പ്രതിഷേധമുണ്ടായിട്ടും ഉത്തർപ്രദേശ്‌ സർക്കാർ താൽക്കാലിക വേതന വർധന മാത്രമാണ്‌ പ്രഖ്യാപിച്ചത്‌. ന്യായമായ കൂലി വർധന ആവശ്യം ഉന്നയിച്ച്‌ തൊഴിലാളികൾ സമരം തുടരുന്നു. ​ബിജെപി ഭരിക്കുന്ന യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക്‌ ഒരുവിധ അവകാശങ്ങളും അനുവദിക്കുന്നില്ല.


തൊഴിൽനിയമങ്ങളോ ചട്ടങ്ങളോ പാലിക്കാതെ വ്യവസായ മാനേജ്‌മെന്റുകൾ തൊഴിലാളികളെ കൊടിയ ചൂഷണത്തിന്‌ വിധേയമാക്കുന്നു. സ്‌ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക്‌ ജീവിക്കാനുള്ള വേതനംപോലും നിഷേധിക്കുന്നു. പ്രതിഷേധിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്‌ക്കാനാണ്‌ ഫാക്ടറി ഉടമകളും സർക്കാരും ശ്രമിക്കുന്നത്‌. കൂട്ടപ്പിരിച്ചുവിടലും വ്യാപകമാണ്‌. തുച്ഛവേതനം, അടിസ്ഥാന തൊഴിൽ അവകാശങ്ങളുടെ നിഷേധം, തൊഴിൽ വകുപ്പിന്റെ മാനേജ്‌മെന്റ് അനുകൂല നിലപാടുകൾ തുടങ്ങിയവയാണ്‌ തൊഴിലാളി സമരത്തിന്‌ ആധാരം. ലേബർ കോഡ് വന്നതിനുശേഷം മിനിമം വേതനമെന്ന വ്യവസ്ഥതന്നെ കേന്ദ്രസർക്കാർ ഇല്ലാതാക്കി. പത്ത്‌ മണിക്കൂറിലധികം തൊഴിലാളികൾ പണിയെടുക്കുന്നു. എന്നാൽ, ദിവസവേതനമായി ലഭിക്കുന്നത് 300 രൂപയിൽ താഴെ മാത്രവും. ജീവിതച്ചെലവ് ഗണ്യമായി വർധിക്കുന്പോഴും വേതനം വർധിപ്പിക്കുന്നില്ല.


​വൻകിട മുതലാളിമാരെ പ്രീണിപ്പിക്കുന്നതിന്‌ മോദിസർക്കാർ നടപ്പാക്കിയ തൊഴിലാളിവിരുദ്ധ നിയമങ്ങൾ തൊഴിൽമേഖലയിൽ കടുത്ത ആശങ്കയാണ്‌ ഉയർത്തുന്നത്‌. ബ്രിട്ടീഷ്‌ ഭരണകാലത്തും സ്വാതന്ത്ര്യാനന്തരവും ഇന്ത്യൻ തൊഴിലാളിവർഗം പോരാടി നേടിയ അവകാശങ്ങളുടെ സാക്ഷ്യമായ 29 തൊഴിൽനിയമങ്ങൾ ഇല്ലാതാക്കിയാണ്‌ നാല്‌ ലേബർ കോഡുകൾ നടപ്പാക്കിയത്‌. തോന്നിയപോലെ തൊഴിലാളികളെ പിരിച്ചുവിടാനും ഫാക്ടറികൾ പൂട്ടാനും മുതലാളിമാരെ അനുവദിക്കുന്നതാണ്‌ ഇ‍ൗ കോഡുകൾ. തൊഴിലാളികൾ സംഘടന രൂപീകരിക്കുന്നതടക്കം തടഞ്ഞ്‌ അവകാശപ്പോരാട്ടങ്ങളെ ഇല്ലാതാക്കാനും ജോലിസമയം വർധിപ്പിച്ച്‌ ചൂഷണം ശക്തമാക്കുന്നതിനും പുതിയ തൊഴിൽചട്ടങ്ങൾ വഴിവച്ചു. സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കി, തൊഴിലാളികളെ താൽക്കാലികക്കാരാക്കി അടിമകളാക്കുന്നതിന്‌ സർക്കാർ കണ്ടെത്തിയ മാർഗം.


താൽക്കാലികക്കാർക്ക്‌ തുച്ഛമായ കൂലിക്ക്‌ 12 മണിക്കൂറിലധികം പണിയെടുക്കേണ്ടിവരുമ്പോൾ തൊഴിലാളിവർഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ‘എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം’ എന്ന അവകാശമാണ്‌ കവർന്നെടുക്കപ്പെടുന്നത്‌. നോയിഡയിലെയും പരിസരങ്ങളിലെയും സമരങ്ങൾ സൂചനയാണ്. മോദിസർക്കാരിന്റെ ജനദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കാർഷിക മേഖലയിൽ വളർന്നുവന്ന പ്രക്ഷോഭങ്ങളെപ്പോലെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായ പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home