ad
Deshabhimani

ലീഗിനുമുന്നിൽ ബാക്കിയാകുന്ന ചോദ്യങ്ങൾ

editorial today
വെബ് ഡെസ്ക്

Published on Mar 28, 2026, 12:00 AM | 2 min read

തെരഞ്ഞെടുപ്പുപ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോൾ കേരള പൊലീസ്‌ നടത്തിയ നിർണായകമായ ഒരിടപെടലിന്‌ അധികം മാധ്യമശ്രദ്ധ കിട്ടാതെപോയി. യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങൾക്കെതിരെ അപകീർത്തികരമായ ഫെയ്‌സ്‌ബുക് പോസ്റ്റിട്ടത്‌ ആരെന്ന്‌ പൊലീസ്‌ കണ്ടെത്തിയ സംഭവമാണത്‌. പെരിന്തൽമണ്ണ സ്വദേശിയായ മുസ്ലിംലീഗ്‌, എംഎസ്എഫ്‌ പ്രവർത്തകൻ മാരത്ത്‌ മംഗലത്ത്‌ മുഹമ്മദ്‌ റോഷനാണ്‌ മുസ്ലിംലീഗ്‌‍ പ്രസിഡന്റിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതെന്ന പൊലീസ്‌ കണ്ടെത്തലിന്‌ ഇ‍ൗ തെരഞ്ഞെടുപ്പുവേളയിൽ ചെറുതല്ലാത്ത പ്രാധാന്യമുണ്ട്‌. കാപ്പ കേസ് പ്രതിയെന്ന വിശേഷണമാണ്‌ ഇയാൾക്ക്‌ മാധ്യമങ്ങൾ നൽകുന്നത്‌. ലീഗുമായും എംഎസ്‌എഫുമായും ഇയാൾക്കുള്ള ബന്ധം മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവയ്‌ക്കുന്നത്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ ഇതുകൊണ്ട്‌ അപകടമുണ്ടാകരുതെന്ന കരുതലോടെയാണ്‌.


തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മര്യാദകളെയും പുലർത്തേണ്ട മാന്യതകളെയുംകുറിച്ച്‌ ഒരുപാട്‌ ആലോചനകൾക്ക്‌ വഴിവയ്‌ക്കുന്നതാണ്‌ ഇ‍ൗ സംഭവം. പുറത്തുനടക്കുന്ന തെരഞ്ഞെടുപ്പുപ്രചാരണ ഘോഷങ്ങൾ അതേതീവ്രതയോടെ സമൂഹമാധ്യമങ്ങളിൽ മാറ്റൊലിക്കൊള്ളുന്പോൾ പ്രത്യേകിച്ചും ഇ‍ത്തരം സംഭവങ്ങൾക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. ഇപ്പോൾ ഒളിവിലുള്ള മുഹമ്മദ്‌ റോഷൻ 21നാണ്‌ ഷാനുഷാനു എന്ന വ്യാജ ഫെയ്‌സ്‌ബുക് അക്ക‍ൗണ്ട്‌ ഉണ്ടാക്കി സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട്‌ ഫോട്ടോ പോസ്റ്റ്‌ ചെയ്‌തത്‌. സൈബർലോകത്ത്‌ ഇടപെടുന്ന പ്രവാസിയായ അഫ്‌സൽ പാണക്കാടിനെ ഫോളോ ചെയ്യാനുള്ള ക്രിമിനൽ ബുദ്ധിയും ഇയാൾ കാണിച്ചു.


അഫ-്‌സലിന് തവനൂർ എംഎൽഎയും മുൻമന്ത്രിയുമായ കെ ടി ജലീലുമായും മറ്റ്‌ ഇടതുപക്ഷ നേതാക്കളുമായും സ‍ൗഹൃദമുള്ളതിനാൽ ഇ‍ൗ പോസ്റ്റ്‌ ഇടതുപക്ഷ അനുകൂലികളുടെ സൃഷ്‌ടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളുമായി ലീഗ്‌, കോൺഗ്രസ്‌ നേതാക്കൾ പൊടുന്നനെ രംഗത്തിറങ്ങി.

മുതിർന്ന ലീഗ്‌ നേതാവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ പി കെ അബ്‌ദുറബ്ബ്‌, സ്‌ത്രീപീഡനക്കേസുകളിൽ പ്രതിസ്ഥാനത്തുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അടക്കം നിരവധി യുഡിഎഫ്‌ നേതാക്കൾ സിപിഐ എമ്മിനെതിരെ ചാടിവീണു. ലീഗിനെതിരെയുള്ള ഇടതുപക്ഷ ആക്രമണം ഇസ്ലാമിനെതിരെയുള്ള ആക്രമണമാണെന്ന തരത്തിലുള്ള പ്രകോപനങ്ങളാണ്‌ പല യുഡിഎഫ്‌ നേതാക്കളുടെയും പോസ്റ്റുകളിൽനിന്നുമുണ്ടായത്‌. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ സമൂഹത്തിൽ ഭിന്നത സൃഷ്‌ടിച്ച്‌ മുതലെടുക്കുകയായിരുന്നു ലക്ഷ്യം. പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായിരിക്കുന്പോൾ പ്രതിയെ കണ്ടെത്താനാകില്ലെന്നും അവർ പ്രവചിച്ചു. ഇതിനിടെ അഫ്‌സലിനെ വിദേശത്തുവച്ച്‌ അപായപ്പെടുത്തുമെന്ന്‌ ഭീഷണിയുണ്ടായി. ജോലി നഷ്‌ടപ്പെട്ടെന്നും സ‍ൗദിയിലെ ജയിലിലടച്ചെന്നും പ്രചാരണമുണ്ടായി.


തികച്ചും നിരുത്തരവാദപരമായി ഇടപെട്ട ലീഗ്‌, കോൺഗ്രസ്‌ നേതാക്കൾ വസ്‌തുത പുറത്തുവന്നശേഷം മിണ്ടിയിട്ടില്ല. മുഹമ്മദ്‌ റോഷൻ ഉൾപ്പെട്ട തട്ടിപ്പുസംഘമാണ്‌ ഫെയ്‌സ്‌ബുക്‌ പോസ്റ്റിനുപിന്നിലെന്ന്‌ ലീഗ്‌ നേതാക്കൾക്ക്‌ അറിയാമായിരുന്നു എന്ന വസ്‌തുത പുറത്തുവന്നതോടെ യുഡിഎഫ്‌ നേതാക്കളുടെ കാപട്യം കൂടുതൽ വെളിപ്പെട്ടിരിക്കുന്നു. ജനുവരി 30നുതന്നെ സാദിഖലി തങ്ങളുടെ ജ്യേഷ്‌ഠപുത്രനും ലീഗ്‌ നേതാവുമായ മുഇ‍ൗൻ അലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ മാളിലേക്ക്‌ വിളിച്ചുവരുത്തി ഇ‍ൗ ചിത്രങ്ങൾ റോഷനും സംഘവും കാണിച്ചുകൊടുത്തിരുന്നു എന്നാണ്‌ പൊലീസിന്‌ ലഭിച്ച വിവരം.


വാസ്‌തവം ഇതായിരിക്കെ സിപിഐ എം നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും മുഖ്യമന്ത്രിയടക്കമുള്ളവരെ ആക്ഷേപിക്കുകയും നാട്ടിൽ കലാപത്തിന്‌ വിത്തുവിതയ്‌ക്കാൻ കൂട്ടുനിൽക്കുകയുമാണ്‌ യുഡിഎഫ്‌ നേതൃത്വം ചെയ്‌തത്‌. ഒന്നു വഴിമാറിയിരുന്നെങ്കിൽ വലിയ ആക്രമണങ്ങളിലേക്കും ഏറ്റുമുട്ടലുകളിലേക്കും ചെന്നെത്തുമായിരുന്ന കാര്യങ്ങളാണ്‌ സർക്കാരിന്റെ ജാഗ്രതയിലും പൊലീസിന്റെ ഇടപെടലിലും ഒഴിവായത്‌. ചിത്രങ്ങൾ കാട്ടിയുള്ള ബ്ലാക്ക്‌മെയിലിങ്ങാണ്‌ നടന്നതെന്ന്‌ പൂർണമായ അറിവുണ്ടായിട്ടും അക്കാര്യം പൊലീസിനെ അറിയിക്കാതിരുന്നത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ ലീഗ്‌ നേതൃത്വം മറുപടി പറഞ്ഞേതീരൂ.


15 കോടി രൂപ നൽകിയില്ലെങ്കിൽ ചിത്രം പരസ്യപ്പെടുത്തുമെന്ന്‌ ജനുവരി 31ന്‌, അതായത്‌ രണ്ടുമാസംമുമ്പ് തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ എന്തുകൊണ്ടാണ്‌ പിന്നീട്‌ പടം പുറത്തുവിട്ടയാളെക്കുറിച്ച്‌ ലീഗ്‌ നേതാക്കൾ പൊലീസിനോട്‌ വെളിപ്പെടുത്താതിരുന്നത്‌ എന്ന ചോദ്യവും ബാക്കിയാകുന്നു. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളിൽ നിജസ്ഥിതി പരിശോധിക്കാതെ നിലപാടെടുക്കുന്നവർക്കും അഭിപ്രായം പറയുന്നവർക്കും മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കും ഒരു പാഠമാണ്‌ ഇ‍ൗ സംഭവം.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home