ad
Deshabhimani

മുണ്ടക്കൈ, ചൂരൽമല ; മോദിച്ചതിയുടെ ബാക്കിപത്രം

mundakkai chooralmala tragedy
വെബ് ഡെസ്ക്

Published on Oct 04, 2025, 12:00 AM | 2 min read


​ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ട മുന്നൂറോളം മനുഷ്യർ. അവരുടെ ഉറ്റവർ. ഒരായുസ്സിന്റെ സന്പാദ്യമത്രയും നഷ്‌ടപ്പെട്ടവർ. മരണംവരെ തുടരുന്ന മാനസികാഘാതത്തോടെ 14 മാസമായി ജീവിതം നയിക്കുന്നവർ. അവരെ സഹായിക്കുന്നില്ലെങ്കിൽ വേണ്ട, നിരന്തരമായി ഒരു ജനതയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതെങ്കിലും അവസാനിപ്പിച്ചുകൂടേ? വയനാടിനോടുള്ള കേന്ദ്രസർക്കാരിന്റെ ക്രൂരതകളെ ഏതു കഠിനപദങ്ങൾകൊണ്ട്‌ വിമർശിച്ചാലാണ്‌ മതിയാകുക.


ദുരിതബാധിതരായ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യരെയും ആ നാടിനെയും പിടിച്ചുയർത്തുന്നതിനായി 2221.03 കോടി രൂപ കേരള സർക്കാർ ആവശ്യപ്പെട്ടിടത്ത്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തിലുള്ള സമിതി അനുവദിച്ചത്‌ 260.56 കോടി രൂപമാത്രം. അതും ദീർഘമായ കാത്തിരിപ്പിനൊടുവിൽ. അതേസമയം, ബിജെപി ഭരിക്കുന്ന അസമിന്‌ വിവിധ ഇനങ്ങളിലായി 2160 കോടി രൂപയാണ്‌ സമിതി അനുവദിച്ചത്‌.


വയനാട്‌ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ജനങ്ങൾക്ക്‌ ബിജെപി സർക്കാർ വച്ചുനീട്ടുന്ന ഒ‍ൗദാര്യം ഇത്രയും തുച്ഛമാണെന്നത്‌ ഒരു മലയാളിയെയും ആശ്ചര്യപ്പെടുത്തുന്നില്ല എന്നതാണ്‌ വാസ്‌തവം. കാരണം വയനാടിനോടും കേരളത്തിനോടുമുള്ള ചതിയുടെ പരന്പരയിലെ ഏറ്റവും പുതിയ അധ്യായമാണിത്‌. കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിപോലും ഇല്ലാത്ത തീവ്രമായ ആ ദുരന്തമുണ്ടായതിനുപിന്നാലെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ആ സന്ദർശനം വെറുമൊരു ഫോട്ടോ ഷൂട്ടിനുള്ള സന്ദർഭം മാത്രമായിരുന്നു. പ്രധാനമന്ത്രി പ്രത്യേക ദുരിതാശ്വാസ പാക്കേജ്‌ പ്രഖ്യാപിക്കുമെന്ന മോഹം വെറുതെയായി. പകരം വിശദ നിവേദനം നൽകാൻ ആവശ്യപ്പെട്ടു. 1202.12 കോടി രൂപയുടെ നഷ്ടം കണക്കാക്കി ആഗസ്‌ത്‌ 17ന്‌ നിവേദനം നൽകി. പുനരധിവാസത്തിന്‌ പിഡിഎൻഎ (പോസ്റ്റ്‌ ഡിസാസ്റ്റർ നീഡ്‌സ്‌ അസസ്‌മെന്റ്‌) പരിശോധനയിൽ 2221.03 കോടി രൂപയാണ്‌ ചെലവ്‌ കണക്കാക്കിയത്‌. അതുപ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2221.03 കോടി ആവശ്യപ്പെട്ടു. പാക്കേജ്‌ പ്രഖ്യാപിച്ചില്ലെന്ന ചതിക്കുപിന്നാലെയാണ്‌ പിഡിഎൻഎ റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്‌. അതിന്മേൽ മാസങ്ങൾ അടയിരുന്നു. ചതിയുടെ അടുത്തഘട്ടമായിരുന്നു അത്‌.


പ്രധാനമന്ത്രി മേപ്പാടിയിൽ എത്തിയതിനുപിറകെ കേന്ദ്രസംഘം ദുരന്തഭൂമി സന്ദർശിച്ചു. ദുരന്തത്തെ അതിതീവ്ര ദുരന്തമായ എൽ 3–യിൽ ഉൾപ്പെടുത്തുന്നതിന്റെ സമയം വൈകിയതിനാൽ കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന സഹായം നഷ്ടമാക്കി. നഷ്ടപരിഹാരമായി ഒരുരൂപപോലും അനുവദിച്ചില്ല. കടം തള്ളാതിരിക്കാൻ നിയമംതന്നെ കേന്ദ്രം മാറ്റിയെഴുതി. അപ്പോഴും ദുരിതബാധിതരുടെ കടം എഴുതിത്തള്ളി കേരള ബാങ്ക്‌ മാതൃകയായി. ആശുപത്രിയിൽ ചെന്ന്‌ പ്രധാനമന്ത്രി മോദി ലാളിച്ച്‌ ആശ്വസിപ്പിച്ച പിഞ്ചുകുഞ്ഞിന്റെ കുടുംബത്തിനടക്കം ടൗൺഷിപ്പിൽ വീട്‌ ഒരുക്കിയാണ്‌ സംസ്ഥാന സർക്കാർ കേന്ദ്രവഞ്ചനയോട്‌ മധുരമായി പ്രതികരിക്കുന്നത്‌.


മുണ്ടക്കൈയും ചൂരൽമലയും ഉരുളെടുത്തപ്പോൾ കൈമെയ്‌ മറന്ന്‌ ആ നാടിനൊപ്പം നിന്ന കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷോപലക്ഷം ജനങ്ങളെയാണ്‌ മോദിസർക്കാർ പരിഹസിക്കുന്നത്‌. മണ്ണിനടിയിൽ കുടുങ്ങിയത്‌ തങ്ങളുടെ സഹോദരങ്ങളാണെന്ന്‌ കണക്കാക്കി ജീവൻപോലും വകവയ്‌ക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മനുഷ്യരുടെ മുഖത്ത്‌ നോക്കി മറ്റൊരു ക്രൂരപരിഹാസവും കഴിഞ്ഞദിവസം പ്രധാനമന്ത്രിയിൽനിന്നുണ്ടായി. വയനാട്‌ ദുരന്തമുണ്ടായപ്പോൾ ആശ്വാസമേകാൻ ആദ്യമെത്തിയത്‌ കാക്കി യൂണിഫോം അണിഞ്ഞ ആർഎസ്‌എസ്‌ പ്രവർത്തകരാണെന്ന പച്ചനുണയാണ്‌ ഒരുളുപ്പുമില്ലാതെ പ്രധാനമന്ത്രി ലോകത്തിനുമുന്നിൽ വിളന്പിയത്‌.


മോദിയെയും ബിജെപിയെയും മാത്രമല്ല, വയനാടിനുവേണ്ടി സ്വരൂപിച്ച പണം മുക്കിയ കോൺഗ്രസിനെയും ലീഗിനെയുംകൂടി കേരളത്തിലെ ജനങ്ങൾ വിചാരണ ചെയ്യേണ്ട സമയമാണിത്‌. കൂലിപ്പണിയെടുത്തും ആക്രി വിറ്റും ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകൾ സ്വരൂപിച്ച തുക വീടുവയ്‌ക്കാനായി സർക്കാരിന്‌ കൈമാറിയപ്പോൾ, ഇ‍ൗ ദുരന്തത്തെയും സ്വന്തം കീശവീർപ്പിക്കാനുള്ള ഉപാധിയാക്കുന്ന പ്രതിപക്ഷ പാർടികളുടെ മനുഷ്യത്വഹീനമായ നടപടിക്കും കേരളം സാക്ഷിയായി. വീടുകൾ നിർമിച്ചുകൊടുക്കുമെന്ന കെപിസിസിയുടെയും യൂത്ത്‌ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയുമെല്ലാം വാഗ്‌ദാനം ജലരേഖയായി. സെപ്തംബറിൽ കെപിസിസിയുടെ വീടുകൾ ഉയരുമെന്ന പ്രഖ്യാപനംമാത്രം ബാക്കി. ഒക്‌ടോബർ പിറന്നിട്ടും വീടെവിടെ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. പിരിച്ച കോടികൾ എന്തുചെയ്‌തെന്ന ചോദ്യം കെപിസിസി നേതൃത്വത്തിനുമുന്നിൽ തൂങ്ങിയാടുന്നുണ്ട്‌. ബിജെപിയുടെയും യുഡിഎഫിന്റെയും നിരന്തരമായ വഞ്ചനകൾ ഒരു ഭാഗത്ത്‌ നിൽക്കുന്പോൾ, സംസ്ഥാനം സ്വന്തമായി പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്‌. കൽപ്പറ്റയിൽ ട‍ൗൺഷിപ് നിർമാണം പുരോഗമിക്കുന്നു. ജനുവരിയോടെ നിശ്ചയിച്ച വീടുകൾ പൂർത്തിയാക്കാനാകുമെന്ന ആത്മവിശ്വാസത്തോടെയാണ്‌ സർക്കാരിന്റെ പ്രവർത്തനം. കേന്ദ്ര അവഗണനയൊന്നും വയനാട്‌ എംപി പ്രിയങ്ക ഗാന്ധിയടക്കം യുഡിഎഫിന്റെ പാർലമെന്റ്‌ അംഗങ്ങളെ അലട്ടിയിട്ടില്ല. പ്രിയങ്ക ഗാന്ധി ഒരുരൂപപോലും ദുരിതാശ്വാസത്തിന് നൽകിയിട്ടില്ല.


കേരളത്തിലെ ജനങ്ങളെ ശത്രുക്കളായി കണക്കാക്കി പകപോക്കുന്ന മോദിസർക്കാരിനെതിരെയും നാടിനെ വഞ്ചിക്കുന്ന യുഡിഎഫിനെതിരെയും ശക്തമായ ജനവികാരം പ്രതിഫലിപ്പിക്കേണ്ട സമയമാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home