ലജ്ജാവഹം മോദിയുടെ മൗനം

പ്രകോപനമൊന്നുമില്ലാതെ പരമാധികാര രാഷ്ട്രമായ ഇറാനുനേരെ അതിരൂക്ഷമായ ആക്രമണം അഴിച്ചുവിടുകയും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്രയേൽ–യുഎസ് കൂട്ടുകെട്ടിന്റെ നടപടി ലോകമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കൊടിയ അനീതിയും അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനവുമാണ് ഇതെന്ന കാര്യത്തിൽ ധാർമികബോധമുള്ള ആർക്കും സംശയമുണ്ടാകില്ല. എന്നിട്ടും ട്രംപ്-–നെതന്യാഹു സഖ്യത്തിന്റെ കാട്ടുനീതിക്കെതിരെ ഒരക്ഷരം ഉരിയാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായില്ല എന്നത് ഓരോ ഇന്ത്യക്കാരനെയും ലജ്ജിപ്പിക്കുന്നു.
യുഎസിന്റെ പിന്തുണയോടെ ഇസ്രയേൽ ഏകപക്ഷീയമായി തുടങ്ങിവച്ച യുദ്ധത്തെ അപലപിക്കാനോ ഇന്ത്യയുടെ ചിരകാലസുഹൃത്തായ ഇറാന്റെ പരമോന്നത നേതാവിന്റെ അരുംകൊലയിൽ ഔപചാരികമായെങ്കിലും ഒന്ന് അനുശോചിക്കാൻപോലുമോ നരേന്ദ്ര മോദി തയ്യാറായില്ല. ഇന്ത്യയുടെ വിദേശനയത്തിന്റെ ഗതി എവിടേക്കാണെന്ന ആപത്‌സൂചന ഈ മൗനത്തിൽനിന്ന് വായിച്ചെടുക്കാൻ കഴിയും.
ആണവപദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ല എന്ന സാങ്കേതിക കാരണത്തിന്റെ പേരിൽ ഒരുവർഷത്തിനിടെ ഇത് രണ്ടാംതവണയാണ് ഇറാനിൽ ഇസ്രയേൽ–യുഎസ് സഖ്യസൈന്യം ആക്രമണം നടത്തുന്നത്. ശനിയാഴ്ച തുടങ്ങിവച്ച ബോംബുവർഷത്തിൽ ആദ്യദിവസംതന്നെ പിടഞ്ഞുമരിച്ചത് തെക്കൻ ഇറാനിലെ ഒരു എലിമെന്ററി സ്കൂളിലെ 150ലധികം കുട്ടികളാണ്. രണ്ടാംദിവസം ഇറാന്റെ പരമോന്നത നേതാവും കുടുംബാംഗങ്ങളും ഉന്നതനേതാക്കളും കൊല ചെയ്യപ്പെട്ടു. സാധാരണ ജനങ്ങൾ എത്രപേർ കൊല്ലപ്പെട്ടുവെന്ന വിവരങ്ങൾ ലഭ്യമല്ല. ഇറാന്റെ മിസൈൽശേഖരം പൂർണമായും നശിപ്പിക്കുകയും ആണവപദ്ധതി തകർക്കുകയും നാവികസേനയെ മുച്ചൂടും തുടച്ചുനീക്കുകയും ചെയ്യാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഏറ്റവും ഒടുവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യങ്ങളും അതിർത്തികളുമൊക്കെ രൂപംകൊള്ളുന്നതിനുമുന്നേ പൗരാണിക കാലംമുതൽക്കേ ഇന്ത്യക്കും ഇറാനുമിടയിൽ സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകൾ നടന്നിരുന്നു. ഇന്ത്യൻ മണ്ണിൽ നിലനിൽക്കുന്ന പാഴ്സി ജനതയും പേർഷ്യൻ ഭാഷയും സംസ്കാരവും അതിന്റെ മുദ്രകളാണ്. സ്വാതന്ത്ര്യപ്രാപ്തിക്ക് തൊട്ടുപിന്നാലെ 1950ൽ ഇറാനുമായി സൗഹൃദക്കരാർ ഉണ്ടാക്കാൻ ഇന്ത്യക്ക് പ്രേരകമായതും ഈ ചിരപുരാതന ബന്ധംതന്നെയായിരുന്നു. രാഷ്ട്രീയവും സൈനികവുമായ സഹകരണം ഊട്ടിയുറപ്പിക്കുന്ന 2001ലെ തെഹ്റാൻ പ്രഖ്യാപനവും 2003ലെ ന്യൂഡൽഹി പ്രഖ്യാപനവും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തിലെ നാഴികക്കല്ലുകളാണ്. ഏറ്റവും ഒടുവിൽ, ഇന്ത്യയുടെ സഹകരണത്തോടെ ഇറാന്റെ മണ്ണിൽ പൂർത്തിയായിവരുന്ന ചബഹർ തുറമുഖപദ്ധതി ഇതിനെല്ലാം മകുടം ചാർത്തുന്നു. സഹസ്രാബ്ദങ്ങളായി സാംസ്കാരികസൗഹൃദവും 75 വർഷമായി നയതന്ത്രസൗഹൃദവും പുലർത്തുന്ന ഒരു രാജ്യത്തിനുനേരെ ഉണ്ടായ കടന്നാക്രമണത്തെ അപലപിക്കാനോ അവരുടെ പരമോന്നത നേതാവിന്റെ അതിദാരുണ കൊലപാതകത്തിൽ അനുശോചിക്കാനോ കഴിയാത്തവിധം മോദിയുടെ വായ പൊത്തിയിരിക്കുന്നത് ഏത് കൈകളാണ് ?
പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ വിദേശകാര്യനയത്തിൽ ആദ്യമായി മാറ്റംവരുന്നത് വാജ്പേയി സർക്കാരിന്റെ കാലത്തും അത് ഇസ്രയേലിനോടുള്ള ഉറച്ച ആഭിമുഖ്യമായി മാറുന്നത് മോദി ഭരണകാലത്തുമാണ്. മതരാഷ്ട്രവാദത്തിൽ ഊന്നുന്ന പ്രത്യയശാസ്ത്രത്തിന്റെ പേരിൽ സയണിസത്തിനും ഹിന്ദുത്വരാഷ്ട്രീയത്തിനുമുള്ള സമാനത ബിജെപി അധികാരത്തിലെത്തിയതോടെ ഇസ്രയേലുമായി അടുക്കാൻ പ്രേരണയായി. ഇസ്രയേലുമായി സൈനികകാര്യങ്ങളിലടക്കം വ്യാപകമായ സഹകരണമാണ് മോദി ഭരണത്തിനുകീഴിൽ ഇന്ത്യക്കുള്ളത്. ഇന്ത്യൻ ഭരണകൂടത്തിൽ ഇസ്രയേലിനുള്ള അമിതസ്വാധീനവും രഹസ്യമല്ല. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. പ്രത്യയശാസ്ത്രപരമായ സൗഹൃദവും രാഷ്ട്രീയവും ഭരണപരമായ വിധേയത്വവും ഇന്ത്യ ഇസ്രയേലിനോട് പുലർത്തുന്നു എന്നതിനാലാണ് ഇന്ത്യയെക്കൂടി ഗുരുതരമായി ബാധിക്കുന്ന ഒരു അന്താരാഷ്ട്രപ്രതിസന്ധിയിൽ നാണംകെട്ട നിലയിൽ മൗനം ദീക്ഷിക്കാൻ മോദി നിർബന്ധിതനായത്. ഇന്ത്യ–പാക് സംഘർഷത്തിൽമുതൽ വ്യാപാരക്കരാറിൽവരെ ഇന്ത്യയുടെ അന്തസ്സിനെ ഹനിക്കുന്നതരത്തിൽ ട്രംപ് നടത്തിയ പ്രസ്താവനകളോട് പുലർത്തിയ മൗനവും ഇത്തരത്തിലുള്ളതായിരുന്നുവെന്നും ഓർക്കേണ്ടതാണ്.
ഇറാനിൽ ഇസ്രയേൽ–യുഎസ് സഖ്യത്തിന്റെ കടന്നുകയറ്റത്തെ അപലപിക്കുന്നതിൽ ഇന്ത്യൻ ഭരണനേതൃത്വം പരാജയപ്പെട്ടപ്പോൾ, ആ ധർമം നിർവഹിച്ചത് പ്രതിപക്ഷകക്ഷികളാണ്. ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സിപിഐ എം, ‘തെമ്മാടിരാഷ്ട്ര'മായ ഇസ്രയേൽ എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും മര്യാദകളും ലംഘിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കോൺഗ്രസും സിപിഐയും കടന്നുകയറ്റത്തെ അപലപിച്ചു.
വലതുപക്ഷ രാഷ്ട്രീയനേതൃത്വങ്ങൾ മൗനംപാലിക്കുമ്പോഴും യുഎസ്-–ഇസ്രയേൽ കാട്ടാളത്തത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നുവെന്നത് ഇരുളിനിടയിലെ രജതരേഖയാണ്. വാഷിങ്ടൺ ഡിസിയടക്കമുള്ള യുഎസ് നഗരങ്ങളിലും യൂറോപ്പിലും ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിലും പ്രതിഷേധം തുടരുന്നു. അനീതിക്കെതിരായ ലോകമനസ്സാക്ഷിയുടെ ശബ്ദമായി അത് മാറുന്നു. അവിടെ ഇന്ത്യയുടെ മൗനം അപമാനമായി അവശേഷിക്കും.










0 comments