Deshabhimani

print edition മോദിയുടെ വിമർശം കാപട്യത്തിന്റെ പരകോടി

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 21, 2026, 01:00 AM | 2 min read

രാജ്യത്തെ വ്യവസായപ്രമുഖരുടെ സാന്നിധ്യത്തിൽ അവർ നയിക്കുന്ന കോർപറേറ്റുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശിതമായി വിമർശിച്ചത്രേ. ദ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ ചേംബേഴ്‌സ്‌ ഓഫ്‌ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രീസിന്റെ (ഫിക്കി) വാർഷികയോഗത്തിൽ വ്യാഴാഴ്‌ച മുഴങ്ങിക്കേട്ടത്‌ കോർപറേറ്റുകൾക്കെതിരെ ആഞ്ഞടിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗമായിരുന്നു എന്നാണ്‌ മോദിയുടെ ലാളന ആവോളം ഏറ്റുവാങ്ങുന്ന ഗോദി മീഡിയയുടെ പെരുമ്പറ മുഴക്കൽ. സർക്കാർ നൽകുന്ന നികുതി ഇളവുകളിൽനിന്ന്‌ ലാഭം കീശയിലാക്കുന്ന കോർപറേറ്റ്‌ മേധാവികൾ തൊഴിലവസരം സൃഷ്‌ടിക്കാനും തൊഴിലാളികളുടെ വേതനം കൂട്ടാനും ശ്രമിക്കുന്നില്ലെന്നാണ്‌ മോദിയുടെ വിമർശം. 2014ൽ 30 ശതമാനമായിരുന്ന കോർപറേറ്റ്‌ നികുതി 22 ശതമാനമായി കുറച്ചതും നികുതി റിട്ടേണും റീഫണ്ട്‌ പ്രക്രിയയും ലളിതമാക്കിയതും ജിഎസ്‌ടി കുറച്ചതും വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താനായിരുന്നുപോലും. എത്ര ഇളവ്‌ കിട്ടിയാലും കോർപറേറ്റുകൾക്ക്‌ മതിയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഇത്രയൊക്കെയായിട്ടും ജീവനക്കാരുടെ ശന്പളം വർധിപ്പിക്കാനോ തൊഴിലാളികളുടെ എണ്ണം കൂട്ടാനോ തയ്യാറായില്ലെന്നും വിമർശം തുടർന്നു.


ഇ‍ൗ വിമർശം നരേന്ദ്ര മോദിയുടെ പതിവുകാപട്യങ്ങളുടെ പരകോടിയാണെന്ന്‌ പറയേണ്ടിവരികയാണ്‌. എല്ലാ ഇളവുകളും രാജ്യത്തെ വിഭവങ്ങളും കോർപറേറ്റുകൾക്ക്‌ വാരിക്കോരി സമ്മാനിച്ചയാളുടെ ഇ‍ൗ പ്രതികരണങ്ങളെ വിമർശങ്ങൾ എന്നല്ല കപടമായ വാചാടോപം എന്നേ വിശേഷിപ്പിക്കാനാകൂ. തൊഴിലാളികളെ തൊഴിലുടമകളുടെ അടിമകളാക്കാൻവേണ്ടി ലേബർ കോഡുകൾ നടപ്പാക്കിയ പ്രധാനമന്ത്രിയാണ്‌ ഒരു സുപ്രഭാതത്തിൽ വന്ന്‌ തൊഴിലാളികൾക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്‌. കോർപറേറ്റുകൾക്ക് അനുകൂലമായി നവ ഉദാര സാമ്പത്തികനയങ്ങൾ വാശിയോടെ നടപ്പാക്കുന്നത്‌ മോദി ഉൾപ്പെടെയുള്ളവരാണ്‌. ആ നയങ്ങളുടെ ഏറ്റവും ശക്തനായ വക്താവ്‌ എന്നനിലയ്‌ക്ക്‌ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് പ്രധാനമന്ത്രിക്ക്‌ ഒഴിഞ്ഞുമാറാനാകില്ല.


കോർപറേറ്റുകൾക്ക് വൻതോതിൽ നികുതിയിളവുകൾ നൽകുകയും പൊതുമേഖലാ സ്ഥാപനങ്ങളും പ്രകൃതിവിഭവങ്ങളും സ്വകാര്യ മൂലധനത്തിന് തുറന്നുകൊടുക്കുകയും തൊഴിൽനിയമങ്ങളിൽ പൂർണമായും തൊഴിലുടമകൾക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തശേഷം, തൊഴിലവസരങ്ങളും വേതനവർധനയും ഉണ്ടാക്കാത്തതിനെക്കുറിച്ച്‌ വിലപിക്കുന്നതിൽ എന്ത്‌ സാംഗത്യമാണുള്ളത്‌. അദാനിയും അംബാനിയും ടാറ്റയും അടക്കമുള്ള കോർപറേറ്റുകൾക്ക്‌ സാന്പത്തികാനുകൂല്യങ്ങൾ നൽകുന്പോൾ അതിനനുസൃതമായി തൊഴിലും വേതനവും നിക്ഷേപവും വർധിച്ചിട്ടുണ്ടോയെന്ന്‌ സർക്കാർ ഇതേവരെ പരിശോധിച്ചിട്ടുണ്ടോ? തൊഴിലാളികളുടെ വരുമാനവും സാമൂഹികസുരക്ഷയും മെച്ചപ്പെടുത്തുന്നതിൽ സർക്കാർ നയപരമായ ഉത്തരവാദിത്വം കാണിച്ചിട്ടുണ്ടോ? ഇ‍ൗ ചോദ്യങ്ങളാണ്‌ തിരിച്ച്‌ പ്രധാനമന്ത്രിയോട്‌ ഇന്ത്യയിലെ തൊഴിലാളികളടക്കമുള്ള സാധാരണ മനുഷ്യർക്ക്‌ ചോദിക്കാനുള്ളത്‌.


2025 ആഗസ്ത്‌ അഞ്ചിന് ധനമന്ത്രാലയം രാജ്യസഭയിൽ നൽകിയ മറുപടിയിലെ കണക്കുപ്രകാരം കോർപറേറ്റ് നികുതി ഇളവുമൂലം രാജ്യത്തിന്റെ ഖജനാവിനുണ്ടായ വരുമാന നഷ്‌ടത്തിന്റെ കണക്കുകൾ ഇങ്ങനെയാണ്‌: 2019–20ൽ 94,109.83 കോടി‍, 2020–21ൽ 75,218.02 കോടി‍, 2021–22ൽ 96,892.39 കോടി‍, 2022–23ൽ 88,109.27 കോടി, 2023–24ൽ 98,999.57 കോടി. അഞ്ചുവർഷത്തെ ആകെ നഷ്‌ടം 4,53,329 കോടി രൂപ.


രാജ്യത്തിന്റെ ഖജനാവിൽ എത്തേണ്ട നാലരലക്ഷം കോടി രൂപ കോർപറേറ്റുകളുടെ കീശയിലേക്ക്‌ പോകുന്പോൾ നിക്ഷേപത്തിലേക്കും തൊഴിലവസരസൃഷ്‌ടിയിലേക്കും അവർ എത്ര കോടി ഉപയോഗിച്ചു എന്ന്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കേണ്ട ബാധ്യത കേന്ദ്രസർക്കാരിനുതന്നെയാണ്‌. അതിനു തയ്യാറാകാതെ ഇത്തരം നാടകങ്ങൾ നടത്തുന്നതിൽ എന്താണർഥം.


മാത്രമോ, കേന്ദ്രസർക്കാർ പാർലമെന്റിൽ വച്ച 2024–25ലെ സാന്പത്തിക സർവേപ്രകാരം 2023–24ൽ കോർപറേറ്റ്‌ ലാഭത്തിന്റെ വളർച്ചനിരക്ക്‌ 22.3 ശതമാനമാണെങ്കിൽ തൊഴിലവസരവളർച്ച വെറും 1.5 ശതമാനംമാത്രം. കോർപറേറ്റുകളുടെ ലാഭം വർധിപ്പിക്കാൻ നികുതിയിളവുകൾ നൽകുന്ന സർക്കാർതന്നെയാണ്‌ പൊതുമേഖലയുടെ പങ്ക് കുറയ്‌ക്കുന്നതും ലേബർ കോഡുകൾ നടപ്പാക്കുകവഴി തൊഴിൽവിപണിയിൽ തൊഴിലുടമകൾക്ക് കൂടുതൽ വഴക്കം നൽകുന്നതും. ഉപാധികളില്ലാതെ കോർപറേറ്റ്‌ സേവയ്‌ക്ക്‌ മോദിയും അദ്ദേഹം നയിക്കുന്ന എൻഡിഎ സർക്കാരും തിടുക്കംകാണിക്കുന്നു; എന്നാൽ തൊഴിലാളികളുടെ യഥാർഥ വരുമാന വളർച്ചയും തൊഴിൽസുരക്ഷയും ഉറപ്പാക്കുന്നതിലും അവരുടെ വാങ്ങൾശേഷി വർധിപ്പിക്കുന്നതിലും അമാന്തം കാണിക്കുന്നു. അതൊന്നും തങ്ങളുടെ പരിഗണനാവിഷയമായി കേന്ദ്രസർക്കാർ കാണുന്നില്ല എന്നതാണ്‌ ഇത്രയുംകാലത്തെ അനുഭവം.


വ്യാഴാഴ്‌ചത്തെ ഫിക്കി പ്രസംഗത്തിനുശേഷം കോർപറേറ്റുകൾക്കുള്ള ഇളവുകളിൽ ഉടൻ നിയന്ത്രണം കൊണ്ടുവരുമെന്ന്‌ ആരും കരുതുന്നില്ല. കാരണം ബിജെപിയും കോൺഗ്രസും അടക്കമുള്ള പാർടികൾക്ക്‌ തെരഞ്ഞെടുപ്പിനും ദൈനംദിനപ്രവർത്തനങ്ങൾക്കുമുള്ള സഹസ്രകോടികൾ കൈമാറുന്നത്‌ ഇ‍തേ കോർപറേറ്റുകളാണെന്ന്‌ ഇലക്‌ടറൽ ബോണ്ടുകൾ സംബന്ധിച്ച വെളിപ്പെടുത്തലിൽ വ്യക്തമായതാണ്‌.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Columbia

01

print edition കൊളംബിയയിൽ ജനകീയ പ്രക്ഷോഭം
T N Prathapan

02

print edition പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു
Fisherman

03

print edition മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‌ പൂട്ട്‌
guruvayoor temple

04

print edition ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ: ഗുരുവായൂരിൽ വനിതകൾക്ക് ദർശനത്തിന് പ്രത്യേക വരി
V Sivankutty

05

print edition ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ 
ലീഗ്‌ മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി
deshabhimani section

Recommended

Deshabhimani
Home