ad
Deshabhimani

print edition സാമ്പത്തിക വളർച്ചയിലും മോദി സർക്കാരിന്റെ കബളിപ്പിക്കൽ

editorial.
വെബ് ഡെസ്ക്

Published on Sep 04, 2026, 01:31 AM | 2 min read

രാജ്യത്തിന്റെ സമ്പദ്‌ഘടന നടപ്പുസാമ്പത്തികവർഷം ആദ്യപാദത്തിൽ 7.8 ശതമാനം വളർച്ച കൈവരിച്ചുവെന്ന മോദി സർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന്‌ കൂടുതൽ വ്യക്തമാകുകയാണ്‌. സാമ്പത്തിക വളർച്ചയുടെ ‘തിളങ്ങുന്ന’ ചിത്രം പുറത്തുവന്നതിനു പിന്നാലെ, കണക്കുകളുടെ വിശ്വാസ്യത ചോദ്യംചെയ്‌ത്‌ മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് തന്നെ രംഗത്തെത്തിയത് ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.


ജിഡിപി കണക്കുകൾ പെരുപ്പിച്ചുകാട്ടിയെന്ന ആരോപണം ഉയർത്തിയത്‌ മോദി സർക്കാരിന്റെ കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്ന ഒരാളാണ്‌. അതിനാൽ ഇതിനെ രാഷ്ട്രീയ ആരോപണമായി തള്ളിക്കളയാനാകില്ല. ഗാർഗിന്റെ വാദമനുസരിച്ച് മുൻ സാമ്പത്തികവർഷത്തെ ജിഡിപി കണക്കിൽ വലിയ കുറവ് വരുത്തിയതിന്റെ ഫലമായാണ് നടപ്പുവർഷം ആദ്യപാദത്തിലെ വളർച്ചനിരക്ക് അസാധാരണമായി ഉയർന്നതായി കാണുന്നത്. കഴിഞ്ഞവർഷത്തെ ജിഡിപി ഏകദേശം 86 ലക്ഷം കോടി രൂപയിൽനിന്ന് 80 ലക്ഷം കോടിയിലേക്ക് താഴ്‌ത്തി. ഇത്തരത്തിൽ കണക്കിൽ കൃത്രിമം കാട്ടിയാണ്‌ 7.8 ശതമാനം വളർച്ചയെന്ന്‌ വരുത്തിത്തീർക്കുന്നത്‌. യഥാർഥത്തിൽ വളർച്ച 2.6 ശതമാനം മാത്രമാണെന്നാണ്‌ വിലയിരുത്തൽ.


​സുഭാഷ് ചന്ദ്ര ഗാർഗിനെ പിന്തുണച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ മുഖ്യസാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസുവും രംഗത്തെത്തി. നിക്ഷേപനിരക്കിലെ ഇടിവും ഉൽപ്പാദനമേഖലയിലെ കണക്കുകളിലെ വൈരുധ്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. , ജിഡിപി കണക്കാക്കുന്നതിന് പുതിയ അടിസ്ഥാനവർഷം സ്വീകരിച്ചതാണ് കണക്കുകളിലെ മാറ്റത്തിന് കാരണമെന്ന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വിശദീകരിക്കുന്നത്‌ വിശ്വസനീയമല്ല. കണക്കിലെ വളർച്ചയും ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുന്നതും തമ്മിൽ വലിയ അന്തരമുണ്ട്‌. സാമ്പത്തിക വളർച്ചയുടെ ലക്ഷ്യം സ്ഥിതിവിവരക്കണക്കുകളിലെ ഉയർച്ച മാത്രമല്ല, മനുഷ്യരുടെ ജീവിതനിലവാരം ഉയർത്തലുമാണ്.

തൊഴിലില്ലായ്‌മയും വിലക്കയറ്റവും ജീവിതച്ചെലവിലെ വർധനയും വേതനത്തിലെ മന്ദഗതിയും സാധാരണ കുടുംബങ്ങളുടെ വാങ്ങൽശേഷിയെ ബാധിക്കുന്നു. ജനങ്ങളുടെ ജീവിതം എന്തുകൊണ്ട് മെച്ചപ്പെടുന്നില്ല എന്നതാണ് അടിസ്ഥാന ചോദ്യം. സമ്പത്തിന്റെ വലിയൊരു പങ്ക് സമൂഹത്തിലെ ചെറുന്യൂനപക്ഷത്തിന്റെ കൈകളിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോൾ സാമ്പത്തിക അസമത്വം വർധിക്കുകയാണ്. അത്തരം സാഹചര്യത്തിൽ ജിഡിപിയുടെ ഉയർച്ച ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തിളങ്ങുകയാണെന്ന് അവകാശപ്പെടുന്നത് യാഥാർഥ്യത്തെ മറച്ചുവയ്ക്കലാണ്. ഇതിനിടെയാണ്‌ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ ചുമലിലേക്ക് മാറ്റാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി രംഗത്തെത്തുന്നത്.


മുണ്ടുമുറുക്കി ഉടുക്കാനാണ്‌ പ്രധാനമന്ത്രി കഴിഞ്ഞദിവസം ജനങ്ങളോട്‌ ആവശ്യപ്പെട്ടത്‌. ഇന്ധന ഉപയോഗം കുറയ്ക്കുക, സ്വർണംവാങ്ങൽ ഒഴിവാക്കുക, സ്വകാര്യവാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക, വിദേശയാത്രകൾ മാറ്റിവയ്ക്കുക, ചെലവ്‌ ചുരുക്കുക തുടങ്ങിയ ആഹ്വാനങ്ങളും മാസങ്ങൾക്കുമുന്പ്‌ പ്രധാനമന്ത്രി നടത്തിയിരുന്നു. കോർപറേറ്റുകൾക്ക് നികുതിയിളവുകളും മറ്റ് ആനുകൂല്യങ്ങളും തുടരുകയും ചെയ്യുന്നു. ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തുകയാണ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പ്രധാന മാർഗം. പകരം ചെലവ്‌ ചുരുക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത് വിപണിയിൽ ആവശ്യകതയെ വീണ്ടും ദുർബലപ്പെടുത്തും. ഇന്ധനവില ഉയർന്നപ്പോൾ അതിന്റെ ആഘാതം നേരിട്ട് ഏറ്റുവാങ്ങിയത് സാധാരണക്കാരാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില താഴ്‌ന്ന ഘട്ടങ്ങളിലും കേന്ദ്രസർക്കാർ നികുതികളും സെസും വർധിപ്പിച്ച് അതിന്റെ പ്രയോജനം ജനങ്ങൾക്ക് കൈമാറാതിരുന്നതിന്റെ ആഘാതം സമ്പദ്‌വ്യവസ്ഥയിലുടനീളം അനുഭവപ്പെട്ടു.


​സമ്പദ്‌ഘടനയെ മുന്നോട്ടുനയിക്കുന്നത് പരസ്യങ്ങളും മേനിനടിക്കൽ പ്രചാരണങ്ങളുമല്ല. യഥാർഥ ഉൽപ്പാദനവും തൊഴിലവസരങ്ങളും നിക്ഷേപങ്ങളുമാണ്‌ രാജ്യത്തിന്‌ ആവശ്യം. കൃത്രിമ കണക്കുകൾ വഴിയുള്ള തിളക്കമല്ല വേണ്ടത്‌, മറിച്ച്‌ സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ അവസ്ഥ അംഗീകരിച്ച് തിരുത്തൽ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്‌. പൊതുനിക്ഷേപം വർധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കർഷകർക്കും ചെറുകിട സംരംഭങ്ങൾക്കും പിന്തുണ നൽകുക, സാധാരണക്കാരുടെ വാങ്ങൽശേഷി ഉയർത്തുക, വിലക്കയറ്റം നിയന്ത്രിക്കുക, സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുക, സമ്പത്തിന്റെ കേന്ദ്രീകരണം തടയുക തുടങ്ങിയവയാണ് പ്രതിസന്ധിയിൽനിന്നുള്ള യഥാർഥ പരിഹാരമാർഗങ്ങൾ. ജിഡിപി കണക്കുകളെച്ചൊല്ലി ഉയർന്ന സംശയങ്ങൾക്ക് സർക്കാർ സുതാര്യമായ വിശദീകരണം നൽകണം. മോദി സർക്കാർ അധികാരമേറിയതുമുതൽ സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യത പൂർണമായി തകർത്തിരിക്കുകയാണ്‌. ഇത്‌ രാജ്യത്തിന്റെ സാമ്പത്തിക ആസൂത്രണത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന്‌ തിരിച്ചറിയാനെങ്കിലും സർക്കാരിന്‌ സാധിക്കണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home