print edition മോദി സർക്കാരിന് തൊഴിലാളികളുടെയും കർഷകരുടെയും താക്കീത്

രാജ്യത്തിന്റെ തൊഴിൽ–കാർഷിക മേഖലകളെയും സാധാരണ ജനങ്ങളുടെ ജീവിതത്തെയും കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് കീഴ്പെടുത്തുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഒന്നിച്ചുയർത്തിയ അഖിലേന്ത്യ പ്രക്ഷോഭം മോദിസർക്കാരിനുള്ള ശക്തമായ താക്കീതായി. 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും ആഹ്വാനപ്രകാരം നടന്ന കേന്ദ്രസർക്കാർ ഓഫീസ് ഉപരോധത്തിലും ജയിൽ നിറയ്ക്കൽ സമരത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷങ്ങളാണ് അണിനിരന്നത്.
കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളും യുവജനങ്ങളും വിദ്യാർഥികളും മഹിളകളും ഉൾപ്പെടെ വിവിധ ജനവിഭാഗങ്ങൾ അണിനിരന്നത് രാജ്യത്തെ സാമൂഹിക, -സാമ്പത്തിക അസംതൃപ്തിയുടെ ആഴം വ്യക്തമാക്കുന്നതാണ്. കേരളത്തിലും കേന്ദ്രസർക്കാർ ഓഫീസുകൾ പിക്കറ്റ് ചെയ്ത ആയിരക്കണക്കിന് പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആറുമുതൽ സമര വളന്റിയർമാർ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിച്ചിരുന്നു.
അറസ്റ്റ് ഭയന്ന് പിന്മാറാതെ അവകാശങ്ങൾക്കുവേണ്ടി തെരുവിലിറങ്ങി ജയിലിൽ പോകാൻ തയ്യാറായാണ് പതിനായിരങ്ങൾ പ്രക്ഷോഭത്തിൽ പങ്കെടുത്തത്. ഇടതുപക്ഷശക്തികൾ താരതമ്യേന ദുർബലമായ സംസ്ഥാനങ്ങളിലും പതിനായിരക്കണക്കിന് കർഷകരും തൊഴിലാളികളും സമരത്തിൽ പങ്കാളികളായി. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, ബംഗാൾ, ത്രിപുര, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിനാളുകൾ അറസ്റ്റ് വരിച്ചു.
ഇൗ പ്രക്ഷോഭത്തിന്റെ പ്രാധാന്യം പങ്കെടുത്തവരുടെ എണ്ണത്തിൽമാത്രം ഒതുങ്ങുന്നതല്ല, രാജ്യത്തിന്റെ സാമ്പത്തികനയങ്ങളുടെ ദിശയെക്കുറിച്ച് വിവിധ ജനവിഭാഗങ്ങളിൽ ഉടലെടുത്ത അസ്വസ്ഥതയാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ കോർപറേറ്റ്–വർഗീയ കൂട്ടുകെട്ട് അവരുടെ നയപരിപാടികൾ മുന്നോട്ടുനീക്കുന്നത്, തൊഴിലാളികളെയും കർഷകരെയും യുവജനങ്ങളെയും മതവും ജാതിയും പറഞ്ഞ് ഭിന്നിപ്പിച്ചാണ്. രാജ്യത്തുടനീളം ഇത്തരം ഗൂ-ഢപദ്ധതികളെ ശക്തമായി നേരിട്ടുകൊണ്ടാണ് കർഷകരും തൊഴിലാളികളും ഐക്യത്തോടെ സമരത്തിൽ അണിചേർന്നത്.
മോദിസർക്കാർ ഭരണമേറ്റതുമുതൽ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. കർഷകരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും പ്രശ്‌നങ്ങൾ പരസ്പരം വേറിട്ടതല്ല. കാർഷികമേഖലയിലെ പ്രതിസന്ധി ഗ്രാമീണ തൊഴിലവസരങ്ങളെയും വരുമാനത്തെയും ബാധിക്കുമ്പോൾ, തൊഴിൽമേഖലയിലെ അസ്ഥിരത കുടുംബങ്ങളുടെ ജീവിതത്തെയും വാങ്ങൽശേഷിയെയും തകർക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിൽസുരക്ഷയുടെ അഭാവം, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തത്, പൊതുമേഖലയെ ദുർബലപ്പെടുത്തൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം കോർപറേറ്റ് പ്രീണന സാമ്പത്തികനയത്തിന്റെ പ്രത്യാഘാതങ്ങളാണ്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കർഷകരുടെ മാത്രം പ്രശ്നമല്ലെന്നും തൊഴിലാളികളുടെ അവകാശങ്ങൾ അവരുടെമാത്രം വിഷയമല്ലെന്നും ഓർമിപ്പിച്ചാണ് കർഷകരും തൊഴിലാളികളും യുവജനങ്ങളും ഒരുമിച്ച് സമരരംഗത്ത് എത്തിയത്.
സമരത്തിൽ യുവാക്കളുടെയും വിദ്യാർഥികളുടെയും പങ്കാളിത്തവും പ്രത്യേകം ശ്രദ്ധേയമാണ്. തൊഴിൽലഭ്യത കുറയുകയും വിദ്യാഭ്യാസച്ചെലവ് വർധിക്കുകയും സാമൂഹികസുരക്ഷയുടെ സാധ്യതകൾ ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ഭാവിയെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ സ്വാഭാവികമാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവാക്കളുടെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം ജോലി എവിടെയെന്നതാണ്. ജോലി ലഭിച്ചാൽത്തന്നെ അത് സ്ഥിരതയുള്ളതാണോ മാന്യമായ വേതനം ലഭിക്കുമോ സാമൂഹിക സുരക്ഷയുണ്ടാകുമോ എന്ന ചോദ്യങ്ങളും അവരെ പിന്തുടരുന്നു. പൊതുമേഖലയിൽ അവസരങ്ങൾ ചുരുങ്ങുകയും സ്വകാര്യമേഖലയിൽ തൊഴിൽ അനിശ്ചിതമാവുകയും ചെയ്യുമ്പോൾ യുവതലമുറയുടെ ഭാവിയാണ് ഇരുളിലാകുന്നത്.
അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രതിരോധശക്തി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പൊലീസ് നടപടികളിലൂടെ നിശ്ശബ്ദരാക്കാമെന്ന ധാരണ വിജയിക്കില്ലെന്ന് ജന്തർ മന്തറിൽ വിദ്യാർഥികളും യുവാക്കളും നടത്തിയ പ്രക്ഷോഭം തെളിയിച്ചതാണ്. ഇത് ഒരുദിവസത്തെ സമരംമാത്രമല്ല, ജനജീവിതത്തെ ബാധിക്കുന്ന നയങ്ങൾ തിരുത്താനുള്ള ജനങ്ങളുടെ മുന്നറിയിപ്പാണിത്.
കർഷകന്റെ വരുമാനം സംരക്ഷിക്കുകയും തൊഴിലാളിയുടെ അവകാശങ്ങൾ ഉറപ്പാക്കുകയും യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പൊതുമേഖലയെയും പൊതുസേവനങ്ങളെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടർന്നുകൊണ്ടിരിക്കും. തെരുവുകളിൽ ഉയരുന്ന ശബ്ദം കേൾക്കാതിരുന്നാൽ അത് കൂടുതൽ ശക്തമായ ജനകീയപ്രതിഷേധമായി തിരിച്ചുവരും. ആഗസ്ത് 10-ന് തൊഴിലാളികളും കർഷകരും ഉയർത്തിയ ഐക്യശബ്ദം അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിനുള്ള വ്യക്തമായ മുന്നറിയിപ്പാണ്.










0 comments