ഡീസലടിച്ചിട്ട് നല്‍കിയത് ‘ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ’ നോട്ട്; യുവാക്കൾ അറസ്റ്റിൽ

മയ്യഴി: പള്ളൂരിലെ പെട്രോൾ പമ്പിൽ വ്യാജ 500 രൂപ നോട്ട് നൽകി ഇന്ധനം നിറച്ച് കടന്നുകളഞ്ഞ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വളയം സ്വദേശികളായ സായന്ത് (26), അക്ഷയ് (27), ഷിജിത്ത് (35), തൂണേരി സ്വദേശി രജിത്ത് (31) എന്നിവരാണ് പിടിയിലായത്. മാഹി സിഐ പി അനിൽ കുമാർ, പള്ളൂർ എസ്ഐ റീനാ മേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാദാപുരത്തുവച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആറാം തീയതി രാത്രി പത്തോടെ ഗ്രാമത്തി പറമ്പത്ത് ട്രേഡേഴ്സ് - ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ഇന്നോവ കാറിലെത്തിയ സംഘം 600 രൂപയ്ക്ക് ഡീസൽ അടിക്കുകയായിരുന്നു. വ്യാജ 500 രൂപയുടെ നോട്ടിനൊപ്പം ഒരു 100 രൂപയുടെ നോട്ടും ചേർത്താണ് ജീവനക്കാരന് നൽകിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന് രേഖപ്പെടുത്തിയ നോട്ട്, പിന്നീട് പണമെണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മാനേജരെ വിവരമറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞശേഷം പള്ളൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ, ജോലിസ്ഥലത്തുനിന്ന് കൂലിയായി ലഭിച്ച 13,000 രൂപയിലുള്ള നോട്ടുകളാണിതെന്നാണ് പ്രതികൾ പറഞ്ഞത്. ടൈൽസ് ജോലിയും ബസ് തൊഴിലാളികളുമാണ് ഇവർ. പള്ളൂരിലെ മദ്യശാല, ബേക്കറി, ചൊക്ലിയിലെ മറ്റൊരു പെട്രോൾ പമ്പ് എന്നിവിടങ്ങളിലും ഇവർ വ്യാജനോട്ട് നൽകി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മാഹി കോടതിയിൽ ഹാജരാക്കിയ നാലു പ്രതികളെയും റിമാൻഡ് ചെയ്തു.










0 comments