ad
Deshabhimani

രാജ്യത്തെ കൊള്ളയടിക്കുന്ന മോദിഭരണം

editorial.
വെബ് ഡെസ്ക്

Published on Apr 21, 2026, 12:01 AM | 2 min read

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ഭരണനിർവഹണത്തിലെ കെടുകാര്യസ്ഥതയുടെയും സാമ്പത്തിക തിരിമറികളുടെയും വെട്ടിപ്പിന്റെയും ചിത്രമാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലൂടെ വീണ്ടും വെളിവാകുന്നത്. അക്ഷരാർഥത്തിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ. ഭരണനിർവഹണത്തിലെ ക്രമക്കേടിന്റെ നിരവധി കാര്യങ്ങൾ വിവിധ വകുപ്പുകളിലായി, അക്കമിട്ട് സിഎജി ഏതാനും വർഷങ്ങൾക്കുള്ളിൽ പാർലമെന്റിൽ സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക അച്ചടക്കം ഇല്ലായ്മ എന്നതിനുമപ്പുറം ജനങ്ങളുടെ നികുതിപ്പണം ധൂർത്തിനും അഴിമതിക്കുംവേണ്ടി കൊള്ളയടിക്കുന്നതിന്റെ ചിത്രമാണ് സിഎജി റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. എന്നാൽ, ഇത്തരം റിപ്പോർട്ടുകൾക്ക്,മോദിഭരണം. കടലാസുവിലപോലും നൽകുന്നില്ല.


54,282 കോടി രൂപ വിവിധ പദ്ധതികളുടെ പേരിൽ ചെലവഴിച്ചതിന് ഒരു കണക്കുമില്ലെന്ന് സിഎജി പാർലമെന്റിന്റെ മേശപ്പുറത്തുവച്ച റിപ്പോർട്ടിൽ പറയുന്നു. ഇത്രയും പണം എന്തിന് ചെലവഴിച്ചു എന്നതിന് ഒരു രേഖയുമില്ല. പല സാമ്പത്തിക ഇടപാടുകളും ദുരൂഹം. വിവിധ ക്ഷേമപദ്ധതികളിലായി ജനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളാണ് ഇത്തരത്തിൽ കൊള്ളയടിക്കുന്നത്.ധനവിനിയോഗത്തിലെ സുതാര്യത ഉറപ്പാക്കാൻ, അനുവദിക്കപ്പെട്ട പണം ചെലവാക്കിയ വിനിയോഗ സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. ഇതില്ലാത്തത് കൊള്ളയുടെ തെളിവാണ്‌. സാമ്പത്തികവർഷം കഴിഞ്ഞ് 12 മാസത്തിനുശേഷവും വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റാത്ത സ്ഥാപനങ്ങളെ, സംഘടനകളെ കരിമ്പട്ടികയിൽ പെടുത്താനും മാർഗനിർദേശമുണ്ട്. ഇതും പാലിക്കുന്നില്ല.


18,272.91 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത ഭവന, നഗരകാര്യ മന്ത്രാലയമാണ് വീഴ്ചവരുത്തിയതിൽ മുന്നിൽ. 14,359.26 കോടി രൂപയുടെ സർട്ടിഫിക്കറ്റ് നൽകാത്ത ഉന്നതവിദ്യാഭ്യാസവകുപ്പാണ് തൊട്ടുപിന്നിൽ. ഒരുഭാഗത്ത് ഫണ്ടുകൾ ക്രമരഹിതമായി ചെലവഴിക്കുകയും മറുഭാഗത്ത് ജനക്ഷേമകരമായ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങൾക്ക് അർഹമായ തുകയും നൽകുന്നില്ല. രാഷ്ട്രീയമായി സ്വീകാര്യരല്ലാത്ത സംസ്ഥാന സർക്കാരുകളെ ബുദ്ധിമുട്ടിക്കുകയാണ് ഇതിലൂടെ. ആദ്യമായല്ല ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വ്യാപക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഒരു വിശദീകരണവും ഉണ്ടാകാറില്ല. സിഎജി അടക്കമുള്ള ഭരണഘടനാനുസൃതമായ സംവിധാനങ്ങൾ ക്രമവിരുദ്ധനടപടികൾ ചൂണ്ടിക്കാട്ടുമ്പോൾ തികഞ്ഞ അവഗണനയാണ് സർക്കാർ തുടരുന്നത്. ഇത്തരം വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാനും അനുവദിക്കാറില്ല.


കേന്ദ്രം നടപ്പാക്കുന്ന പ്രധാനപ്പെട്ട മൂന്നു പദ്ധതികൾവഴിയുള്ള കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ സിഎജി റിപ്പോർട്ട് ചെയ്തിട്ട് അധികനാളായിട്ടില്ല. ദ്വാരക എക്സ്പ്രസ് വേ നിർമാണപദ്ധതിയിൽ 18.20 കോടി രൂപ ഓരോ കിലോമീറ്ററിന് നിർമാണച്ചെലവ് നിശ്ചയിച്ചു. അത് പിന്നീട് ഉയർന്നത് ഓരോ കിലോമീറ്ററിനും 250.7 കോടി രൂപ എന്ന നിലയിലേക്കാണ്. വിശദമായ പദ്ധതിരേഖപോലും ഇല്ലാതെയാണ് ഇരട്ടിയോളം തുക ചെലവഴിച്ചത്. റിപ്പോർട്ട് വന്നശേഷം ഉപരിതല ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച വ്യക്തമായ മറുപടിയും നൽകിയില്ല. ഗ്രാമവികസന പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രഫണ്ടിൽ 57.45 കോടിയുടെ ക്രമക്കേടാണ് ആറ്‌ സംസ്ഥാനങ്ങളിലായി സിഎജി ചൂണ്ടിക്കാട്ടിയത്.


ദരിദ്രവിഭാഗങ്ങൾക്ക് ലഭ്യമാക്കേണ്ട ക്ഷേമപദ്ധതികളാണ് ദുർവിനിയോഗം ചെയ്തത്. പ്രധാൻമന്ത്രി ജൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 6.97 കോടി രൂപ ചെലവഴിച്ചത് മരിച്ചുപോയ 3446 ആളുകളുടെ പേരിലായിരുന്നു. അതോടൊപ്പം സർക്കാരിന് ലഭ്യമാകേണ്ട റവന്യു വരുമാനം നേടിയെടുക്കുന്നതിനും വീഴ്ചവരുത്തുന്നു. 573 കോടി രൂപയാണ് റെയിൽവേ മന്ത്രാലയത്തിന് 2023ൽ നഷ്ടപ്പെട്ടതെന്നും പാർലമെന്റിൽ സമർപ്പിച്ച റിപ്പോ‍ർട്ടിൽ പറഞ്ഞിരുന്നു. ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ 135 കോടി രൂപയുടെ ക്രമക്കേടും സിഎജി കണ്ടെത്തി. ഏഴരലക്ഷത്തോളം ഗുണഭോക്താക്കളുള്ള പദ്ധതിയിൽ ഉദ്ദേശം 80,000 പേർക്ക് ലഭിക്കേണ്ട ആനുകൂല്യം ഒരേ ഫോൺ നമ്പർ മുഖേന രജിസ്റ്റർ ചെയ്തവർക്കാണ് ലഭ്യമായതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.


ജനാധിപത്യസംവിധാനത്തോട് അസഹിഷ്ണുത പുലർത്തുന്ന കേന്ദ്ര ഭരണനേതൃത്വത്തിൽനിന്ന് റിപ്പോർട്ടുകളിൽ തുടർനടപടി പ്രതീക്ഷിക്കാനുമാകില്ല. എങ്കിലും, ജനാധിപത്യരീതിയിൽ അധികാരത്തിലേറിയ സർക്കാർ ഇതിനെല്ലാം മറുപടി പറഞ്ഞേ പറ്റൂ. എവിടെയും ചർച്ച വേണ്ട, തങ്ങൾ തീരുമാനിക്കുന്നത് നടപ്പാക്കും, ആരും ചോദ്യം ചെയ്യരുത് എന്ന അജൻഡമാത്രമായി നീങ്ങുകയാണ്‌ കേന്ദ്രം. പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കുന്ന കേന്ദ്രനടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് വനിതാസംവരണ ബിൽ.

ഭരണസംവിധാനങ്ങളെ ചൊൽപ്പടിക്കുനിർത്തി എല്ലായിടത്തും തങ്ങളുടെ ഇംഗിതം നടപ്പാക്കുക എന്ന തന്ത്രമാണ് കേന്ദ്രം കുറെ നാളായി സ്വീകരിക്കുന്നത്. ഇതിനായി ഭരണഘടനാസ്ഥാപനങ്ങളെയും ദുരുപയോഗിക്കുന്നു. അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ച സിഎജി റിപ്പോർട്ട് തയ്യാറാക്കിയവർക്ക് സ്ഥലംമാറ്റമടക്കം ശിക്ഷാനടപടിയും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. ജനാധിപത്യരാജ്യത്തിന് ഒരുതരത്തിലും ഭൂഷണമല്ലാത്ത ഈ നിലപാടുകൾക്കെതിരെ ശക്തമായ ജനകീയപ്രതിരോധം ഉയരണം.


നാടിന്റെ നാവായി ശബ്ദിക്കേണ്ട, ജനാധിപത്യത്തിന്റെ നാലാംതൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളിൽ ഭൂരിഭാഗവും കേന്ദ്രത്തിനെതിരായ വാർത്തകൾ തമസ്‌കരിക്കുന്നു. സിഎജിയുടെ ഒടുവിലത്തെ റിപ്പോ‍ർട്ടും ഭൂരിപക്ഷം മാധ്യമങ്ങളും അറിഞ്ഞ ഭാവമില്ല. സെലക്ടീവ് ജേർണലിസം എന്ന നയമാണ് ഇക്കൂട്ടർ പിന്തുടരുന്നത്. ഇത്തരക്കാരുടെ കപട നിഷ്‌പക്ഷവേഷവും തുറന്നുകാട്ടണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home