Deshabhimani

print edition പ്രതിരോധമേഖലയും
കോർപറേറ്റുകൾക്ക്‌ 
അടിയറവയ്‌ക്കുന്നു

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 10, 2026, 12:00 AM | 2 min read

​​രാജ്യസുരക്ഷയെയും പ്രതിരോധ സ്വയംപര്യാപ്‌തതയെയും കുറിച്ച്‌ നിരന്തരം പ്രസംഗിക്കുന്ന മോദിസർക്കാർ പ്രതിരോധമേഖലയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്ക്‌ പരമാവധി പരിമിതപ്പെടുത്തുന്ന ഇരട്ടത്താപ്പാണ്‌ പിന്തുടരുന്നത്‌. രാജ്യത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ പതിറ്റാണ്ടുകളായി നിർണായക പങ്കുവഹിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി ആഭ്യന്തര, അന്തർദേശീയ കുത്തകകൾക്ക്‌ തീറെഴുതാനുള്ള നടപടികളാണ്‌ 2014 മുതൽ മോദിസർക്കാർ സ്വീകരിച്ചത്‌. ഇ‍ൗ നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ അഞ്ചാംതലമുറ യുദ്ധവിമാനമായ അഡ്വാൻസ്‌ഡ്‌ മീഡിയം കോംബാറ്റ്‌ എയർക്രാഫ്‌റ്റിന്റെ (എഎംസിഎ) പരീക്ഷണമാതൃകകൾ നിർമിക്കാനുള്ള പദ്ധതിയിൽനിന്ന്‌ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്‌ ലിമിറ്റഡിനെ (എച്ച്‌എഎൽ) ഒഴിവാക്കിയ തീരുമാനം.


​യുദ്ധവിമാന, ഹെലികോപ്‌റ്റർ രൂപകൽപ്പനയിലും നിർമാണരംഗത്തും പതിറ്റാണ്ടുകളുടെ പാരന്പര്യവും വിശ്വാസ്യതയുമുള്ള പൊതുമേഖലാ സ്ഥാപനമാണ്‌ എച്ച്‌എഎൽ. ‘തേജസ്’ ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളുടെ നിർമാണത്തിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌. സൈനികവിമാനങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണി, നവീകരണം തുടങ്ങിയ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്‌. ഇ‍ൗ യോഗ്യതകളൊന്നും കണക്കിലെടുക്കാതെയാണ്‌ 15,000 കോടി രൂപയുടെ എഎംസിഎ പരീക്ഷണമാതൃകാ നിർമാണപദ്ധതിയിൽനിന്ന്‌ എച്ച്‌എഎല്ലിനെ ഒഴിവാക്കിയത്‌. ടാറ്റ അഡ്വാൻസ്‌ഡ്‌ സിസ്റ്റംസ്‌, എൽ ആൻഡ്‌ ടി നയിക്കുന്ന കൺസോർഷ്യം, ഭാരത്‌ ഫോർജ്‌ നയിക്കുന്ന കൺസോർഷ്യം എന്നിവരെയാണ്‌ യോഗ്യരായി തെരഞ്ഞെടുത്തത്‌.


​മെയ്‌ക്ക്‌ ഇൻ ഇന്ത്യ, മെയ്‌ഡ്‌ ഇൻ ഇന്ത്യ, ആത്മനിർഭർ വാചാടോപങ്ങൾക്കപ്പുറം പ്രതിരോധമേഖലയിലെങ്കിലും രാജ്യത്തെ സ്വയംപര്യാപ്‌തമാക്കാനുള്ള ആത്മാർഥതയോ ആർജവമോ കേന്ദ്രസർക്കാരിന്‌ ഇല്ലെന്നതാണ്‌ യാഥാർഥ്യം. പ്രതിരോധമേഖലയിൽ കുത്തകകളുടെ പങ്കാളിത്തവും സ്വാധീനവും വർധിപ്പിക്കുന്ന നിരവധി നടപടികൾ കഴിഞ്ഞ 12 വർഷത്തിനിടെ ഉണ്ടായി. 2020ൽ പ്രതിരോധമേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഓട്ടോമാറ്റിക്‌ റൂട്ടിൽ 49 ശതമാനത്തിൽനിന്ന്‌ 74 ശതമാനമാക്കി ഉയർത്തിയതും സർക്കാർ അനുമതിയോടെ 100 ശതമാനംവരെയുള്ള വിദേശനിക്ഷേപത്തിന്‌ അനുമതി നൽകിയതും ഉദാഹരണങ്ങളാണ്‌. 2021 ഒക്‌ടോബർ ഒന്നുമുതൽ ഓർഡനൻസ്‌ ഫാക്‌ടറി ബോർഡ്‌ പിരിച്ചുവിട്ട്‌ അതിനുകീഴിലുണ്ടായിരുന്ന 41 ഓർഡനൻസ്‌ ഫാക്‌ടറികളെ ഏഴ്‌ പൊതുമേഖലാ കന്പനികളാക്കി മാറ്റിയത്‌ പ്രതിരോധമേഖലയിൽ കോർപറേറ്റ്‌വൽക്കരണത്തിന്‌ തുടക്കംകുറിച്ച നടപടിയായിരുന്നു.


പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കലും തകൃതിയായി നടക്കുന്നുണ്ട്‌. 2023ൽ എച്ച്‌എഎല്ലിന്റെ 3.5 ശതമാനം ഓഹരി വിറ്റഴിച്ച്‌ 2901 കോടി രൂപ സമാഹരിച്ചു. എച്ച്‌എഎല്ലിലെ സർക്കാർ ഓഹരിപങ്കാളിത്തം 71.65 ശതമാനമായി കുറഞ്ഞു. ദേശീയസുരക്ഷയുടെയും പ്രതിരോധ സ്വയംപര്യാപ്‌തതയുടെയും കാര്യത്തിൽ മോദിസർക്കാർ പുലർത്തുന്ന ഇരട്ടത്താപ്പ്‌ നേരത്തേ റഫാൽ ഇടപാടിന്റെ കാര്യത്തിലും മറനീക്കിയിരുന്നു. 126 യുദ്ധവിമാനങ്ങൾക്കായുള്ള പഴയ എംഎംആർസിഎ നടപടികളിൽ ഇന്ത്യയിൽ നിർമാണം നടത്താനും എച്ച്‌എഎൽ പങ്കാളിത്തത്തിനും നിർദേശങ്ങളുണ്ടായിരുന്നു. എന്നാൽ, എച്ച്‌എഎല്ലിന്റെ പങ്കാളിത്തം ഒഴിവാക്കി ഫ്രാൻസിൽനിന്ന്‌ 36 വിമാനം ‘പറക്കാൻ തയ്യാറായ നിലയിൽ’ വാങ്ങി. റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ദസോൾട്ട്‌ ഏവിയേഷൻ അനിൽ അംബാനിയുടെ റിലയൻസ്‌ ഗ്രൂപ്പുമായി ഓഫ്‌സെറ്റ്‌ കരാറിൽ ഏർപ്പെട്ടതും വിവാദമായിരുന്നു.


​തദ്ദേശീയമായി യുദ്ധവിമാനങ്ങൾ നിർമിക്കാനും വികസിപ്പിക്കാനുമുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്താതെയും പൊതുമേഖലയുടെ പങ്കാളിത്തം ഉറപ്പിക്കാതെയും ആഭ്യന്തര, വിദേശ കുത്തകകൾക്കുമാത്രം പ്രതിരോധമേഖലയിൽ സുവർണാവസരങ്ങൾ തുറന്നുകൊടുക്കുന്ന നയമാണ്‌ സർക്കാർ പിന്തുടരുന്നത്‌. ദേശീയസുരക്ഷയും പ്രതിരോധമേഖലയിലെ സ്വയംപര്യാപ്‌തതയും അവിഭാജ്യഘടകങ്ങളാണ്‌. അടിയന്തരസാഹചര്യങ്ങളിൽ വിദേശരാജ്യങ്ങളുടെ ആയുധവിതരണത്തിനും സാങ്കേതികസഹായത്തിനും കാത്തുനിൽക്കാതെ രാജ്യത്തിന്‌ സ്വന്തം പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്രാപ്‌തിയും ശേഷിയും ഉണ്ടാക്കണം. അതിനുള്ള സാങ്കേതികവിദ്യ, ഗവേഷണം, നിർമാണസംവിധാനങ്ങൾ വളർത്തിയെടുക്കാനും ശക്തിപ്പെടുത്താനുമാണ്‌ ശ്രമിക്കേണ്ടത്‌. പകരം, പൊതുമേഖലാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി രാജ്യതാൽപ്പര്യങ്ങൾ ആഭ്യന്തര, വിദേശ കുത്തകകൾക്ക്‌ അടിയറവയ്‌ക്കുകയാണ്‌. പ്രതിരോധമേഖലയിൽ രാജ്യത്തിന്‌ സ്വന്തം കാലിൽ നിൽക്കാനുള്ള സാങ്കേതികശേഷി ഉറപ്പാക്കിയാണ്‌ മോദിസർക്കാർ രാജ്യസ്‌നേഹത്തെക്കുറിച്ച്‌ ഉ‍ൗറ്റംകൊള്ളേണ്ടത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home