വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം: ഇന്ത്യന്‍ വൈറോളജിക്കല്‍ സൊസൈറ്റിയും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും സംയുക്തമായി വൈറസുകളെക്കുറിച്ച് സംഘടിപ്പിക്കുന്ന ത്രിദിന ദേശീയസമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. രാവിലെ 10 ന് ഹോട്ടല്‍ ലെമണ്‍ ട്രീ പ്രീമിയറിലെ ടാംഗറിന്‍ ഗ്രാന്‍ഡില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ജനറല്‍ ഡോ. യശ്പാല്‍ സിംഗ് മാലിക് ഉദ്ഘാടനം ചെയ്യും.
കേരള കാര്‍ഷിക സര്‍വകലാശാല വിസി ഡോ. ടി സജിത റാണി വിശിഷ്ടാതിഥിയാകും. ഐസിഎആര്‍-സിറ്റിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി ബൈജു അധ്യക്ഷതവഹിക്കും. ഇന്ത്യന്‍ വൈറോളജിക്കല്‍ സൊൈസറ്റി പ്രസിഡന്റ് പ്രൊഫ. ആര്‍.കെ. രാഥോ, സെക്രട്ടറി ഡോ. സെലിയാ ചലാം, ദേശീയ വാഴഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ആര്‍. സെല്‍വരാജന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ.സി എച്ച്. സുരേഷ് എന്നിവര്‍ സംസാരിക്കും.
'മാറിക്കൊണ്ടിരിക്കുന്ന വൈറസുകള്‍ പരിസ്ഥിതിശാസ്ത്രം, ലോകത്തിലെ പരിണാമം, ഭാവിയിലെ മുന്നൊരുക്കങ്ങള്‍' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
ദേശീയ വാഴ ഗവേഷണ കേന്ദ്രം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, കേരള സര്‍ക്കാര്‍, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ റൂട്ട് ക്രോപ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സസ്യ, മെഡിക്കല്‍, വെറ്ററിനറി, ജലജീവി വൈറോളജി മേഖലകളിലെ ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, ഗവേഷകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍. വ്യവസായ പ്രതിനിധികള്‍ തുടങ്ങി 19 സംസ്ഥാനങ്ങളെയും 80 കേന്ദ്രഭരണ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 350 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.








0 comments