സ്വന്തം വാർത്തയ്‌ക്ക് ചരമക്കുറിപ്പെഴുതി മനോരമ

കേരളം തുലഞ്ഞാലും വേണ്ടില്ല, കമ്യൂണിസ്റ്റുകാരെ കെട്ടുകെട്ടിക്കണമെന്ന ഒറ്റ അജൻഡയിൽ പ്രവർത്തിക്കുന്ന പത്രമാണ് മലയാളമനോരമ. ജനിച്ചപ്പോഴേ കമ്യൂണിസ്റ്റുവിരുദ്ധ വൈറസ് ബാധിച്ച ഇവർ, അബദ്ധത്തിൽപ്പോലും സത്യമെഴുതില്ലെന്നത് അനുഭവസാക്ഷ്യമാണ്. സിപിഐ എമ്മിനെതിരെ മനോരമ പടച്ചുവിട്ട ഓരോ വാർത്തയും വ്യാഖ്യാനവും അവയുടെ പര്യവസാനങ്ങളും ചരിത്രം ചില്ലിട്ടുവച്ചിട്ടുണ്ട്. സമുന്നതനേതാക്കളെ കളങ്കിതരായി ചിത്രീകരിച്ച് പാർടിയെയും സർക്കാരിനെയും ജനങ്ങളുടെ മുന്നിൽ അപഹസിക്കുകയാണ് ലക്ഷ്യം. അങ്ങനെ എഴുതിക്കൂട്ടിയ നുണപ്പേജുകൾക്ക് കണക്കില്ല. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ കൃത്യമായ ദിശാബോധത്തോടെയാണ് സർക്കാരിനെ നയിക്കുന്നത്.
ഏറ്റവും ഒടുവിൽ പിണറായി വിജയന്റെ മകനെതിരെ പടച്ചുണ്ടാക്കിയ വാർത്ത മനോരമയെ സംബന്ധിച്ച് ദുരന്തനാടകമായി. മുഖ്യമന്ത്രിയുടെ മകന് ലൈഫ് മിഷൻ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു എന്നായിരുന്നു ഒക്ടോബർ 11ലെ മനോരമയുടെ പ്രധാന വാർത്ത. ബിജെപി നേതാക്കളുടെ ഒത്താശയോടെ ഇഡിയും മനോരമയും അവരുടെ മുഖ്യഗുണഭോക്താക്കളായ കോൺഗ്രസ് നേതാക്കളും ആസൂത്രിതമായി നടത്തിയ നീക്കം. വാർത്തയ്ക്കുപിന്നാലെ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ മൂന്നുദിവസം ആഘോഷിക്കുകയായിരുന്നു.
ഒക്ടോബർ 13ന് ഉച്ചയോടെ ഇഡി അയച്ച സമൻസ് ലൈഫ് മിഷനിലല്ല, ലാവ്‌ലിൻ കേസിലാണെന്ന് ചില ചാനലുകൾ ബ്രേക്ക് ചെയ്യാൻ തുടങ്ങി. ആദ്യവാർത്തയും അതിന്മേലുള്ള കഥകളും തരിപ്പണമായെങ്കിലും, ചൊവ്വാഴ്‌ചത്തെ പത്രത്തിൽ ‘ലാവ്‌ലിൻ കേസിലാണ് സമൻസ്’ എന്ന് നാണമേതുമില്ലാതെ മനോരമ പ്രധാന വാർത്തയാക്കി. ലൈഫ് മിഷൻ കേസിലാണ് സമൻസ് എന്ന് ഉറപ്പിച്ച് വ്യാഖ്യാനങ്ങളും അപസർപ്പകകഥകളും എഴുതിനിറച്ചതെല്ലാം വിഷമാലിന്യമായി മാറി. സ്വന്തം വാർത്തകൾക്ക് ചരമക്കുറിപ്പ് ഇറക്കേണ്ടിവന്ന അവസ്ഥയിലാണ് മനോരമ. മാത്രമല്ല, ഇൗ വാർത്തയുടെ ബലത്തിൽ പ്രതികരിക്കുകയും കോടതി കയറുകയും ചെയ്ത കോൺഗ്രസ് നേതാക്കളും ആപ്പിലായി.
എല്ലാ ജനാധിപത്യമര്യാദകളും കാറ്റിൽപ്പറത്തി കേന്ദ്ര ഏജൻസിയെകൊണ്ട് രാഷ്‌ട്രീയ എതിരാളികളെ തകർക്കാൻ ശ്രമിക്കുന്ന അമിത് ഷായെ വിളിച്ച് വിരുന്നൂട്ടുന്നവർക്ക് ഇഡിയുടെ കടലാസുവില മാത്രമുള്ള സമൻസുകൾ എളുപ്പത്തിൽ കിട്ടുന്നതിൽ തെല്ലും അത്ഭുതമില്ല. പക്ഷേ, ഇഡി സമൻസ് ലൈഫ് മിഷൻ കേസിലാണെന്ന ആദ്യവാർത്തയിൽ പറ്റിയ മഹാ അബദ്ധം നാട്ടുകാരുടെ മുന്നിൽ മറയ്ക്കാൻ രണ്ടാംവാർത്തയിൽ മനോരമ കാണിച്ച നാണംകെട്ട അഭ്യാസം ആർക്കും തിരിച്ചറിയാനാകും. ‘മുഖ്യമന്ത്രിയുടെ മകനെ വിളിപ്പിച്ചത് ലാവ്‌ലിൻ കേസിൽ’ എന്ന് മുകളിലും ‘വിവേകിനെ വിളിപ്പിച്ചത് ലൈഫ് മിഷൻ കേസിൽ’ എന്ന് വാചകം മുറിച്ച് താഴെയും തെറ്റിദ്ധരിപ്പിക്കുംവിധം കൊടുത്തുകൊണ്ട് പറ്റിയ അമളി മറച്ചുവയ്‌ക്കാനാകുമോ എന്ന് മോഹിച്ചാകണം.
മനോരമ എവിടെ എത്തിനിൽക്കുന്നു എന്നതിനുള്ള തെളിവാണ് കഴിഞ്ഞ നാലുദിവസത്തെ പത്രം. പിണറായി വിജയന് ഒരുപങ്കുമില്ലെന്ന് സിബിഐ കോടതിയും ഹൈക്കോടതിയും ആവർത്തിച്ച് വ്യക്തമാക്കിയ ലാവ്‌ലിൻ കേസിന്റെ പേരിലാണ് മകന് സമൻസ് എന്ന പുതിയ തിരക്കഥ. ലാവ്‌ലിൻ കരാർ കാലത്ത് കൗമാരംപോലും പിന്നിടാത്ത മകനെ വലിച്ചിഴയ്ക്കുകവഴി ഇനിയും അപസർപ്പകകഥകൾ പടയ്‌ക്കാൻ മനോരമയ്ക്ക് കഴിയുമായിരിക്കും. നിരവധി തട്ടിപ്പുകേസിൽ ജയിലിൽ കിടന്ന് ജാമ്യത്തിലിറങ്ങിയ സ്‌ത്രീയുടെ ‘മൊഴി’യുടെ അടിസ്ഥാനത്തിലും പ്രസിദ്ധീകരണത്തിന്റെ പേര് സ്വന്തം ജീവിതവൃത്തിയാക്കിയ ക്രിമിനലിന്റെ പരാതിയിലും എടുത്ത കേസിലാണ് ഇൗ പിത്തലാട്ടങ്ങളെന്നും ഓർക്കണം.
രണ്ട് തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ യുഡിഎഫിനും മനോരമയ്‌ക്കുമുള്ള വേവലാതികളാണ് ഇത്തരം വാർത്തകൾക്കുപിന്നിലെന്ന് ആർക്കും ഉൗഹിക്കാവുന്നതേയുള്ളൂ. 2023ൽ അയച്ചുവെന്ന് ഇവർ അവകാശപ്പെടുന്ന സമൻസ് കാത്തുസൂക്ഷിച്ച് ഇപ്പോൾമാത്രം വാർത്തയാക്കുന്നതിന്റെ പിന്നിലെ താൽപ്പര്യമതാണ്. മുന്പ് നൽകിയ അവസാനിക്കാത്ത കള്ളവാർത്തകളുടെ പരന്പരകൾക്ക്, സിപിഐ എമ്മിന്റെയോ പിണറായി വിജയൻ അടക്കമുള്ള നേതാക്കളുടെയോ ജനപിന്തുണ തകർക്കാനായിട്ടില്ല. ഒന്പതരവർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെ വിശ്വസനീയമായ എന്തെങ്കിലും കാര്യംപറഞ്ഞ് യുഡിഎഫിന് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തതിന്റെ ജാള്യം തുറന്നുസമ്മതിക്കുന്നതിനു തുല്യമാണ് വ്യാജവാർത്തകളുടെ പിന്നാലെയുള്ള പാച്ചിൽ.
യുഡിഎഫ് പത്രത്തിന്റെ വിഷംതീണ്ടിയ ചീഞ്ഞഭക്ഷണം ആർത്തിയോടെ ഭുജിച്ച് മാധ്യമങ്ങളിലൂടെ ഛർദിക്കാൻ ഇറങ്ങിയ കോൺഗ്രസ് നേതാക്കൾക്കുതന്നെയാണ് അതിന്റെ ‘ബാധ’യും നന്നായി ഏറ്റത്. 2020–21 കാലത്തും ഇതേപാതയിലുള്ള വ്യാജവാർത്തകളുടെ കുത്തൊഴുക്കുണ്ടായി. അതിനെയെല്ലാം കുപ്പത്തൊട്ടിയിലേക്കെറിഞ്ഞ പ്രബുദ്ധജനത സിപിഐ എമ്മിനും എൽഡിഎഫിനും ഒപ്പംനിന്നു. കാലം കരുതിവച്ച പ്രതികാരംപോലെ, മനോരമയടക്കമുള്ള നുണഫാക്ടറികൾക്കും അത് ഏറ്റുപാടുന്നവർക്കുമുള്ള മറുപടി ഇനിയും കേരളം നൽകുകതന്നെ ചെയ്യും.









0 comments