പിഎസ്സിക്കെതിരായ നീക്കത്തിൽ ദുരുദ്ദേശ്യം മാത്രം

രാജ്യത്ത് ഏറ്റവും കാര്യക്ഷമമായും ഫലപ്രദമായും വിപുലമായ തോതിലും പ്രവർത്തിക്കുന്ന സർക്കാർ–പൊതുമേഖല റിക്രൂട്ട്മെന്റ് സ്ഥാപനമായ കേരള പിഎസ്സിക്കെതിരെ ബിജെപിയും യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ചേർന്ന് നടത്തിവരുന്ന ആക്രമണം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ഭരണഘടനാവിരുദ്ധമായ രീതിയിൽ രാഷ്ട്രപതിക്ക് ശുപാർശ അയച്ചശേഷമാണ് ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സ്ഥാനമൊഴിഞ്ഞത്. സംസ്ഥാന മന്ത്രിസഭയുടെ അനുമതിയോടെമാത്രമേ ഗവർണർക്ക് ഇത്തരമൊരു ശുപാർശ നൽകാനാകൂ. ആർലേക്കർ കേരളം വിട്ടതിനുപിന്നാലെ പുറത്തുവന്ന ഇൗ വിവരം യുഡിഎഫ് സർക്കാരിനോട് ഒരുകൂട്ടം ചോദ്യങ്ങൾ ഉയർത്തുന്നു. മന്ത്രിസഭ ഇതിനായി ഗവർണർക്ക് അനുമതി നൽകിയോ എന്നതാണ് മുഖ്യചോദ്യം. ഇതിനു ഉത്തരം ലഭിക്കാത്തതിനാൽ മുഖ്യമന്ത്രി വി ഡി സതീശനും ബിജെപി നിയന്ത്രിക്കുന്ന ലോക്ഭവനും തമ്മിൽ നടന്ന അവിശുദ്ധ കൊടുക്കൽവാങ്ങലുകളുടെ ബാക്കിപത്രമാണ് ഗവർണറുടെ ശുപാർശയെന്ന് കരുതണം.
ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും തകർക്കുകയും ചെയ്യുകയെന്നത് കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ തനതുശൈലിയാണ്. ദേശീയതലത്തിൽ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷപാർടികൾ ഒന്നടങ്കം നിരന്തരം ചൂണ്ടിക്കാണിക്കുന്ന വസ്തുതയാണിത്. എന്നാൽ, കേരളത്തിലെ യുഡിഎഫ് സർക്കാർ ബിജെപിയുടെ ഭരണശൈലിയും നയസമീപനങ്ങളും ലജ്ജയില്ലാതെ പകർത്തുകയാണ്. പിഎസ്സി വിഷയത്തിൽ ഇരുകൂട്ടരും എടുക്കുന്ന നിലപാട് ഇതിന് ഏറ്റവും യോജ്യമായ ഉദാഹരണമാണ്. സർക്കാരിലും പൊതുമേഖലയിലും സ്ഥിരം നിയമനങ്ങൾ ഇല്ലാതാക്കുകയെന്നത് മോദിസർക്കാരിന്റെ പ്രഖ്യാപിതനയമാണ്. ലേബർ കോഡുകൾ വഴി സ്വകാര്യമേഖലയിൽ സ്ഥിരം ജോലി സംവിധാനം തത്വത്തിൽ അവസാനിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. സർക്കാരിലും പൊതുമേഖലയിലുംകൂടി ഇത് വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലുമാണ് അവർ. സിവിൽ സർവീസിലെ ഉന്നതതസ്തികകളിൽ അടക്കം കരാർനിയമനങ്ങൾ പതിവാക്കി. ബിജെപി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ സ്ഥിരം നിയമനങ്ങൾ വളരെ കുറഞ്ഞ തോതിലാണ് നടത്തുന്നത്. ഇൗ പശ്ചാത്തലത്തിലാണ് പ്രതിവർഷം 30,000ൽപ്പരം പേർക്ക് നിയമനം നൽകുന്ന പിഎസ്സി ഇക്കൂട്ടരുടെ ശത്രുവായി മാറുന്നത്.
പിഎസ്സിയുടെ വിശ്വാസ്യതയും സൽപ്പേരും ദേശീയതലത്തിൽ തകർക്കേണ്ടത് ബിജെപിയുടെ അടിയന്തര ആവശ്യമാണ്. ഇൗയിടെ ജെൻ സീ പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന ചർച്ചകളിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസവും ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും സർക്കാർ നിയമനങ്ങളും മാതൃകയാണെന്ന് മറ്റ് സംസ്ഥാനങ്ങളിലുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിൽ ഇങ്ങനെയൊക്കെ ആകാമെങ്കിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്തുകൊണ്ട് ജനക്ഷേമപദ്ധതികളും സംവിധാനങ്ങളും ആയിക്കൂടാ എന്ന ചോദ്യം വ്യാപകമായി അലയടിച്ചു. അതിനാൽ കേരളത്തിലെ ഇത്തരം സംവിധാനങ്ങളെ ആക്ഷേപിക്കുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടത് നവ ഉദാര നയത്തിന്റെ പ്രയോക്താക്കളുടെ ആവശ്യമാണ്. ഭരണഘടനാവിരുദ്ധമായ നീക്കത്തിൽ കോൺഗ്രസും ബിജെപിയും സഹകരിക്കുന്നത് ഇൗ ലക്ഷ്യത്തോടെയാണ്. വി ഡി സതീശൻ സർക്കാരാകട്ടെ, ബിജെപി നയങ്ങളെ ആവേശത്തോടെ വാരിപ്പുണരാൻ അവസരം കാത്തിരിക്കുന്നവരാണ്.
എൽഡിഎഫ് ഭരണകാലത്ത് കുതന്ത്രങ്ങൾ നടപ്പാക്കാൻ യുഡിഎഫിനും ലോക്ഭവനും ഇടയിൽ പാലമായി പ്രവർത്തിക്കുകയും മാധ്യമങ്ങളുടെ വഴിവിട്ട ലാളന അനുഭവിക്കുകയും ചെയ്ത സംഘമാണ് ഇൗ വിഷയത്തിലും കരുനീക്കം തുടങ്ങിയത്. ബിജെപിക്ക് വേണ്ടത് ഇവർ തളികയിൽവച്ച് നൽകുകയാണ് ചെയ്തതെന്ന് പ്രമുഖ യുഡിഎഫ് പത്രം മറയില്ലാതെ എഴുതിയിട്ടുണ്ട്. രാഷ്ട്രീയഭിക്ഷാംദേഹികളും സംഘപരിവാറും ചേർന്ന് തയ്യാറാക്കിയ പരാതിക്ക് നിയമപരമായ ഭാഷ്യം നൽകാനും ബിജെപി സഹായം ലഭിച്ചുവെന്ന് റിപ്പോർട്ടുണ്ട്. ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. ഇതിൽത്തന്നെ അസാധാരണമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചത്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിയമപരമായ മാർഗങ്ങളുണ്ട്. അതെല്ലാം ലംഘിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഹാനികരമാണ്. ലോക്ഭവൻ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനകളും നീക്കങ്ങളും അറിഞ്ഞില്ലെന്നു നടിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് ഗവർണർ ശുപാർശ അയച്ചതെങ്കിൽ അതിന് പീറക്കടലാസിന്റെ വിലപോലുമില്ല. മന്ത്രിസഭ അനുമതി നൽകിയോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി വി ഡി സതീശനാണ്.
ഭരണഘടനയുടെ 356–ാംവകുപ്പ് ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനുള്ള അധികാരം മുന്പ് കേന്ദ്രസർക്കാരുകൾ അടിക്കടി ദുരുപയോഗിച്ചിരുന്നു. ഇതിനെതിരെ രാജ്യത്ത് ജനവികാരം ഉയരുകയും സുപ്രീംകോടതി ശക്തമായി ഇടപെടുകയും ചെയ്തതോടെയാണ് ഇൗ പ്രവണതയ്ക്ക് തെല്ല് ശമനമുണ്ടായത്. ഇപ്പോൾ പിഎസ്സിയെ പിരിച്ചുവിടാനുള്ള ശുപാർശയ്ക്ക് കൈയടിക്കുന്നവർ നാളെ തങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് ഓർക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്നതിന്റെ ഭാഗംകൂടിയാണ് ബിജെപിയുടെ ഇത്തരം നീക്കങ്ങൾ.









0 comments