ad
Deshabhimani

തുടർഭരണത്തിന്റെ തുടർ സ്പന്ദനങ്ങൾ

edit
വെബ് ഡെസ്ക്

Published on Feb 16, 2026, 12:01 AM | 2 min read


​ഒരു ദേശത്തിന്റെ, കേരളത്തിന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ് മൂന്ന് ജാഥാ പ്രയാണം. ജാഥാ യാത്രയുടെ ഒടുവിൽ അതിന്റെ മൂന്ന്‌ ക്യാപ്റ്റൻമാരും ഒരേ സ്വരത്തിൽ പറഞ്ഞു: ചരിത്രം ആവർത്തിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണി തുടർച്ചയായി മൂന്നാംവട്ടവും അധികാരത്തിൽ വരും. എൽഡിഎഫിന്റെ പത്തുവർഷത്തെ തുടർച്ചയായ ഭരണത്തെ മുൻനിർത്തി നാട്ടിലെ മുതിർന്നവരും ചെറുപ്പക്കാരും സ്ത്രീകളും കുട്ടികളുമെല്ലാം വഴിയിലിറങ്ങി വന്ന് പറഞ്ഞത് അതാണ്. പത്തുവർഷംകൊണ്ട് കേരളത്തിൽ വന്ന മൗലികമായ മാറ്റങ്ങൾ അവരുടെ അനുഭവമാണ്. ഈ നാടിന്റെ ഉശിരാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരെന്ന് ജനസഞ്ചയം ആവർത്തിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ഇടതുപക്ഷം മാത്രമാണ് ശരിയെന്ന് ജനക്കൂട്ടം ഉറക്കെ വിളിച്ചുപറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ തിങ്കളാഴ്ച പാലക്കാട് വടക്കഞ്ചേരിയിൽ സമാപിക്കും. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിച്ച മധ്യമേഖലാ ജാഥ ശനിയാഴ്ച കൊച്ചിയിലും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച തെക്കൻമേഖലാ ജാഥ ഞായറാഴ്ച തിരുവനന്തപുരത്തും സമാപിച്ചു. ജനലക്ഷങ്ങൾ വികസന മുന്നേറ്റ ജാഥയെ കേൾക്കാനെത്തി. എവിടെയും നവാഹ്ലാദത്തിന്റെയും ആവേശത്തിന്റെയും അലകടലുകൾ.


ഇടതുപക്ഷത്തിന് മാത്രം നിർവഹിക്കാൻ കഴിയുന്ന ചരിത്രപരമായ ദൗത്യത്തിനാണ് പത്തുകൊല്ലമായി കേരളം സാക്ഷ്യംവഹിച്ചതെന്ന് ഓരോ പ്രദേശത്തും ജാഥയെ വരവേൽക്കാനെത്തിയവരും നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയവരും അടിവരയിട്ട് പറഞ്ഞു. കേരളത്തിന്റെ പുതിയൊരു ഉയിർത്തെഴുന്നേൽപ്പാണ് ഈ നാളുകളിൽ സംഭവിച്ചത്. മലയാളിയുടെ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന മുഹൂർത്തങ്ങൾ. ഏതു മലയാളിക്കും നാട് പുതിയ ഭൂമിയും പുതിയ ആകാശവുമായി മാറിയ കാലം. മലമടക്കുകളിൽ, ഗ്രാമ നഗരങ്ങളിൽ, തീരദേശങ്ങളിൽ, ഗ്രാമഗ്രാമാന്തരങ്ങളിൽ, കാർഷിക- വ്യവസായിക മേഖലകളിലുണ്ടായ പരിവർത്തനങ്ങൾ ആർക്കും തൊട്ടറിയാവുന്നതാണ്.


എവിടെയും മികച്ച, ആധുനിക സൗകര്യങ്ങളുള്ള സർക്കാരാശുപത്രികൾ, തലയെടുപ്പോടെ പൊതുവിദ്യാലയങ്ങൾ, ഒന്നാന്തരം റോഡുകൾ, പാലങ്ങൾ, ലൈഫിൽ അഞ്ചു ലക്ഷത്തോളം പേർക്ക് വീടുകൾ, 64 ലക്ഷം പേർക്ക് ക്ഷേമ പെൻഷനുകൾ, ആശാ, അങ്കണവാടി പ്രവർത്തകർ, പാചകത്തൊഴിലാളികൾ എന്നിവർക്ക് വേതന വർധന, അതിദാരിദ്ര്യമുക്തി, 32 ലക്ഷത്തോളം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സഹായം... ഇങ്ങനെ എത്രയെത്ര വികസന, ക്ഷേമ, സാമൂഹ്യ സുരക്ഷാ നടപടികൾ. ദേശീയപാതകളുടെ പൂർത്തീകരണം, തീരദേശ - മലയോര ഹൈവേകൾ, കൊച്ചി - ഇടമൺ ഹൈപവർ വൈദ്യുതി ലൈൻ, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി ജലമെട്രോ, വിഴിഞ്ഞം തുറമുഖം. പൊതുയോഗങ്ങളിൽ നേതാക്കൾ വിവരിക്കുമ്പോൾ നീണ്ട കരഘോഷങ്ങളോടെ അത് മാറ്റൊലിയായി, തുടർ ഭരണത്തിന്റെ തുടർ സ്പന്ദനങ്ങളായി കേരളമാകെ മുഴങ്ങുകയായിരുന്നു.


മലയാളികളുടെ സാമൂഹ്യ, രാഷ്ട്രീയ ചിന്തകളെയാകെ സ്വാധീനിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് അഭൂതപൂർവമായ ഈ മുന്നേറ്റം സംഭവിച്ചതെന്ന് ഓരോ കേരളീയനും തിരിച്ചറിയുന്നുണ്ട്. ഒരു ജനതയുടെ മനോഭാവങ്ങളെയും പോരാട്ടത്തിനുള്ള ആശയങ്ങളെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം. നാടിനെ, ജനതയെ, സമൂഹത്തെ, സംസ്കാരത്തെ അടിമുടി മാറ്റിപ്പണിതുകൊണ്ടാണ് ഈ പ്രസ്ഥാനം കേരളത്തിൽ മുന്നേറിയത്. അങ്ങനെ, സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന സാമാന്യജനത ചരിത്രത്തിലേക്ക് കടന്നുവന്നു. അതായത്, ചരിത്രമില്ലാത്തൊരു ജനത ചരിത്രം സൃഷ്ടിക്കുന്ന ശക്തിയായി ഉയർന്നു.


1957 ഏപ്രിൽ അഞ്ചിന് ഇ എം എസ് മന്ത്രിസഭ അധികാരമേറ്റതോടെ മലയാളി പുതിയൊരു വഴിയിലൂടെ നടന്നുകയറാൻ തുടങ്ങി. വേല ചെയ്യുവോർ, വിയർപ്പൊഴുക്കുന്നോർ മണ്ണിന്റെ നേരവകാശികളായി. അന്ന് ഇ എം എസ് അടിത്തറ പാകിയ ആ വഴികളിലൂടെ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബദൽ വഴികളിലൂടെ തന്നെയാണ് പിണറായി സർക്കാർ പുതിയ കാലത്തിന്റെ കേരളം രൂപപ്പെടുത്തിയത്. എല്ലാ മലയാളിയുടെയും സ്വപ്നങ്ങളുടെ പ്രകാശഗോപുരമായി ഈ സർക്കാർ നിലകൊള്ളുന്നു. പ്രതിസന്ധികളിൽ അതിജീവനത്തിന്റെ മുന്നണിപ്പോരാളിയായി സർക്കാർ ഏവർക്കും ഒപ്പമുണ്ടെന്ന് ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. മാനവികതയുടെ, മതനിരപേക്ഷതയുടെ തുരുത്തായി, മനുഷ്യ ജീവിതത്തിൽ വേരുകളാഴ്‌ത്തി വിശ്വമാകെ പടർന്നു നിൽക്കുന്ന ഒരിടമായി കേരളം മാറിയതും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹാബലത്തിലാണ്.


കേരളത്തിന്റെ ഈ ഇടതുപക്ഷ രാഷ്ട്രീയ മനസ്സിനെ തകർക്കാനും എൽഡിഎഫ് സർക്കാരിന്റെ ഏതു മഹത്തായ ജനകീയ പദ്ധതിയെയും വികസന മുന്നേറ്റത്തെയും തുരങ്കം വയ്ക്കാനുമാണ് സംസ്ഥാനത്തെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത്. ധനപരമായ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നതും ഇതുകൊണ്ടുതന്നെ. എല്ലാ വലതുപക്ഷ, വർഗീയ, പ്രതിലോമ ശക്തികളും മാധ്യമങ്ങളും ഒന്നിച്ചണിനിരന്നാലും അതിനെയെല്ലാം വകഞ്ഞു മാറ്റി ഇടതുപക്ഷ രാഷ്ട്രീയം മുന്നേറും. മൂന്നുജാഥകളുടെ മഹാവിജയം നൽകുന്ന സന്ദേശം അതുതന്നെയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home