ഭിന്നത വളർത്താൻ ഭാഷയും

വിഭജന രാഷ്ട്രീയത്തിന് വിദ്യാഭ്യാസത്തെയും ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) വീണ്ടും കൂട്ടുനിൽക്കുന്നത് തികച്ചും ആപൽക്കരമായ സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്. ത്രിഭാഷാ പദ്ധതിവഴി ദക്ഷിണേന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഊർജിതമായിരിക്കുന്നതിനിടെ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്കായുള്ള പുസ്തകത്തിന്റെ തലക്കെട്ടുകൾ ഹിന്ദിയിലാക്കിയ എൻസിഇആർടിയുടെ നടപടി നിഷ്‌കളങ്കമാണെന്ന് കരുതാനാകില്ല. ഇന്ത്യ എന്നാൽ ഹിന്ദി ആണെന്ന സന്ദേശം നൽകി വിഭജന രാഷ്ട്രീയത്തിന് കുടപിടിക്കുകയാണ് എൻസിഇആർടി. ചരിത്ര പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധിവധം, മുഗൾ ചരിത്രം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കി നേരത്തേതന്നെ സംഘപരിവാർ ദാസ്യം തെളിയിച്ചിട്ടുള്ള എൻസിഇആർടിയുടെ ഈ നടപടിയും രാഷ്ട്രീയ ലക്ഷ്യംതന്നെ.
ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ പാഠപുസ്തകം തയ്യാറാക്കുന്ന എൻസിഇആർടി ഓരോ ഭാഷയിലെയും പുസ്തകങ്ങൾക്ക് അതത് ഭാഷയിൽ തലക്കെട്ട് നൽകുകയായിരുന്നു ഇതുവരെ പതിവ്. എന്നാൽ, പുതിയ പുസ്തകങ്ങളിൽ ഇംഗ്ലീഷ് ഭാഷയുടെ പുസ്തകങ്ങൾക്കടക്കം ഹിന്ദി പേരാണ് നൽകിയിരിക്കുന്നത്. ആറ്, ഏഴ് ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് കഴിഞ്ഞ വർഷം ഹണിസക്കിൾ (Honey Suckle), ഹണികോംബ് (Honeycomb) എന്നിങ്ങനെയായിരുന്നു പേരുകൾ. ഇക്കുറി അതിന് നൽകിയിരിക്കുന്നത് കിഴക്ക് എന്നർഥം വരുന്ന പൂർവി എന്ന പേരാണ്. ഒന്ന്, രണ്ട് ക്ലാസുകളിലെ പുസ്തകങ്ങളുടെ പേരുകൾ മൃദംഗ് എന്നും സന്തൂർ എന്നും നൽകിയിരിക്കുന്നു. ഗണിതശാസ്ത്ര പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പേരും ഹിന്ദി പതിപ്പിന്റേതുപോലെ ഗണിത പ്രകാശ് എന്നുതന്നെ. പേരുകൾ ഹിന്ദിയിലേതാണെങ്കിലും എഴുതിയിരിക്കുന്നത് ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചാണ്. ഇത് ശരിയായ ഉച്ചാരണത്തിന് തടസ്സമാകുമെന്ന് ചില ഭാഷാപണ്ഡിതർ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസനയം അനുസരിച്ചുള്ള പാഠപുസ്തകങ്ങൾ 2023 മുതൽ എൻസിഇആർടി പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. ഒന്ന്, രണ്ട് ക്ലാസുകളിലെ പുസ്തകങ്ങൾ 2023ലും മൂന്ന്, നാല് ക്ലാസുകളിലെ പുസ്തകങ്ങൾ 2024ലും പുറത്തിറക്കി. ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കെയാണ് പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകി എൻസിഇആർടി പരീക്ഷണത്തിന് മുതിർന്നിരിക്കുന്നത്. യുക്തിരഹിതമായ ഈ തീരുമാനത്തിന് രാഷ്ട്രീയ യജമാനന്മാരുടെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കുക എന്നതൊഴിച്ച് മറ്റൊരു കാരണവും ചൂണ്ടിക്കാട്ടാനില്ല.
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടിയതുപോലെ പാഠപുസ്തകങ്ങളുടെ തലക്കെട്ടുകൾ വെറും പേരല്ല. പുസ്തകത്തിലേക്കുള്ള പ്രവേശനവാതിലെന്ന നിലയിൽ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നതിൽ അതിന് പങ്കുണ്ട്. ഹിന്ദി ബെൽറ്റ് ഒഴിച്ചുള്ള പ്രദേശങ്ങളിലെ കുട്ടികൾക്ക് ഹിന്ദിയിലുള്ള പേര് അപരിചിതവും അന്യവും ആയെന്നു വരാം. അത് അവരെ പാഠപുസ്തകത്തിൽനിന്ന് അകറ്റിയെന്നും വരാം.
സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ ഭാഗമായാണ് ഗാന്ധിജി അടക്കമുള്ളവർ ഹിന്ദി പ്രചാരണത്തിന് ഊന്നൽ നൽകിയതെങ്കിൽ സാംസ്കാരിക കൊളോണിയലിസത്തിന്റെ ഭാഗമായാണ് ഇന്ന് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ‘നാനാത്വത്തിൽ ഏകത്വം’ എന്ന ഇന്ത്യയുടെ അടിസ്ഥാന യാഥാർഥ്യത്തെ തമസ്കരിച്ച് ഒരു രാജ്യം, ഒരൊറ്റ സംസ്കാരം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് സാംസ്കാരിക അധിനിവേശത്തിനുള്ള ഉപകരണമായി ഭാഷയെ ഉപയോഗിക്കുകയാണ് സംഘപരിവാറിനാൽ നയിക്കപ്പെടുന്ന എൻഡിഎ സർക്കാർ.
രാജ്യത്തെ 22 ഔദ്യോഗികഭാഷയിൽ ഒന്നുമാത്രമായ ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയാണെന്ന ധാരണയുണ്ടാക്കാനുള്ള ശ്രമം കുറച്ചുകാലമായിത്തന്നെ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ പദ്ധതി മുന്നോട്ടുവച്ചത്. അതിനെതിരെ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം നിലനിൽക്കെയാണ് എൻസിഇആർടിയുടെ വിവാദ തീരുമാനം. ആശയവിനിമയത്തിനും പരസ്പരം അറിയാനും ഐക്യപ്പെടാനുമായാണ് മനുഷ്യൻ ഭാഷകൾ രൂപപ്പെടുത്തിയത്. അതിനാൽതന്നെ ഭാഷകളെല്ലാം മനോഹരവുമാണ്. എന്നാൽ, ചില ഭാഷകളെ വരേണ്യഭാഷയാക്കി മാറ്റുന്നത് നിക്ഷിപ്ത രാഷ്ട്രീയതാൽപ്പര്യം മാത്രമാണ്. ഭൂരിപക്ഷം, ന്യൂനപക്ഷം എന്നിങ്ങനെ മതത്തിന്റെ അടിസ്ഥാനത്തിലും വടക്ക്, തെക്ക് എന്നിങ്ങനെ പ്രദേശത്തിന്റെ അടിസ്ഥാനത്തിലും ഹിന്ദി, അഹിന്ദി എന്നിങ്ങനെ ഭാഷയുടെ അടിസ്ഥാനത്തിലും രാജ്യത്തെ വിഭജിച്ച് ഒന്ന് മറ്റൊന്നിനുമേൽ അധീശത്വം സ്ഥാപിക്കുന്ന ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖമായി മാറിയിരിക്കുന്നു എൻസിഇആർടിയും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാഠപുസ്തകങ്ങളുടെ പേരുമാറ്റൽ എന്ന അപഹാസ്യ നടപടി.
ദേശീയ സ്വഭാവമുള്ളതും അതേസമയം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ ഉൾക്കൊള്ളുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുക എന്നതാണ് 1961ൽ രൂപീകൃതമായ എൻസിഇആർടിയുടെ ദൗത്യം. എന്നാൽ, എൻഡിഎ സർക്കാരിനുകീഴിൽ സാംസ്കാരിക ഫാസിസത്തിന്റെ പാഠങ്ങൾ വിദ്യാഭ്യാസത്തിലൂടെ വരുംതലമുറയിലേക്കു പകർത്തുന്നതിനുള്ള ശ്രമത്തിലാണ് രാജ്യത്തിന്റെ ഭാഗധേയത്തിൽ നിർണായക സ്ഥാനമുള്ള ഈ സ്ഥാപനം. ഒരു രാജ്യം, ഒരു സംസ്കാരം, ഒരു രാഷ്ട്രീയം, ഒരു നേതാവ് എന്ന ഏകാധിപത്യത്തിലേക്കുള്ള പാതയിൽ രാജ്യത്തെ നയിക്കാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നതാണ് എൻസിഇആർടിയുടെ നടപടി.










0 comments