ചരിത്രം ഒരു സമരരൂപം

ചരിത്രത്തെ ഒരു സമരരൂപമായി കണ്ട ചരിത്രകാരൻ ഡോ. കെ എൻ പണിക്കർ ചരിത്രത്തിലേക്ക് വിടവാങ്ങിയിരിക്കുന്നു. രാജ്യത്തെ മതനിരപേക്ഷപോരാളികളെയും ജനാധിപത്യവാദികളെയും ദുഃഖത്തിലാഴ്‌ത്തുന്ന വിയോഗം. സംഘപരിവാറിന്റെ വ്യാജചരിത്ര നിർമിതികൾ ബലിഷ്‌ഠമാകുന്ന വർത്തമാനകാലത്ത് കെ എൻ പണിക്കരെപ്പോലുള്ള പ്രതിഭാധനനായ പണ്ഡിതന്റെ അസാന്നിധ്യം, ഇന്ത്യ എന്ന ആശയം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വം വർധിപ്പിക്കുന്നു.
ഒരു മാർക്‌സിസ്റ്റ് ചരിത്രകാരൻ എന്തായിരിക്കണമെന്നതിന്റെ അനന്യമായ ഉദാഹരണമാണ് കെ എൻ പണിക്കർ. ചരിത്രരചനയുടെ രീതിശാസ്‌ത്രത്തിന്റെ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യം. അതിനേക്കാളേറെ അധിനിവേശ ആധുനികതയുടെ ചരിത്രകാരൻ എന്ന നിലയിലും സമൂഹത്തിലെ ഓരോ ചലനത്തോടും പ്രതികരിച്ച പോരാളി എന്ന നിലയിലും കാലം അദ്ദേഹത്തെ അടയാളപ്പെടുത്തും.
ചരിത്രപണ്ഡിതൻ എന്ന നിലയ്‌ക്ക് ചാരുകസേര ബുദ്ധിജീവിയായി രചന നിർവഹിക്കുകയായിരുന്നില്ല അദ്ദേഹം. വർഗീയതയുടെ കടന്നാക്രമണങ്ങളിൽ മുറിവേറ്റ ജനതയുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അധ്യാപനകാലത്ത് താൻ സാക്ഷിയായ സിഖ് വിരുദ്ധ കലാപത്തിന്റെ നാളുകളിൽ മുറിവേറ്റവരെ കാണാനും ബാബ്‌റി മസ്‌ജിദ് ധ്വംസനത്തിന്റെയും ഗുജറാത്ത് വംശഹത്യയുടെയും നാളുകളിൽ രാജ്യത്തുടനീളം യാത്രചെയ്‌ത് മതനിരപേക്ഷവാദികളുടെ കൂട്ടായ്‌മയ്‌ക്ക് നേതൃത്വം നൽകാനും തയ്യാറായി. ജെഎൻയുവിലെ ചരിത്രവിഭാഗം അധ്യാപകൻ, കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ സ്ഥാപക ചെയർമാൻ എന്നീ നിലകളിലും സ്‌തുത്യർഹമായ സേവനം നടത്തി.
ചരിത്രരചനയിലെ അദ്ദേഹത്തിന്റെ ഉപാധി ചരിത്രപരമായ ഭൗതികവാദമായിരുന്നു. ചരിത്രരചനയ്‌ക്ക് സാംസ്‌കാരിക പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിന് ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി നേതാവ് അന്റോണിയോ ഗ്രാംഷിയുടെ ആശയങ്ങളായിരുന്നു അടിസ്ഥാനം. മെയ്‌ക്കിങ് ഓഫ് വർക്കിങ് ക്ലാസ് എഴുതിയ ഇ പി തോംസണിന്റെയും കൾച്ചറൽ മെറ്റീരിയലിസം എഴുതിയ റെയ്‌മണ്ട് വില്യംസിന്റെയും സമീപനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ധൈഷണിക സമീപനങ്ങൾക്ക് സാമ്യം.
കൊളോണിയൽ ആധുനികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചരിത്രവ്യാഖ്യാനങ്ങളും വിശ്ലേഷണങ്ങളും പ്രസിദ്ധം. ഇന്ത്യയുടെ ബൗദ്ധിക ചരിത്രരചനയിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയത്. കൊളോണിയൽ വാഴ്‌ചയ്‌ക്കെതിരെ ഇന്ത്യൻ ജനത നടത്തിയ സമരങ്ങളെയും അതിന് നേതൃത്വം നൽകിയവരെയും സൂക്ഷ്‌മവിശകലനത്തിന് വിധേയമാക്കി. ഇന്ത്യൻ നവോത്ഥാനത്തെയും കേരളത്തിലെ സാമൂഹിക നവോത്ഥാനത്തെയും പറ്റിയുള്ള വിപുലമായ അന്വേഷണങ്ങളും സൂക്ഷ്‌മമായ വിശകലനങ്ങളും ഇൗ മേഖലയ്‌ക്ക് ഗണനീയമായ സംഭാവനകളാണ് നൽകിയത്.
മിത്തുകളെയും അന്ധവിശ്വാസങ്ങളെയും ചോദ്യംചെയ്‌ത് ഒരു ശാസ്‌ത്രീയബോധം വളർത്തിയെടുക്കുന്നതിൽ ചരിത്രപഠനത്തിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.
ഇന്ത്യയിലെ ജനാധിപത്യം, മതനിരപേക്ഷത, വർഗീയത എന്നീ വിഷയങ്ങളിലെ ഡോ. പണിക്കരുടെ പഠനങ്ങൾ സുപ്രധാനമാണ്. ഇൗ പഠനങ്ങൾക്ക് ആധാരമാക്കിയ ഗ്രാംഷിയുടെ ഹെജിമണിപോലെയുള്ള ആശയങ്ങൾ പ്രകടമാകുന്നത് മലബാർ കലാപത്തെ അടിസ്ഥാനമാക്കിയുള്ള എഗൈൻസ്റ്റ് ലോഡ് ആൻഡ് സ്റ്റേറ്റ് (പ്രഭുത്വത്തിനും ഭരണകൂടത്തിനും എതിരെ) എന്ന ഗ്രന്ഥത്തിലാണ്. മന്പുറം തങ്ങൾമാരും ഉമർഖാസിയുമടക്കമുള്ള പണ്ഡിതർ നടത്തിയ ഇടപെടലുകൾ എങ്ങനെയാണ് കൊളോണിയലിസത്തിനും ഭൂപ്രഭുത്വത്തിനും എതിരായി ജനങ്ങളെ അണിനിരത്താൻ സഹായിച്ചത് എന്ന പഠനത്തിലെ സമീപനം ചരിത്രരചനയിൽ മുന്പെങ്ങും കാണാത്തതായിരുന്നു.
ചരിത്രത്തെ വർഗീയവൽക്കരിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത പണ്ഡിതനായിരുന്നു കെ എൻ പണിക്കർ. ചരിത്രരചന വസ്‌തുനിഷ്‌ഠവും മതനിരപേക്ഷവുമായിരിക്കണമെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ‘ടുവേഡ്സ് ഫ്രീഡം' എന്ന ബൃഹദ് ഗവേഷണപദ്ധതിയിൽ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള വോള്യങ്ങളുടെ എഡിറ്റർമാരിൽ ഒരാളായിരുന്നു ഡോ. പണിക്കർ. ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരിച്ചത് ആയുധംകൊണ്ടുമാത്രമല്ല, മറിച്ച് അവരുടെ സംസ്‌കാരവും വിദ്യാഭ്യാസരീതിയും നമ്മളിൽ അടിച്ചേൽപ്പിച്ചാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇതിനെതിരെയുള്ള ‘സാംസ്‌കാരിക പ്രതിരോധം' എങ്ങനെയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പഠനങ്ങളുടെ കാതൽ.
മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള സമകാലപോരാട്ടങ്ങൾക്ക് വഴികാട്ടിയ ബൗദ്ധികജീവിതമായിരുന്നു പണിക്കരുടേത്. കാലമെത്ര കഴിഞ്ഞാലും ചരിത്രത്തോടും വർത്തമാനത്തോടുമുള്ള അദ്ദേഹത്തിന്റെ ബൗദ്ധികപോരാട്ടം ജീവസ്സുറ്റതായി നിലനിൽക്കും.










0 comments