കിൻഫ്ര ഭൂമിയിൽ തകർന്നത് നുണകളുടെ കൊട്ടാരം

കിഫ്ബി എന്ന താരതമ്യമില്ലാത്ത വികസനമാർഗത്തെക്കുറിച്ച് യുഡിഎഫ് നേതാക്കൾ പറഞ്ഞ നുണകളെത്രയാണ്. കേരളത്തിന്റെ 70 വർഷത്തെ ചരിത്രത്തിൽ ഇന്നോളമില്ലാത്ത വിധം പശ്ചാത്തലസൗകര്യ വികസനത്തിന് ചാലകശക്തിയായ കിഫ്ബി വഴി സമഗ്രമേഖലകളിലും അതിശയിപ്പിക്കുന്ന വികസനപദ്ധതികൾ യാഥാർഥ്യമായി. ഭരണപക്ഷ–പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ മണ്ഡലങ്ങളിലും നടന്നത് വികസനവിപ്ലവംതന്നെ. തെരഞ്ഞെടുപ്പുപ്രചാരണ ഘട്ടത്തിൽത്തന്നെ കിഫ്ബിയെ കടന്നാക്രമിച്ചവർ അധികാരമേറ്റാൽ ആ സംവിധാനത്തെ തകർക്കുമെന്ന് ഉറപ്പായിരുന്നു. അതുതന്നെ സംഭവിച്ചു. കിഫ്ബിയുടെ മരണമണി മുഴങ്ങിയത് കേരളത്തിന്റെ വികസനമാഗ്രഹിക്കുന്നവർ അതീവദുഃഖത്തോടെയാണ് കേട്ടത്.
എന്നാൽ, കഴിഞ്ഞദിവസം സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിൽ സംഭവിച്ച കാര്യം മറ്റൊന്നാണ്. ഇൗ മന്ത്രിസഭയെ നയിക്കുന്നവരുടെ കാപട്യവും അവരുടെ നടപടികളിലെ വിരോധാഭാസവും വെളിപ്പെടുത്തുന്ന ഒന്ന്. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലെ, വിമാനത്താവളവുമായി ബന്ധപ്പെട്ട് വ്യവസായവികസനത്തിന് കിഫ്ബിയുടെ സഹായത്തോടെ ഭൂമി കിൻഫ്ര ഏറ്റെടുത്തതിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി സതീശൻതന്നെ അതേ ഭൂമി ലോകോത്തര വ്യവസായനഗരങ്ങൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഇവിടെ വ്യവസായകേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നു. മാത്രമല്ല, ഈ പദ്ധതികൾ കേന്ദ്രം അംഗീകരിക്കുമെന്ന് ഉറപ്പുവരുത്താൻ എംപിമാർ ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചിരിക്കുകയാണ്. എംപിമാരുടെ യോഗത്തിൽ വിതരണം ചെയ്ത അജൻഡയിലാണ് സ്ഥലത്തെക്കുറിച്ചുള്ള മുൻനിലപാട് ഒരുളുപ്പുമില്ലാതെ വിഴുങ്ങിയത്.
ഭൂമി വ്യവസായത്തിന് അനുയോജ്യമാണെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുണ്ടെങ്കിൽ, അതിന്റെ വ്യവസായ വികസനസാധ്യത മുൻകൂട്ടി കണ്ട് ഏറ്റെടുത്ത മുൻസർക്കാരിന്റെ തീരുമാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ യുക്തി എന്താണെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഭൂമിയുടെ വ്യവസായസാധ്യത അംഗീകരിക്കുന്നുണ്ടെങ്കിൽ, ഭൂമി ഏറ്റെടുക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ വികസനപരമായ യുക്തിയെ എങ്ങനെയാണ് ഇൗ സർക്കാരിന് പൂർണമായി തള്ളിക്കളയാനാകുക.
2026 ഒക്ടോബർമുതൽ നവംബർവരെയുള്ള സംഭവങ്ങൾ പരിശോധിക്കുമ്പോൾ മുഖ്യമന്ത്രിയുടെ കാപട്യം കൂടുതൽ വ്യക്തമാകും. ഒക്ടോബർ 28നാണ് കണ്ണൂർ ജില്ലയിലെ വെള്ളപ്പറമ്പ്–കീഴല്ലൂർ ഭാഗത്ത് 475 ഏക്കറും പനയത്തംപറമ്പിൽ 497 ഏക്കറും അടക്കം കിഫ്ബി മുഖേന ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചത്. ഭൂമി ഏറ്റെടുക്കലിൽ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാൻ വിജിലൻസ് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങിയത് ഒക്ടോബർ 30ന്. ഇക്കഴിഞ്ഞ വ്യാഴാഴ്ച അതായത് നവംബർ 25ന് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനുമുന്നോടിയായി ചേർന്ന എംപിമാരുടെ യോഗത്തിലാണ്, കേന്ദ്രത്തിന്റെ ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ) പദ്ധതിയിൽ കണ്ണൂരിലെ കിൻഫ്രയ്ക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയുടെ ഭാഗങ്ങളും ഉൾപ്പെടെ കേരളത്തിന്റെ വ്യവസായനഗര സംബന്ധിയായ നിർദേശങ്ങൾ അവതരിപ്പിക്കുന്നത്.
നുണകൾകൊണ്ട് കെട്ടിപ്പൊക്കിയ കൊട്ടാരത്തിൽ ഇരുന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഴ്ച. അധികാരത്തിലേറിയതുതന്നെ നുണകളുടെ ബൃഹദ്ശേഖരം നാട്ടുകാർക്കുമുന്നിൽ തുറന്നുവച്ചുകൊണ്ടാണ്. ആ നുണകൾ വിശ്വസിച്ച് യുഡിഎഫ് സർക്കാരിനെ ആറുമാസംമുന്പ് അധികാരത്തിലേറ്റിയവർക്ക് വളരെ പെട്ടെന്നുതന്നെ തങ്ങളുടെ ചെയ്തിയിൽ കുറ്റബോധം തോന്നുന്നത് സ്വാഭാവികം. ഓരോ മേഖലയിലും യുഡിഎഫ് സർക്കാർ പരാജയമാണെന്ന് യുഡിഎഫുകാർക്കുതന്നെ ബോധ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.









0 comments