print edition എന്തൊരു സ്‌പീഡിലാണ് ഇൗ ഡീലുകൾ

അയോധ്യയിൽ നൂറ്റാണ്ടുകളായി ബാബ്‌റി മസ്‌ജിദ് നിന്നിടത്ത് രാമക്ഷേത്രം നിർമിക്കാൻ സംഘപരിവാർ ആവിഷ്‌കരിച്ച പദ്ധതിയെ തുടക്കംമുതൽ കോൺഗ്രസ് ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു. നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ജി ബി പന്ത് മുതൽ പിന്നീട് കോൺഗ്രസ് പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവരെല്ലാം ഇൗ വിഷയത്തിൽ വ്യത്യസ്‌ത ഘട്ടങ്ങളിൽ സ്വീകരിച്ച നിലപാടുകൾ സംഘപരിവാറിന്റെയും ബിജെപിയുടെയും നീക്കങ്ങൾക്ക് ഉത്തേജനമായി.
പലതവണ ചോരപ്പുഴ ഒഴുകാൻ ഇടയാക്കിയ അയോധ്യപ്രസ്ഥാനത്തിന് ബിജെപി നേരിട്ട് നേതൃത്വം നൽകിയെങ്കിൽ, രാമക്ഷേത്രം ഉയർന്നതിന്റെ ഖ്യാതി ഏറ്റെടുക്കാൻ കോൺഗ്രസ് നേതാക്കൾ മത്സരിച്ചതും രാജ്യം കണ്ടു. കേരളത്തിൽ ഏതാണ്ട് ഒരുമാസംമുമ്പ് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന്റെ ചെയ്‌തികൾ, ദേശീയതലത്തിൽ ബിജെപിയുടെ ‘ബി ടീമാ’യി കോൺഗ്രസ് പ്രവർത്തിക്കുന്നതിന്റെ പകർപ്പുരീതികളാണ്.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച് ആർഎസ്‌എസ് പ്രീണനം നടത്തിയെങ്കിൽ നയപ്രഖ്യാപനവേളയിൽ നിയമസഭയിൽ ആദ്യമായി വന്ദേമാതരം മുഴങ്ങി. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസുകാർമാത്രമല്ല, മുസ്ലിംലീഗ് മന്ത്രിമാരും സംസ്ഥാനത്ത് ആർഎസ്‌എസ് അജൻഡ നടപ്പാക്കാൻ ലജ്ജാകരമായ വിധേയത്വം പ്രദർശിപ്പിക്കുന്നു.
കേന്ദ്രഭരണത്തിന്റെ ഹുങ്കിൽ സർവമേഖലയിലും ആർഎസ്‌എസ് നടത്തിവന്ന കടന്നാക്രമണശ്രമങ്ങളെ നെഞ്ചുറപ്പോടെ ചെറുക്കുകയാണ് കഴിഞ്ഞ പത്തുവർഷം എൽഡിഎഫ് സർക്കാർ ചെയ്‌തത്. യുഡിഎഫ് സർക്കാരാകട്ടെ, മുട്ടിലിഴഞ്ഞ് ആർഎസ്‌എസിനെയും കേന്ദ്രത്തെയും പ്രീണിപ്പിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനവും ധവളപത്രവും ബജറ്റും കേന്ദ്രത്തിലെ ഹിന്ദുത്വ–കോർപറേറ്റ് വാഴ്‌ചയ്‌ക്ക് കുടപിടിക്കുന്നതായി.
കേന്ദ്രവുമായി അനാരോഗ്യകരമായ ഏറ്റുമുട്ടൽ നടത്താനില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ, കേന്ദ്രഫണ്ട് കിട്ടുമെങ്കിൽ ഏതുരീതിയിലും കീഴടങ്ങുന്നതിൽ തെറ്റില്ലെന്നാണ് തദ്ദേശഭരണമന്ത്രി കെ എം ഷാജിയുടെ അഭിപ്രായം. പ്രധാൻമന്ത്രി ആവാസ് യോജന വിഹിതംകൂടി ഉപയോഗിച്ച് നിർമിക്കുന്ന വീടുകളിൽ ‘മോദി ചാപ്പ’ കുത്തുന്നതിനെ മന്ത്രി ന്യായീകരിക്കുകയാണ്.
എൽഡിഎഫ് സർക്കാർ വേണ്ടെന്നുവച്ച, സ്‌കൂൾ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുന്ന പിഎം ശ്രീയുമായി മുന്നോട്ടുപോകുമെന്നാണ് യുഡിഎഫ് സർക്കാർ നിലപാട്.
സർക്കാരും ഭരണമുന്നണിയിലെ ഘടകകക്ഷികളും ഉന്നതവിദ്യാഭ്യാസമേഖലയിൽ സന്പൂർണമായി ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണ്. എംജി, കാർഷിക സർവകലാശാലകളിൽ ആർഎസ്‌എസ് നോമിനികളെ വിസിമാരാക്കാൻ ഗവർണർക്ക് കൂട്ടുനിന്നു. എംജി സെനറ്റിൽ 19 ആർഎസ്‌എസുകാരെ ഗവർണർ നാമനിർദേശം ചെയ്‌തപ്പോൾ, ഞരക്കംകൊണ്ടുപോലും യുഡിഎഫ് പ്രതിഷേധിച്ചില്ല. കേരള സർവകലാശാലയിലും വിസി ബിജെപിയുടെ ഉപകരണമായി നിലകൊള്ളുന്പോൾ സർക്കാർ മൗനത്തിൽ.
മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം ഗവർണർ നേരിട്ട് വിളിച്ചത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. സംഘപരിവാർ ബന്ധമുള്ള എൻ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കാനുള്ള മന്ത്രിസഭാതീരുമാനം വിവാദമായിട്ടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ഇൗ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും കത്ത് നൽകി. നിയമസഭ, ലോക്‌സഭാ മണ്ഡലങ്ങളുടെ നിർണായക പുനർവിഭജനം നടക്കാനിരിക്കെയാണ് പ്രധാനപ്പെട്ട പദവിയിൽ ഇത്തരമൊരു നിയമനം.
സങ്കുചിതരാഷ്‌ട്രീയ അജൻഡയോടെയാണ് മോദിസർക്കാർ മണ്ഡലം പുനർവിഭജനം നടത്താൻ ഒരുങ്ങുന്നതെന്ന് രാജ്യത്തെ പ്രതിപക്ഷപാർടികൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇൗ ഘട്ടത്തിലാണ് യുഡിഎഫ് സർക്കാർ കോൺഗ്രസ് നേതാക്കളിലും സംശയം സൃഷ്ടിക്കുന്ന നിയമനം നടത്തിയത്.തിരുവനന്തപുരത്ത് കെപിസിസി സ്ഥാപനം ബിജെപി പഠനശിബിരത്തിന് നൽകിയത് കോൺഗ്രസ്–ബിജെപി സഹകരണത്തിന് മറ്റൊരു തെളിവാണ്. നെയ്യാർഡാമിനുസമീപത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സാധാരണ മറ്റു രാഷ്‌ട്രീയപാർടികൾക്ക് വാടകയ്‌ക്ക് നൽകാറില്ല.
കോൺഗ്രസിന്റെ നേതൃയോഗങ്ങളും പരിശീലനപരിപാടികളും മറ്റുമാണ് ഇവിടെ നടത്തിവരുന്നത്. അതിനാൽ ബിജെപി കാട്ടാക്കട മണ്ഡലം സംഘടിപ്പിച്ച ‘ദീൻദയാൽ ഉപാധ്യായ’ ദ്വിദിന പഠനശിബിരത്തിന് കെപിസിസി പ്രസിഡന്റ് നയിക്കുന്ന സ്ഥാപനം വിട്ടുനൽകിയത് എന്തു ഡീലിന്റെ അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫും ബിജെപിയും നടത്തിയ ഒത്തുകളിയുടെ തുടർച്ചയാണ് ഇൗ സംഭവവികാസങ്ങളെന്ന് സംശയലേശമന്യേ പറയാം.











0 comments