ad
Deshabhimani

വെനസ്വേലയിലെ ഇരട്ട ഭൂചലനം: അവശിഷ്ടങ്ങൾക്കിടയിൽ 106 മണിക്കൂർ; 21കാരന് അത്ഭുത രക്ഷപ്പെടൽ

image courtesy : afp

image courtesy : afp

വെബ് ഡെസ്ക്

Published on Jun 30, 2026, 08:59 AM | 1 min read

കാരക്കാസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂചലനത്തിൽ, തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21 വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ദുരന്തം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് യുവാവിനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തത്. എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുക്കെലെയാണ് ഈ വാർത്ത എക്സിലൂടെ പങ്കുവെച്ചത്.


മണിക്കൂറുകൾ നീണ്ട അതീവ സങ്കീർണ്ണവും കഠിനവുമായ ദൗത്യത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുക്കാൻ സാധിച്ചതെന്ന് അദ്ദേഹം കുറിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഹൃദയസ്പർശിയായ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


അതേസമയം വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,450 കവിഞ്ഞു. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ അതീവ നിർണായക മണിക്കൂറുകളിലേക്ക് കടന്നതായി ദേശീയ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് അറിയിച്ചു. ബുധനാഴ്ചയുണ്ടായ ഭൂകന്പത്തിൽ തലസ്ഥാനമായ കരാക്കസിലും തീരദേശ സംസ്ഥാനമായ ലാ ഗ്വൈറയിലും വ്യാപകനാശമുണ്ടായി. ദുരന്തം നടന്ന് നാലുദിവസം പിന്നിട്ടതോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നും ആളുകളെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത മങ്ങുകയാണ്. എങ്കിലും അത്ഭുതകരമായ രക്ഷപ്പെടുത്തലുകൾക്ക്‌ സാധ്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.


ഏകദേശം 69,000 പേരെ കാണാതായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ പ്രാഥമിക കണക്ക്‌. മരണസംഖ്യ കുത്തനെ ഉയർന്നേക്കാം. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ വീർപ്പുമുട്ടുന്നു. കാണാതായവരുടെ ചിത്രങ്ങൾ ആശുപത്രി ചുവരുകളിൽ നിറഞ്ഞു. ആശുപത്രികളും സ്കൂളുകളുമടക്കം എണ്ണൂറോളം കെട്ടിടങ്ങൾ പൂർണമായി തകർന്നു. പന്ത്രണ്ടായിരത്തിലധികം കുടുംബങ്ങൾ ഭവനരഹിതരായി. കാരക്കാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു ഭാഗം തകർന്നതിനാൽ അടിയന്തര സഹായമെത്തിക്കുന്ന വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ലാൻഡിങ്ങിന്‌ അനുമതിയുള്ളത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home