പകൽ ലഹരിക്കെതിരെ മുദ്രാവാക്യം, രാത്രി എംഡിഎംഎഉപയോഗം; ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പിടിയിൽ

ഷർഫിൻ സെബാസ്റ്റ്യൻ
പത്തനംതിട്ട: ലഹരിവിരുദ്ധ തട്ടിപ്പ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റിൽ. എഴുമറ്റൂർ, കൈമല, പുത്തൻപുരക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (25) ആണ് ജില്ലാ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷർഫിൻ പിടിയിലായത്. ഡാൻസാഫ് സംഘം ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ പൊലീസ് സംഘം എഴുമറ്റൂരിലെ ഇയാളുടെ വീട്ടിൽ റെയ്ഡിനെത്തുകയായിരുന്നു.
വീട്ടിലെത്തിയ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഷർഫിൻ പരമാവധി ശ്രമിച്ചു. തന്റെ യഥാർത്ഥ മുറി കാട്ടിക്കൊടുക്കാതെ മറ്റൊരു മുറിയാണ് ഇയാൾ കാണിച്ചത്. എന്നാൽ വീട്ടിൽ തെരച്ചിൽ നടത്തിയ പോലീസ് സംഘം, ഒടുവിൽ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 1.590 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
ലഹരിമരുന്ന് കൂടാതെ, എംഡിഎംഎ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഉപകരണം, ചൂടാക്കി വലിക്കാനുള്ള ഫ്യുവിങ് പൈപ്പുകൾ, പ്ലാസ്റ്റിക് പൈപ്പുകൾ എന്നിവയും ഇയാളുടെ മുറിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. 'ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ' എന്ന ലഹരിവിരുദ്ധ സംഘടനയുടെ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.










0 comments