print edition ഗുണമേന്മയുടെ വിജയത്തിളക്കം

പരിഷ്‌കരിച്ച പാഠപുസ്‌തകം നിലവിൽവന്നശേഷമുള്ള ആദ്യ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. കാലാനുസൃതമായി പുതുക്കിയ കരിക്കുലവും പുതിയ ചോദ്യരീതിയും നിലവിൽവന്നശേഷമുള്ള ആദ്യപരീക്ഷ എന്ന പ്രത്യേകതയുമുണ്ട്. 10 വർഷമായി എൽഡിഎഫ് സർക്കാർ പടിപടിയായി നടപ്പാക്കിയ പരിഷ്‌കരണങ്ങളായിരുന്നു ഇവ. പുതിയ രീതിയിലുള്ള പ്രഥമപരീക്ഷയിൽ മികവാർന്ന വിജയമാണുള്ളത്. 99.07 വിജയശതമാനം.
പരീക്ഷയെഴുതിയ 4,17,497 വിദ്യാർഥികളിൽ 4,10,456 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 30,514 പേർക്ക് എല്ലാത്തിലും എ പ്ലസ്. പെൺകുട്ടികളുടെ വിജയശതമാനം 99.22. പട്ടികജാതി വിഭാഗത്തിൽ 97.82, പട്ടികവർഗത്തിൽ 97.90 എന്നിങ്ങനെയാണ് വിജയശതമാനം. മലയാളം, ഇംഗ്ലീഷ്, സയൻസ്, കണക്ക് വിഷയങ്ങളിൽ 99 ശതമാനത്തിലേറെയാണ് വിജയം. ഐടിയിൽ 100 ശതമാനവും. 1697 സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാവരും ഉന്നതപഠനത്തിന് അർഹരായി. ഗുണമേന്മാ വിദ്യാഭ്യാസം മുൻനിർത്തി പൊതുവിദ്യാഭ്യാസമേഖലയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മാതൃകാപദ്ധതികൾ വിജയംകണ്ടു എന്നതാണ് തെളിയുന്നത്. പ്രഖ്യാപനങ്ങൾക്കപ്പുറം അവ സമയബന്ധിതമായി നടപ്പാക്കാനും സർക്കാരിന് കഴിഞ്ഞു.
പത്തുവർഷത്തിനിടെ മറ്റ് മേഖലകൾക്കൊപ്പം പൊതുവിദ്യാഭ്യാസരംഗത്തിന്റെയും മുഖച്ഛായ മാറ്റി. കിഫ്‌ബിയടക്കമുള്ള പദ്ധതികളിലൂടെ 9000 കോടി രൂപയുടെ അടിസ്ഥാനസൗകര്യവികസന പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസമേഖലയിൽ നടത്തിയത്. ആയിരക്കണക്കിന് സ്‌കൂൾകെട്ടിടങ്ങളും ക്ലാസ്‌മുറികളും അത്യാധുനിക രീതിയിൽ നിർമിച്ചു. പുതിയ കാലത്തിനനുസരിച്ച് ക്ലാസ്‌മുറികൾ ഡിജിറ്റലാക്കി ഉയർത്തി.
2000 സ്‌കൂളുകളിൽ റോബോട്ടിക് ലാബുകൾ സജ്ജമാക്കി. റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്‌തു. അധ്യാപകർക്കും വിദ്യാർഥികൾക്കും എഐ അടക്കമുള്ള സങ്കേതങ്ങളിൽ പരിശീലനം നൽകി. അധ്യാപകപരിശീലനവും കാലോചിതമാക്കി. അധ്യയനവർഷം തുടങ്ങുംമുമ്പ് പാഠപുസ്‌തകങ്ങളും യൂണിഫോമും ഉറപ്പാക്കി. അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ഒന്നുമുതൽ 10 വരെ ക്ലാസിൽ സബ്ജക്‌ട് മിനിമം പദ്ധതി നടപ്പാക്കി. പാഠപുസ്‌തകം ഘട്ടം ഘട്ടമായി പരിഷ്‌കരിച്ചു. ഉച്ചഭക്ഷണപദ്ധതി നിലവാരം ഉറപ്പാക്കുകയും പരിഷ്‌കരിക്കുകയും ചെയ്‌തു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പിന്തുണ ഉറപ്പുവരുത്തി.
വിദ്യാർഥികൾക്കായി ഹെൽത്ത് കാർഡ് പദ്ധതി, സൗജന്യ ഇൻഷുറൻസ് പരിരക്ഷ, കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപരീക്ഷാ പരിശീലനം എന്നിവയും നടപ്പാക്കി. വിദ്യാർഥികളുടെ പാഠ്യേതരപ്രവർത്തനം മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികളും വിജയംKerala SSLC results 2026,കണ്ടു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെമാത്രം 30,564 അധ്യാപകരുടെ ഒഴിവ് നികത്തി.
പൊതുവിദ്യാഭ്യാസരംഗത്തെ കുതിപ്പും നേട്ടങ്ങളും നിലനിർത്താനും തുടരാനും കഴിയണം. അതിൽനിന്നുള്ള പിന്നോട്ടുപോക്ക് അപകടകരമാണ്. പുതിയ സർക്കാരിന്റെ നയങ്ങൾ ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് ജാഗ്രതയോടെ പൊതുസമൂഹം നിരീക്ഷിക്കേണ്ടതുണ്ട്. മന്ത്രിസഭാ രൂപീകരണത്തിലെ അനിശ്ചിതത്വവും പടലപ്പിണക്കവും എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം വൈകാൻ കാരണമായി. വ്യാപകപ്രതിഷേധം ഉയർന്നതോടെയാണ് ഫലം ഉദ്യോഗസ്ഥർ നേരിട്ട് പ്രഖ്യാപിച്ചത്. പരീക്ഷയിൽ വിജയികളായവർക്ക് അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ച വിജയം നേടാനാകാത്തവർ നിരാശരാകരുത്. അടുത്ത പരീക്ഷയിൽ വിജയം നേടാനായി ആത്മവിശ്വാസത്തോടെ നീങ്ങുക.











0 comments