ad
Deshabhimani

ഇത്‌ നാടിന്റെ പ്രതിഷേധാഗ്നി

edit
വെബ് ഡെസ്ക്

Published on Jan 12, 2026, 12:00 AM | 2 min read


സാമ്പത്തികമായി ശ്വാസംമുട്ടിച്ചും വികസനപദ്ധതികൾ നിഷേധിച്ചും കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെതിരെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സത്യഗ്രഹസമരം നടക്കുകയാണ്. നാടിന്റെയാകെ രോഷം പ്രതിഫലിക്കുന്ന ഈ സമരം കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരപരമ്പരയിലെ പുതിയ അധ്യായമാണ്. രാഷ്ട്രീയവൈരംകൊണ്ട് മാത്രം കേരളത്തെ ദ്രോഹിക്കാൻ തുനിയുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും സന്നദ്ധമാകുമ്പോൾ നിശ്ശബ്ദത പാലിക്കുന്ന യുഡിഎഫ് നാടിനെ ഒറ്റുകൊടുക്കുകയാണ്‌.


നികുതി വിഹിതവും ഗ്രാന്റും പദ്ധതി വിഹിതവും കടമെടുപ്പുപരിധിയും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്രനീക്കങ്ങൾ അതിന്റെ മൂർധന്യത്തിലാണ്. അർഹമായ ഒരുലക്ഷം കോടിയിലേറെ രൂപയാണ് ഇതുവഴി നിഷേധിച്ചത്. കഴിഞ്ഞ അഞ്ചുവർഷംമാത്രം 57,000 കോടി രൂപ വെട്ടിക്കുറച്ചു. കേരളത്തിനുള്ള നികുതിവിഹിതം അഞ്ച്‌ വർഷംകൊണ്ട് 3.88 ശതമാനത്തിൽ നിന്ന് 1.92 ശതമാനമായി കുറച്ചു. 2024-–25ൽമാത്രം ഇതുമൂലമുണ്ടായ നഷ്ടം 27,000 കോടിരൂപയാണ്. അതേസമയം ജിഎസ്‌ടി പരിഷ്‌കരണത്തിലൂടെ വർഷം കേരളത്തിന്റെ 8000 കോടിമുതൽ 9000 കോടിരൂപവരെ കവരുന്നു. തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം ഈ കാലയളവിൽ 4.54 ശതമാനത്തിൽനിന്ന് 2.68 ശതമാനമായി കുറച്ചു. 2021-–22ൽ കേരളത്തിന്റെ വരുമാനത്തിൽ കേന്ദ്രവിഹിതം 34 ശതമാനമായിരുന്നത് ഇപ്പോൾ 25 ശതമാനമായി കുറഞ്ഞു.


അടിസ്ഥാന സൗകര്യവികസനത്തിനായി അർഹമായ കേന്ദ്ര സഹായം ലഭിക്കാതെ വന്നപ്പോൾ നിയമാനുസൃതമായ ബദൽമാർഗമായി എൽഡിഎഫ് സർക്കാർ രൂപീകരിച്ച കിഫ്ബിയെയും കേരളത്തെ ദ്രോഹിക്കാനുള്ള മാർഗമാക്കി കേന്ദ്രം. കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തി. അർഹമായ വിഹിതം നിഷേധിക്കുക മാത്രമല്ല, തരാൻ നിശ്ചയിച്ചതുകൂടി വൈകിപ്പിക്കുകയും ചെയ്യുന്നു. വിവിധയിനങ്ങളിലായി നൽകാനുള്ള തുകയിൽ 6947.36 കോടിരൂപ കുടിശ്ശികയാണ്. അതിൽ നെല്ല് സംഭരിച്ചതിന് നൽകേണ്ട 1366 കോടി രൂപയുണ്ട്. വിവിധ ഗ്രാന്റുകളിലായി നൽകേണ്ട 3951 കോടിയുണ്ട്. ക്ഷേമപെൻഷനുള്ള കേന്ദ്ര വിഹിതത്തിലെ കുടിശ്ശികയായി 341 കോടിയുണ്ട്. ജൽജീവൻ മിഷനിലെ 650 കോടിയുടെ കുടിശ്ശികയുമുണ്ട്. കഴിഞ്ഞ നാല്‌ വർഷത്തിനിടെ ഗ്രാന്റ്‌ നാലിലൊന്നായി വെട്ടിക്കുറച്ചു. 2020–21ൽ 30,017 കോടിയായിരുന്ന ഗ്രാന്റ്‌ 2024 –25 ൽ 7847 കോടിമാത്രമായി.


ഏറ്റവുമൊടുവിൽ ഏറെ ചെലവുകളുള്ള സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലേക്കുള്ള കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. അർഹതയുള്ള 12,000 കോടിരൂപയിൽ 5900 കോടിയാണ് തടഞ്ഞത്. വായ്പയിൽ ഈ സാമ്പത്തികവർഷം 17,000 കോടി വെട്ടിക്കുറച്ചു.


ഈ നടപടികളുടെ പിന്നിൽ സാമ്പത്തിക അച്ചടക്കത്തോടുള്ള കൂറല്ല എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. ധന മാനേജ്മെന്റിൽ റിസർവ് ബാങ്കിന്റെയും സിഎജിയുടെയും പ്രശംസ നേടിയ സംസ്ഥാനമാണ് കേരളം. നിരവധി വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും വഴി ജനഹൃദയങ്ങളിൽ ഇടംപിടിച്ച സർക്കാരിനെ സാമ്പത്തികമായി ഞെരുക്കി തകർക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എൻഡിഎ സർക്കാരിനെ നയിക്കുന്ന വർഗീയ കോർപറേറ്റ് സഖ്യത്തിന് ഏകബദലും വെല്ലുവിളിയുമാണല്ലോ കേരളത്തിലെ സർക്കാർ.


സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികളെയൊന്നാകെ തുരങ്കം വയ്ക്കുകയാണ് കേന്ദ്രം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുതാൽപ്പര്യം അവഗണിച്ച് അദാനിഗ്രൂപ്പിന് വിറ്റുതുലച്ചു. റെയിൽവേ വികസനത്തിൽ അവഗണനയുടെ പരകോടിയിലാണ് കേരളം. 12 വർഷമായി ഒരു പദ്ധതിപോലും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. അങ്കമാലി–എരുമേലി ശബരിപാത മരവിപ്പിച്ചു. പുതിയ പാതകളില്ല, ട്രെയിനുകളുമില്ല.


ഈ കടുത്ത അവഗണനയിലും സങ്കുചിത രാഷ്ട്രീയ താൽപ്പര്യംമാത്രം ലക്ഷ്യംവച്ച് കേന്ദ്രത്തിനെതിരെ മൗനം തുടരുകയാണ് കോൺഗ്രസ് നയിക്കുന്ന യുഡിഎഫ്. യുഡിഎഫിന്റെ എംപിമാർ പാർലമെന്റിൽ വായ തുറക്കുന്നില്ല അഥവാ തുറന്നാൽ തന്നെയും അത് സംസ്ഥാനത്തിന്റെ താൽപ്പര്യം അട്ടിമറിക്കുന്നതിനുവേണ്ടി മാത്രവും. ഈ വഞ്ചനയും കൊടിയ നെറികേടും ജനത തിരിച്ചറിയുന്നുണ്ട്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവുമെന്നതാണ് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വമെങ്കിലും കേന്ദ്രം എക്കാലവും മറ്റ് കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുന്നു.


എൻഡിഎ അധികാരത്തിലെത്തിയതോടെ ആ അവഗണന പതിന്മടങ്ങായി. ആ സമീപനം തിരുത്തിക്കുന്നതിന് അതിശക്തമായ സമരമല്ലാതെ മറ്റു മാർഗമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് പ്രക്ഷോഭരൂപം നൽകാൻ എൽഡിഎഫ്‌ തീരുമാനിക്കുന്നത് ആ സാഹചര്യത്തിലാണ്. കേരള ജനതയൊന്നാകെ സമരത്തിൽ അണിനിരക്കുന്നതും അതിന്റെ അടിയന്തര പ്രാധാന്യം തിരിച്ചറിഞ്ഞാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home