ad
Deshabhimani

print edition വിലക്കയറ്റം രൂക്ഷം; ഇടപെടാതെ സർക്കാർ

editorial.
വെബ് ഡെസ്ക്

Published on Jul 14, 2026, 12:00 AM | 2 min read

​നാട്ടിൽ, തൊട്ടതിനൊക്കെ തീവിലയായി. പച്ചക്കറി ഇനങ്ങൾമുതൽ കോഴിയിറച്ചിവരെയും അരിമുതൽ പാൽവരെയും പൊള്ളുന്ന വില കൊടുത്ത് ജനങ്ങൾക്ക് വാങ്ങേണ്ടിവരുന്നു. ചെറിയ ഉള്ളി, സവാള, ഇഞ്ചി, ബീറ്റ്‌റൂട്ട്‌, വെണ്ടയ്‌ക്ക എന്നിവയ്‌ക്കെല്ലാം പിടിച്ചാൽ കിട്ടാത്ത വിലയായി. വിലക്കയറ്റം തടയാൻ ശ്രമിക്കാതെ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ സ്‌തംഭിച്ചുനിൽക്കെ ജനങ്ങൾ ആശങ്കയിലും ദുരിതത്തിലുമാണ്‌.


പഞ്ഞമാസമായ കർക്കടകം നാളുകൾമാത്രം അകലെയാണ്‌; അതിനുശേഷം ആഗതമാകുന്ന ഓണക്കാലവും മലയാളികൾക്ക്‌ കടുത്ത പരീക്ഷണമായി മാറുമെന്നാണ്‌ ലഭ്യമായ റിപ്പോർട്ടുകൾ നൽകുന്ന മുന്നറിയിപ്പ്‌. ഓണക്കച്ചവടത്തിനുവേണ്ട സാധനങ്ങളുടെ സംഭരണത്തിനായി സപ്ലൈകോ ഇതുവരെ ടെൻഡർ ക്ഷണിച്ചിട്ടില്ല; ഒന്നരമാസം മുമ്പെങ്കിലും ഇത്‌ നൽകേണ്ടതാണ്‌. ഓണം തയ്യാറെടുപ്പിനായി സർക്കാർ സപ്ലൈകോയ്‌ക്ക്‌ പണവും നൽകുന്നില്ല.


വിലക്കയറ്റം തടയുന്നതിൽ യുഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ പൊതുവെ പ്രകടമാകുന്ന അനാസ്ഥ ഇത്തവണ വർധിതമായ തോതിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ആവർത്തിച്ചിരിക്കുകയാണ്‌. ജനങ്ങൾക്ക്‌ അവശ്യവസ്‌തുക്കൾ ന്യായവിലയിൽ വിതരണം ചെയ്യാൻ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ബന്ധപ്പെട്ട ഏജൻസികൾ പ്രകടിപ്പിച്ചുവന്ന ജാഗ്രതയും ഇച്ഛാശക്തിയും ഭരണമാറ്റത്തോടെ അപ്രത്യക്ഷമായിരിക്കുന്നു. ഭരണതലപ്പത്തെ കുഴപ്പങ്ങളാണ്‌ പെട്ടെന്നുള്ള ഇ‍ൗ വീഴ്‌ചയ്‌ക്ക്‌ കാരണം.


സംസ്ഥാനത്ത്‌ വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെട്ട്‌ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതാണ്‌ സിവിൽ സപ്ലൈസ്‌ കോർപറേഷൻ എന്ന സപ്ലൈകോ. എന്നാൽ, ജൂണിലെ വിലനിലവാരത്തിൽനിന്ന്‌ വീണ്ടും നിരക്കുകൾ ഉയർന്നിട്ടും സപ്ലൈകോയെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണ്‌ സർക്കാർ. എൽഡിഎഫ്‌ ഭരണത്തിൽ പൊതുവിപണിയെ അപേക്ഷിച്ച്‌ 35 ശതമാനംവരെ വിലക്കുറവിലാണ്‌ സപ്ലൈകോവഴി സാധനങ്ങൾ ലഭ്യമാക്കിയത്‌.


സപ്ലൈകോ ഫെയറുകൾ ഉപഭോക്താക്കൾക്ക്‌ വലിയ ആശ്വാസമായിരുന്നു. ഇപ്പോഴാകട്ടെ, സപ്ലൈകോയെ തകർത്ത്‌ സ്വകാര്യലോബിയെ സഹായിക്കുകയെന്ന വാശിയിലാണ്‌ സർക്കാരെന്ന്‌ തോന്നിപ്പിക്കുന്നവിധത്തിലാണ്‌ കാര്യങ്ങളുടെ പോക്ക്‌. സ്വകാര്യവൽക്കരണം പൊതുനയമായി പ്രഖ്യാപിച്ച വി ഡി സതീശൻ സർക്കാരിന്‌ ഇ‍ൗ വിഷയത്തിലും വ്യത്യസ്‌ത സമീപനമില്ല.


അരിവില കുതിക്കുമ്പോഴും നെല്ലുസംഭരണത്തിൽ തുടരുന്ന പ്രതിസന്ധി സർക്കാരിന്റെ കള്ളക്കളിക്ക്‌ തെളിവാണ്‌. എൽഡിഎഫ്‌ സർക്കാർ പാലക്കാട് ജില്ലയിൽ സഹകരണ സംഘങ്ങൾവഴി നെല്ലുസംഭരണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും, യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഈ സംവിധാനം ഒഴിവാക്കി. പകരം എസ്‌ബിഐ–-കാനറ ബാങ്ക്‌ കൺസോർഷ്യം വഴിയാണ്‌ ഇപ്പോൾ പാലക്കാട്ടും പിആർഎസ്‌ അടിസ്ഥാനത്തിൽ വില നൽകാൻ തീരുമാനിച്ചത്‌. സഹകരണ സംഘങ്ങൾക്ക്‌ 64 കോടി രൂപ നെല്ലുസംഭരണ ഇനത്തിൽ കുടിശ്ശിക നിലനിർത്തുകയും ചെയ്‌തു. ജൂൺ 20 വരെ സംഭരിച്ച നെല്ലിന്റെ പിആർഎസ്‌ ബാങ്കുകൾക്ക്‌ നൽകിയെങ്കിലും കർഷകർക്ക്‌ പണം കിട്ടുന്നില്ല.


പണം നൽകാതിരിക്കാൻ ബാങ്കുകൾ ഉയർത്തുന്ന തടസ്സവാദങ്ങൾ പരിഹരിക്കാൻ സർക്കാർ ഒ-ന്നും ചെയ്യുന്നില്ല. പണമിറക്കി കൃഷിചെയ്‌ത കർഷകർ വറുതിയിലാണ്‌. അടുത്ത വിള ഇറക്കാൻ കഴിയാത്ത സാഹചര്യമാണ്‌ മിക്ക കർഷകരും നേരിടുന്നത്‌. സ്വകാര്യ മില്ലുടമകളെ സഹായിക്കാനാണ്‌ സർക്കാരിന്റെ ഒത്തുകളിയെന്ന്‌ ആക്ഷേപമുണ്ട്‌. ഫലത്തിൽ വിപണിയിൽ ഉയർന്ന വിലയും കർഷകർക്ക്‌ പട്ടിണിയും പരിവട്ടവും എന്നതാണ്‌ അവസ്ഥ.


വിലക്കയറ്റത്തിന്‌ തീവ്രത കൂട്ടുന്ന കേന്ദ്രനയങ്ങളെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനും യുഡിഎഫ്‌ സർക്കാർ തയ്യാറല്ല. കേരളത്തിന്‌ അർഹമായ അരിവിഹിതം നിഷേധിക്കുകയും ഇന്ധനവില അടിക്കടി വർധിപ്പിക്കുകയും ചെയ്യുന്ന മോദിസർക്കാരിനോട്‌ യുഡിഎഫ്‌ സംവിധാനത്തിന്‌ മൃദുസമീപനമാണ്‌. കോർപറേറ്റ്‌–ഹിന്ദുത്വ നയങ്ങളെ ചെറുക്കുന്ന വിഷയം വരുന്പോൾ, കേന്ദ്രവുമായി ഗുസ്‌തി പിടിക്കാനില്ലെന്ന ഒഴികഴിവുപ്രതികരണമാണ്‌ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്നത്‌.


കേരളത്തിൽ മെച്ചപ്പെട്ട പൊതുവിതരണസമ്പ്രദായം നിലനിന്നാൽ അത്‌ കേന്ദ്രത്തിന്റെയും ബിജെപിയുടെയും രാഷ്‌ട്രീയതാൽപ്പര്യങ്ങൾക്കും ഹാനികരമാണ്‌. കേരളത്തിൽ ന്യായവിലയിൽ അവശ്യവസ്‌തുക്കൾ നൽകുമ്പോൾ, മറ്റ്‌ സംസ്ഥാനങ്ങളിലും ഇപ്രകാരം ചെയ്‌തുകൂടേ എന്ന ചോദ്യം ഉയരാറുണ്ട്‌. വൻകിട കോർപറേറ്റുകൾ നിയന്ത്രിക്കുന്ന വിതരണശൃംഖലകൾക്ക്‌ സർക്കാരിന്റെ വിപണി ഇടപെടൽ അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത്തരത്തിൽ രാഷ്‌ട്രീയവും നയപരവുമായ താൽപ്പര്യങ്ങളിൽ കേന്ദ്രവുമായുള്ള താദാത്മ്യം പ്രാപിക്കൽകൂടിയാണ്‌ വിലക്കയറ്റവിഷയത്തിൽ യുഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home