print edition ജനകീയ രാഷ്ട്രീയ ഇടപെടലിന്റെ മാതൃക

ജനകീയ രാഷ്ട്രീയ
ഇടപെടലിന്റെ മാതൃക
കേവല ദാരിദ്ര്യം പരിഹരിച്ച് ഇടത്തരം ഉയര്‍ന്നവരുമാന രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെ എത്തിക്കുകയെന്ന ലക്ഷ്യം തുടര്‍ഭരണം ലഭിച്ച ഘട്ടത്തില്‍ത്തന്നെ എൽഡിഎഫ് പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള പ്രയാണമാണ് എല്‍ഡിഎഫിന്റെ പ്രകടനപത്രിക.
വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനം അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി വരുമാനവര്‍ധന നീതിയുക്തമായി വിതരണം ചെയ്യുകയെന്ന കാഴ്ചപ്പാടുംപ്രകടനപത്രിക വിഭാവനം ചെയ്യുന്നു. അതിലൂടെ തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും ഇതിലുണ്ട്. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും പുതിയത് നടപ്പാക്കുമെന്നും പ്രഖ്യാപിക്കുന്നു.
അധികാരവികേന്ദ്രീകരണത്തില്‍ ഊന്നിനിന്നുകൊണ്ടും മതനിരപേക്ഷത ഉയർത്തിപ്പിടിച്ചും സമൂഹത്തെ മുന്നോട്ടുനയിക്കുന്നതിനുള്ള കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ശാസ്ത്രീയമായ ചിന്തകളെ വികസിപ്പിക്കുന്നതിനും നവോത്ഥാനമൂല്യങ്ങളെ സംരക്ഷിച്ചുനിർത്തുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. നമ്മുടെ മതനിരപേക്ഷസമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള കാവലാളായി മാതൃഭാഷയെ കണ്ടുകൊണ്ടുള്ള ഇടപെടലും വിഭാവനം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ പൊതുവായ ഉല്‍പ്പാദനവര്‍ധന ലക്ഷ്യമാക്കുന്നതിനോടൊപ്പം സാമൂഹ്യനീതിയും ഇതില്‍ മുന്നോട്ടുവയ്‌ക്കുന്നു.
കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പുവരുത്തുന്നു. അഭ്യസ്‌തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശരഹിതവായ്പയും വിഭാവനം ചെയ്യുന്നു. സ്ത്രീകളില്‍ 50 ശതമാനത്തിന് വീടിന് പുറത്തുപോയി ജോലി ചെയ്യുന്നതിനുള്ള പദ്ധതികളും അവതരിപ്പിക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ 3000 രൂപയായി വർധിപ്പിക്കുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്.
വയോജന സംരക്ഷണത്തിനായുള്ള നിരവധി പദ്ധതികളുടെ ഭാഗമായി കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ വിഭാവനം ചെയ്യുന്നു.
പശ്ചാത്തലസൗകര്യ വികസനത്തെ വ്യവസായവികാസവുമായി ബന്ധിപ്പിക്കുന്ന പ്രായോഗിക പദ്ധതികള്‍ പ്രകടനപത്രിക അവതരിപ്പിക്കുന്നുണ്ട്. വിഴിഞ്ഞത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് തിരുവനന്തപുരത്തിന് ചുറ്റുമുള്ള കോറിഡോറും കൊല്ലം-–പുനലൂര്‍ കോറിഡോറും കൊച്ചിയുമായി ബന്ധപ്പെട്ട് ആവിഷ്കരിക്കുന്ന കോയമ്പത്തൂര്‍–-മംഗളൂരു കോറിഡോറുകളും ഇതിന്റെ ഭാഗമായി നിര്‍ദേശിച്ചിട്ടുണ്ട്. നമ്മുടെ റോഡുകളെ ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ നവീകരിക്കുന്നതിനുള്ള ഇടപെടലുണ്ട്. പശ്ചാത്തലസൗകര്യ വികസനത്തിന്റെ ഭാഗമായി അതിവേഗ റെയില്‍പ്പാത നിര്‍മാണവും ലക്ഷ്യംവയ്‌ക്കുന്നു. കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തനലാഭത്തിലെത്തിച്ച് കൂടുതല്‍ സൗജന്യങ്ങള്‍ നടപ്പാക്കുകയെന്നതാണ് എൽഡിഎഫിന്റെ നയം. മലബാര്‍ മേഖലയ്ക്കായി പ്രത്യേകമായ വികസനപദ്ധതികളും വിഭാവനം ചെയ്യുന്നു. പൊതുമേഖലാ വ്യവസായങ്ങളെ ലാഭകരമാക്കുന്നതിനും ടൂറിസം മേഖലയില്‍ അഞ്ചുകോടി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുമുള്ള പദ്ധതികളുണ്ട്. ചെറുകിടസംരംഭങ്ങളുടെ വികാസവും ഇതിലെ പ്രധാന അജൻഡയാണ്.
പരമ്പരാഗതവ്യവസായങ്ങളുടെ നവീകരണവും ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണവും പ്രകടനപത്രിക മുന്നോട്ടുവയ്‌ക്കുന്നു. കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് എന്നതാണ് നയം.
ബ്ലൂ ഇക്കോണമി നയത്തെ എതിര്‍ത്തുകൊണ്ടായിരിക്കും ഇത് നടപ്പാക്കുക. കാര്‍ഷികമേഖലയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി അവയെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു. ആധുനിക കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുകയെന്നത് പ്രധാന ലക്ഷ്യമാണ്. നെല്ലിന്റെ താങ്ങുവില 35 രൂപയായും നാളികേരത്തിന്റേത് 45 രൂപയായും റബറിന്റേത് 300 രൂപയായും വിഭാവനം ചെയ്യുന്നു. പച്ചക്കറിക്ക് സംഭരണവില ഏര്‍പ്പെടുത്താന്‍ എല്ലാ പഞ്ചായത്തിലും വിപണന ഏജന്‍സികള്‍ രൂപീകരിക്കണമെന്ന നിര്‍ദേശവുമുണ്ട്. തോട്ടവിള സംരക്ഷണത്തിനായി ഒരു സമഗ്ര പുനര്‍നടീല്‍ മിഷന്‍, മനുഷ്യ–-വന്യജീവി സംഘര്‍ഷ ലഘൂകരണം, പാലിന്റെ സ്വയംപര്യാപ്തത എന്നിവയും പ്രധാന ലക്ഷ്യമാണ്.
ഉന്നതവിദ്യാഭ്യാസ ഗുണനിലവാര ആവാസവ്യവസ്ഥയായി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള നടപടികളും മുന്നോട്ടുവയ്‌ക്കുന്നുണ്ട്. സാങ്കേതികവിദ്യാഭ്യാസ മേഖലയിലെ സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകളും ഇതിന്റെ ഭാഗമാണ്. കാവിവല്‍ക്കരണത്തെ പ്രതിരോധിച്ച് മതനിരപേക്ഷതയിലും ബഹുസ്വരതയിലും ശാസ്ത്രീയചിന്തയിലും ഊന്നിനില്‍ക്കുന്ന പാഠ്യപദ്ധതി നടപ്പാക്കുമെന്ന കാര്യവും എടുത്തുപറയുന്നുണ്ട്.
സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. എംയിസ് കിട്ടാത്ത സാഹചര്യം കണക്കിലെടുത്ത്, അന്തര്‍ദേശീയ നിലവാരത്തിലുള്ള മികച്ച മെഡിക്കല്‍ ഗവേഷണ ആശുപത്രി ജനകീയ വിഭവസമാഹരണത്തോടെ നടപ്പാക്കുന്ന പദ്ധതിയും മുന്നോട്ടുവയ്‌ക്കുന്നുണ്ട്. കേരളത്തെ ആദ്യത്തെ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കുകയും എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പുവരുത്തുമെന്ന കാര്യവും എടുത്തുപറയുന്നുണ്ട്. കുടുംബശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്പകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുമെന്നും സിഡിഎസിന്റെ തൊഴില്‍കേന്ദ്രത്തെ വേതനാധിഷ്ഠിത തൊഴിലുകള്‍ ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയായി വളര്‍ത്തുമെന്ന കാഴ്ചപ്പാടും അവതരിപ്പിക്കുന്നു. പട്ടികജാതി–വര്‍ഗ ഫണ്ട് വിനിയോഗം സംബന്ധിച്ച് നിയമനിര്‍മാണവും വിഭാവനം ചെയ്യുന്നു.
എല്ലാ നഗറുകളിലും അടിസ്ഥാനസൗകര്യം ഉറപ്പുവരുത്തുമെന്നും ജെ ബി കോശി കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും പ്രകടനപത്രികയിലുണ്ട്.
കലാകാരന്മാരുടെ പെന്‍ഷന് കാലോചിതമായ വര്‍ധനയും നിര്‍ദേശിക്കുന്നുണ്ട്. അവശേഷിക്കുന്ന വനങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതിനുള്ള നടപടികളും മുന്നോട്ടുവയ്‌ക്കുന്നുണ്ട്. സമ്പൂര്‍ണ ശുചിത്വ പദ്ധതി നടപ്പാക്കും. നവകേരള നഗര നയത്തിന്റെ അടിസ്ഥാനത്തില്‍ കേരള മുനിസിപ്പല്‍ ആക്ട് പരിഷ്കരിക്കും. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുമെന്ന കാര്യവും എടുത്തുപറയുന്നുണ്ട്.
പ്രകടനപത്രികകളെ വാഗ്ദാനങ്ങ ള്‍ നല്‍കി വോട്ട് നേടുന്നതിനുള്ള ഒന്നായാണ് വലതുപക്ഷം കാണുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടുതവണയും പ്രകടനപത്രികയിലെ നിര്‍ദേശങ്ങള്‍ ഏറെക്കുറെ എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആ സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ വരുന്നതോടെ കേരളം ലോകത്തിന്റെ മുന്നില്‍ പുതിയ ജനകീയമാതൃക സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.










0 comments