print edition തിരിച്ചടി അപ്രതീക്ഷിതം; മറികടക്കും

രാജ്യത്തെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്‌ച പുറത്തുവന്നു. കേരളം, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിൽ ഭരണത്തിലിരിക്കുന്ന കക്ഷികൾക്ക് പരാജയമുണ്ടായി. ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രനയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കാണ് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.
ഫെഡറലിസം സംരക്ഷിക്കാനും ജനകീയ ബദൽ രൂപപ്പെടുത്താനും രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ ജനവിധി.
കേരളത്തിൽ എൽഡിഎഫ് സർക്കാർ 10 വർഷമായി അധികാരത്തിലിരുന്നു. അഞ്ചുവർഷം കഴിഞ്ഞാൽ ഭരണമാറ്റം എന്ന പതിവുരീതിയെ തിരുത്തിക്കൊണ്ടാണ് എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് ഭരണത്തിലിരുന്നത്.
ആഗോളവൽക്കരണനയങ്ങൾ അതേപോലെ നടപ്പാക്കി കേരളത്തെ എല്ലാ മേഖലയിലും തകർത്ത യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനകീയ ബദൽ മുന്നോട്ടുവച്ചാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷം കേരളം ഭരിച്ചത്. പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിക്കൊണ്ടാണ് ഇക്കാലയളവിൽ സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. പ്രളയത്തെയും കോവിഡിനെയുമെല്ലാം മറികടന്ന് സമസ്‌തമേഖലയിലും പുരോഗതിയുടെ കുതിപ്പുണ്ടാക്കാൻ കഴിയുകയും ചെയ്തു. ക്ഷേമപദ്ധതികളുടെ കാര്യത്തിൽ രാജ്യത്തിനാകെ കേരളം മാതൃകയായി.
ആരോഗ്യ, -വിദ്യാഭ്യാസ മേഖലകളിലും പാർപ്പിടരംഗത്തുമെല്ലാം വലിയ കുതിപ്പുണ്ടാക്കി. അതിദാരിദ്ര്യം പരിഹരിക്കാനുമായി. വർഗീയസംഘർഷങ്ങളില്ലാത്ത സംസ്ഥാനമായി കേരളം മാറി. നിതി ആയോഗിന്റെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ വളരുകയും ചെയ്തു. ഫെഡറലിസം സംരക്ഷിക്കാനും വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും സംസ്ഥാന സർക്കാരിന് കഴിഞ്ഞു.
കേരളത്തിന്റെ സമസ്തമേഖലയെയും മുന്നോട്ടുനയിച്ച എൽഡിഎഫ് സർക്കാരിന് മികച്ച വിജയം നേടാനാകുമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയും കേരളത്തെ സ്നേഹിക്കുന്നവരും പൊതുവിൽ വിലയിരുത്തിയത്. എന്നാൽ, അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായത്. ഇതിന്റെ കാരണങ്ങൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ കഴിയണം.
ഇത്തരത്തിൽ ഇടപെടുമെന്ന കാര്യം നേതാക്കൾ വ്യക്തമാക്കിയിട്ടുമുണ്ട്.
കേരള നിയമസഭയിൽ ബിജെപിക്ക് മൂന്ന് സീറ്റ് നേടാനായി എന്നത് അതീവഗൗരവമുള്ളതാണ്. ആ മണ്ഡലങ്ങളിൽ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്. ബിജെപിക്കെതിരെ പൊരുതിയത് എൽഡിഎഫാണെന്ന് ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. മതനിരപേക്ഷതയുടെ മഹത്തായ സന്ദേശം നിലനിൽക്കുന്ന കേരളത്തിൽ, വർഗീയതയ്‌ക്കെതിരായുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.
ഇന്ത്യയുടെ അതിർത്തിസംസ്ഥാനങ്ങളായ പശ്ചിമബംഗാളിലും അസമിലും ബിജെപിക്കുണ്ടായ വിജയവും ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. ന്യൂനപക്ഷവിഭാഗങ്ങളെ ഈ സംസ്ഥാനങ്ങളിൽനിന്ന് പുറത്താക്കുന്നതിനുള്ള ബോധപൂർവമായ പരിശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നടപ്പാക്കിയത്. പശ്ചിമബംഗാളിൽ ബിജെപി ഭരണത്തിലെത്തുന്നതിലൂടെ ഈ സ്ഥിതിവിശേഷം കൂടുതൽ രൂക്ഷമായി മാറാനുള്ള സാധ്യതകളാണ് ഉയർന്നുവരിക.
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് മതസൗഹാർദത്തിന്റെ ഉന്നതമാതൃകയായിരുന്ന പശ്ചിമബംഗാളിലാണ് ഇത്തരമൊരു നില ഉണ്ടായിരിക്കുന്നത്. നീണ്ടപോരാട്ടങ്ങളിലൂടെ വളർന്നുവന്ന ഇടതുപക്ഷ മുന്നണിക്ക് വിജയിക്കാനായില്ലെങ്കിലും സംസ്ഥാനത്തെമ്പാടും വലിയ സാന്നിധ്യമായി മാറാൻ ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞു. ഒരു സീറ്റിൽ വിജയിക്കാനും കഴിഞ്ഞു. തമിഴ്നാട്ടിൽ സിപിഐ എമ്മിന്റെ രണ്ട് സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്.
ബിജെപിയുടെ വർഗീയനയങ്ങൾക്കെതിരെ ശക്തമായി പൊരുതിനിന്ന ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിക്കുള്ള പരാജയവും ആശങ്ക സൃഷ്ടിക്കുന്നതാണ്. പോരായ്മകൾ തിരുത്തി കൂടുതൽ ജനവിശ്വാസമാർജിച്ച് മുന്നോട്ടുവരാൻ തമിഴ്നാട്ടിലെ ജനാധിപത്യപ്രസ്ഥാനങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി നിരവധി തിരിച്ചടികളെ അഭിമുഖീകരിച്ചാണ് മുന്നോട്ടുവന്നിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമീണമേഖലകളിൽ ഉൾപ്പെടെ വികസനത്തിന്റെ വെളിച്ചം നൽകിയ ജനകീയാസൂത്രണം നടപ്പാക്കിയതിനുശേഷമുള്ള തെരഞ്ഞെടുപ്പിലും സമാനമായ തിരിച്ചടി എൽഡിഎഫിന് നേരിടേണ്ടിവന്നിട്ടുണ്ട്.
അതിനെയെല്ലാം അതിജീവിച്ചാണ് കഴിഞ്ഞ 10 വർഷം സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന നിലയുണ്ടായത്. ഈ തിരിച്ചടിയെയും അതിജീവിച്ച് എൽഡിഎഫ് മുന്നോട്ടുപോകുമെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രം അതാണ് ഓർമപ്പെടുത്തുന്നത്.










0 comments