ad
Deshabhimani

ധനസ്ഥിതി : കുപ്രചാരണം ഇനിയെങ്കിലും നിർത്തുമോ

kerala economy facts
വെബ് ഡെസ്ക്

Published on Sep 30, 2025, 12:00 AM | 2 min read


കേരളം അപകടകരമായ കടക്കെണിയിലാണെന്ന ആഖ്യാനം ചമച്ച്‌ കുറെ കാലമായി വ്യാപകപ്രചാരണം നടത്തുകയായിരുന്നു പ്രതിപക്ഷപാർടികളും വലതുപക്ഷമാധ്യമങ്ങളും. കേരളം ശ്രീലങ്കപോലെ കടം കയറി മുടിയുകയാണെന്നുപോലും ഇക്കൂട്ടർ പ്രചരിപ്പിച്ചു; സ്വതന്ത്ര പരമാധികാര രാജ്യമായ ശ്രീലങ്കയിൽ ഉണ്ടായത്‌ വിദേശനാണയ പ്രതിസന്ധിയാണെന്നത്‌ ഇവർ പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച്‌ നട്ടാൽ കുരുക്കാത്ത നുണകൾ മെനഞ്ഞ്‌ പ്രചരിപ്പിച്ചു. നിയമപരമായ തോതിൽ കടം എടുക്കാനുള്ള കേരളത്തിന്റെ അവകാശം ചോദ്യംചെയ്‌ത്‌ വികസന–ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ഇക്കൂട്ടർ ശ്രമിച്ചു. സംസ്ഥാനത്തെ മികവോടെ നയിക്കാൻ എൽഡിഎഫ്‌ സർക്കാർ നടത്തുന്ന ശ്രമങ്ങളെ പരിഹസിച്ച്‌ ഒരു മാധ്യമം ‘നവകേരളകടം’ എന്ന പ്രയോഗം രൂപപ്പെടുത്തി. എന്നാൽ, രാജ്യത്തെ സംസ്ഥാനങ്ങളുടെ 10 വർഷത്തെ ധനസ്ഥിതി പരിശോധിച്ച്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) തയ്യാറാക്കിയ റിപ്പോർട്ട്‌ നുണപ്രചാരണത്തിന്റെ കാറ്റ്‌ ഉ‍ൗരിവിട്ടിരിക്കുകയാണ്‌.


കടവും ആഭ്യന്തര മൊത്ത ഉൽപ്പാദനവും തമ്മിലുള്ള അനുപാതം എടുത്താൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 15–ാംസ്ഥാനത്തുമാത്രമാണ്‌ കേരളമെന്ന്‌ സിഎജി വിലയിരുത്തി. അതായത്‌, കേരളത്തെ അപേക്ഷിച്ച്‌ കടബാധ്യത ക‍ൂടുതലുള്ള 14 സംസ്ഥാനമുണ്ട്‌. കേരളത്തിന്റെ പൊതുകടം 2023–24ൽ 23.38 ശതമാനമായും 2024–25ൽ 23.33 ശതമാനമായും കുറഞ്ഞു. എട്ട്‌ സംസ്ഥാനങ്ങളുടെ പൊതുകടം 30 ശതമാനത്തിൽ കൂടുതലായി തുടരവെയാണ്‌ കേരളം മെച്ചപ്പെട്ട സ്ഥിതിയിലേക്ക്‌ നീങ്ങിയത്‌. കേന്ദ്രവിഹിതത്തിൽ ഗണ്യമായ കുറവ്‌ വരുന്പോഴും സംസ്ഥാനം തനതുവരുമാനം വർധിപ്പിക്കുകയാണെന്ന്‌ സിഎജി റിപ്പോർട്ടിൽനിന്ന്‌ തെളിഞ്ഞു. ആകെ റവന്യു വരുമാനത്തിന്റെ 60 ശതമാനത്തിനു മീതെ തനതുവരുമാനമുള്ള എട്ട് സംസ്ഥാനത്തിന്റെ കൂട്ടത്തിലാണ്‌ കേരളം. 2023–24ൽ 27 ശതമാനവും 2024–-25ൽ 19 ശതമാനവും മാത്രമാണ് കേന്ദ്രത്തിൽനിന്ന്‌ ലഭിച്ചത്‌. ട്രഷറിയിൽ സ്വകാര്യവ്യക്തികൾ നിക്ഷേപിക്കുന്ന പണം സംസ്ഥാനത്തിന്റെ കടബാധ്യതയാണെന്ന്‌ വരുത്തിത്തീർക്കാൻ നടത്തിയ ശ്രമവും പൊളിഞ്ഞു. ജനങ്ങളുടെ നിക്ഷേപവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്‌പയും സംസ്ഥാന സർക്കാരിന്റെ മുഖ്യ ബാധ്യതയാണെന്ന അബദ്ധജടിലമായ അനുമാനം പ്രചരിപ്പിച്ച്‌ കേരളം തകർന്നുവെന്ന്‌ കൊട്ടിഘോഷിക്കുകയായിരുന്നു തൽപ്പരകക്ഷികൾ. എല്ലാ സംസ്ഥാനങ്ങളുടെയും സ്ഥിതി പരിശോധിക്കുന്പോൾ സിഎജിക്ക്‌ പൊതുമാനദണ്ഡം സ്വീകരിക്കേണ്ടിവന്നു. കടം പരിധിവിട്ടെന്ന കള്ളക്കഥകൾ പൊളിയാൻ കാരണം ലളിതമായ ഇ‍ൗ സത്യമാണ്‌.

മൂലധനച്ചെലവിലും കേരളം മുന്നേറിയെന്ന്‌ സിഎജി റിപ്പോർട്ടിൽ വിശദീകരിക്കുന്നു.


അതേസമയം, എത്ര പൊളിഞ്ഞാലും പരിഹാസ്യമായ തിരക്കഥകളുമായി പ്രതിപക്ഷം വീണ്ടും വരികയാണ്‌. ദുർബലമായ വാദങ്ങളുമായി തിങ്കളാഴ്‌ച നിയമസഭയിൽ കൊണ്ടുവന്ന അടിയന്തരപ്രമേയം ഇതിന്‌ തെളിവാണ്‌. മറച്ചുവയ്‌ക്കാൻ ഒന്നുമില്ലാത്ത സർക്കാർ അടിയന്തരപ്രമേയത്തിന്മേൽ ചർച്ചയ്‌ക്ക്‌ തയ്യാറായപ്പോൾ പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഓരോന്നായി സഭയിലും തകർന്നുവീണു. അടിയന്തരപ്രമേയങ്ങൾ ചർച്ചയ്‌ക്ക്‌ എടുത്തില്ലെങ്കിൽ സർക്കാരിനെ പഴിക്കുന്ന മാധ്യമങ്ങൾ, പൊതുവെ ഇ‍ൗ ചർച്ചയ്‌ക്ക്‌ മതിയായ കവറേജ്‌ നൽകാതിരുന്നത്‌ ശ്രദ്ധേയമാണ്‌.


കേരളത്തിന്‌ ധനപരമായ ബുദ്ധിമുട്ടുണ്ടെങ്കിലും പ്രതിസന്ധിയില്ലെന്ന്‌ വ്യക്തമാക്കിയ മന്ത്രി കെ എൻ ബാലഗോപാൽ, ജനക്ഷേമപ്രവർത്തനങ്ങളിൽ സർക്കാർ കുറവൊന്നും വരുത്തിയിട്ടില്ലെന്ന്‌ വിശദീകരിച്ചു. കേന്ദ്രസർക്കാരിന്റെ നയങ്ങളും പിടിവാശികളുമാണ്‌ സംസ്ഥാനത്തിനുമുന്നിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്‌. ഫെഡറൽ തത്വങ്ങൾ ധനമേഖലയിലും ലംഘിക്കുകയാണ്‌ കേന്ദ്രം. ഇതിനെതിരെ യോജിച്ച പോരാട്ടത്തിന്‌ പ്രതിപക്ഷം തയ്യാറാണോ എന്ന ചോദ്യത്തിന്‌ മറുപടി ലഭിച്ചില്ല. കേന്ദ്രനയങ്ങൾക്കെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ഓർമിപ്പിച്ച ധനമന്ത്രി, അതിൽനിന്ന്‌ പ്രതിപക്ഷം ഒളിച്ചോടുകയാണ്‌ ചെയ്‌തതെന്ന്‌ ചൂണ്ടിക്കാണിച്ചപ്പോഴും മ‍ൗനമായിരുന്നു പ്രതികരണം. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ സങ്കുചിതരാഷ്‌ട്രീയം മാറ്റിവയ്‌ക്കാൻ യുഡിഎഫ്‌ നേതൃത്വം ഇ‍ൗ സാഹചര്യത്തിലും തയ്യാറാകാത്തത്‌ ദ‍ൗർഭാഗ്യകരമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home