ad
Deshabhimani

print edition മുഖ്യമന്ത്രിയുടെ ഓഫീസോ 
മാഫിയാ താവളമോ

editorial.
വെബ് ഡെസ്ക്

Published on Aug 13, 2026, 01:32 AM | 2 min read

കാസർകോട്‌ ജില്ലയിലെ കാലിക്കടവിൽനിന്ന്‌ കഴിഞ്ഞദിവസം അതിമാരക രാസലഹരിയായ എംഡിഎംഎയുമായി പിടിയിലായ സംഘത്തിന്‌ മുഖ്യമന്ത്രി വി ഡി സതീശനുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ഏറ്റവും അടുത്ത ബന്ധമാണുള്ളതെന്നത്‌ ഞെട്ടിക്കുന്ന വിവരമാണ്‌. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ തൂഫാൻ എന്ന ആന്റി നാർകോട്ടിക്‌ പ്രവർത്തനത്തിന്റെ ഭാഗമായ പരിശോധനയിലാണ്‌ പെരുമ്പാവൂരിലെ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ പിടിയിലായത്‌. വി ഡി സതീശൻ പ്രതിപക്ഷനേതാവായതുമുതൽ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ്‌ പിടിയിലായ മുഖ്യപ്രതിയും യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹിയുമായ കെ എച്ച്‌ മുഹമ്മദ്‌ ഹുസൈൻ. ഇക്കാര്യം മറ്റാരും ആരോപിക്കുന്നതല്ല, അയാൾ സ്വയം സമ്മതിക്കുന്നതാണ്‌. സതീശന്റെ പേരിലുള്ള ഫെയ്‌സ്‌ബുക്ക്‌ പേജിന്റെ അഡ്‌മിൻകൂടിയാണ്‌ ഇയാൾ.


വി ഡി സതീശൻ, മുഹമ്മദ്‌ ഹുസൈന്റെയും കൂട്ടുപ്രതി അബ്ദുൾ സലാമിന്റെയും വീടുകളിൽ പോയതിന്റെ പുറത്തുവന്ന വീഡിയോകളും ചിത്രങ്ങളും നിഷേധിക്കാനാകാത്ത തെളിവാണ്‌. മുഖ്യമന്ത്രിയെ കാണാൻ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉൾപ്പെടെയുള്ളവർക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനും മറ്റും അനുമതി നിഷേധിച്ചിരുന്നു. എന്നാൽ മയക്കുമരുന്നുപ്രതിക്ക്‌ നിർബാധം ഏതുസമയത്തും അദ്ദേഹവുമായി സമ്പർക്കം പുലർത്താം. ഇ‍ൗ ബന്ധം മയക്കുമരുന്ന്‌ കടത്താൻ ഉപയോഗിച്ചു എന്നാണ്‌ വ്യക്തമാകുന്നത്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ എന്നാൽ സംസ്ഥാന ഭരണത്തലവന്റെ ആസ്ഥാനമാണെന്നത്‌ മറക്കരുത്‌. സുപ്രധാനമായ ഇ‍ൗ ഭരണകേന്ദ്രം ഇത്തരം പ്രതികൾക്ക്‌ നിർബാധം വരാനും താവളമാക്കിമാറ്റാനുമുള്ള ഇടമല്ല. ഇതിന്‌ മുഖ്യമന്ത്രിയും കോൺഗ്രസും സമൂഹത്തോട്‌ മറുപടി പറഞ്ഞേ പറ്റൂ. എന്നാൽ, ഇതിനോട്‌ പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്നത്‌ ജനാധിപത്യത്തിനോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്‌. കോൺഗ്രസിന്റെ ലഹരിവിരുദ്ധപ്രചാരണത്തിന്‌ ഹുസൈൻ നേതൃത്വം നൽകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്‌. കേസിലെ പ്രതിയായ അബ്ദുൾ സലാം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം നിയമസഭയിലും എത്തി. പിടിയിലായവർക്ക്‌ ഗുണ്ടാസംഘവുമായി ബന്ധമുണ്ട്‌ എന്നതിന്റെ തെളിവുകളും പുറത്തുവരുന്നുണ്ട്‌.


മയക്കുമരുന്നുകേസിലെ പ്രതിക്ക്‌ മുഖ്യമന്ത്രിയുമായുള്ള ബന്ധം പുറത്തുവന്നപ്പോൾ അതിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽനിന്ന്‌ ഒഴിവാക്കാൻ മെറ്റയുടെ സഹായം തേടി എന്നതും തികച്ചും അമ്പരപ്പിക്കുന്നതാണ്‌. ദേശാഭിമാനി, കൈരളി ടിവി, റിപ്പോർട്ടർ ചാനൽ, ന്യൂസ്‌ മലയാളം എന്നിവയുടെ വാർത്തകളും വ്യക്തികളുടെ പോസ്റ്റുകളും നീക്കംചെയ്തിട്ടുണ്ട്‌. മെറ്റയുമായി ബന്ധപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ കേന്ദ്രസർക്കാരിന്റെ സഹായം ലഭിച്ചെന്ന്‌ ഉറപ്പാണ്‌. നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയുമാണ്‌ സതീശൻ ഇക്കാര്യത്തിൽ മാതൃകയാക്കുന്നത്‌. മെറ്റയെ സ്വാധീനിക്കാൻ ഉന്നത ഇടപെടൽ വേണ്ടിവരും. സംസ്ഥാന സർക്കാരിന്റെ സ്വാധീനംകൊണ്ടു മാത്രം ഇത്തരം നടപടികൾക്ക്‌ മെറ്റ വഴങ്ങില്ല.


അടിയന്തരാവസ്ഥയെ വെല്ലുന്ന സെൻസറിങ്ങാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളിൽനിന്ന്‌ ഒഴിവാക്കിയാൽമാത്രം സത്യം മൂടിവയ്‌ക്കാൻ കഴിയില്ലെന്ന്‌ സർക്കാർ ഓർക്കണം. പിടിയിലായവർ യൂത്ത്‌ കോൺഗ്രസുകാരല്ലെന്ന ന്യായീകരണവുമായി യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റുകൂടിയായ മന്ത്രി ഒ ജെ ജനീഷ്‌ രംഗത്തുവരികയുണ്ടായി. എന്നാൽ, പിടിയിലായവരെ പുറത്താക്കിക്കൊണ്ട്‌ യൂത്ത്‌ കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രസ്‌താവന വന്നതോടെ മന്ത്രി കള്ളംപറഞ്ഞെന്ന്‌ തെളിയുകയാണ്‌. ഖദറിട്ട ഇത്തരം മാഫിയക്കൂട്ടങ്ങളെ ന്യായീകരിക്കുന്നത്‌ ഭരണാധികാരികൾക്ക്‌ യോജിച്ചതല്ല.


ഇ‍ൗ സംഭവം ഗ‍ൗരവമുള്ള ചില ചോദ്യങ്ങളും ആശങ്കകളും സമൂഹത്തിനുമുന്നിൽ ഉയർത്തുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ മാഫിയാ സംഘങ്ങളുടെ താവളമായി മാറുകയാണോ. ഇവർക്ക്‌ പൊലീസിന്റെ തണലിൽ നിർബാധം വളരാൻ സ‍ൗകര്യമൊരുക്കുകയാണോ സർക്കാർ. ഇവരെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത്‌ എന്തുകൊണ്ടാണ്‌. മുഖ്യമന്ത്രി ഇതിന്‌ മറുപടി പറഞ്ഞേ പറ്റൂ. പ്രതികൾ നിയമത്തിന്റെ പഴുതുപയോഗിച്ച്‌ രക്ഷപ്പെടുന്നില്ലെന്ന്‌ ഉറപ്പുവരുത്തുന്നതിനൊപ്പം ഇവർക്ക്‌ സഹായം നൽകുന്നവരെയും സംഘത്തിലെ എല്ലാ കണ്ണികളെയും ഇവരുടെ മുൻ ഇടപാടുകളും പുറത്തുകൊണ്ടുവരാൻ പൊലീസിന്‌ കഴിയണം.


വാഹന നമ്പർ ഉൾപ്പെടെ കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്‌ പൊലീസ്‌ നടത്തിയ പരിശോധനയിലാണ്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ പിടിയിലായത്‌. വാഹന നമ്പർവച്ചുള്ള പരിശോധനയില്ലായിരുന്നെങ്കിൽ ഇവർക്ക്‌ രക്ഷപ്പെടാൻ കഴിഞ്ഞേനെ. പൊലീസിന്റെ കൈയും കാലും കെട്ടിയിട്ട്‌ പ്രതികൾ രക്ഷപ്പെടുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ സമൂഹവും ജാഗ്രതയോടെ നിലകൊള്ളണം. രമേശ്‌ ചെന്നിത്തല തൂഫാൻ നടത്തേണ്ടത്‌ അദ്ദേഹത്തിന്റെ പാർടിയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home