print edition നീതിപീഠത്തിന്റെ ജാഗ്രത ഇത്ര മതിയോ

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപിയുടെ തൊഴുത്തിൽ കെട്ടിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർടികളും വിദ്യാർഥി–യുവജന സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങളെ നേരിടാൻ മോദിസർക്കാർ സ്വീകരിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കുതുല്യമായ നടപടികളെ പരമോന്നത നീതിപീഠം ചോദ്യംചെയ്‌തിരിക്കുന്നു. ജനകീയപ്രക്ഷോഭങ്ങളെയും സമാധാനപരമായ പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ കേന്ദ്രസർക്കാരും ഭരണസംവിധാനങ്ങളും നടത്തുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി നൽകിയ കോടതിയലക്ഷ്യഹർജിയിൽ കോടതി ഉത്തരവ് ലംഘിച്ചതിന് ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, സിറ്റി പൊലീസ് കമീഷണർ അനുരാഗ്കുമാർ, മെട്രോ റെയിൽ ചെയർപേഴ്‌സൺ ഡി താര എന്നിവർക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചത് സ്വാഗതാർഹമാണ്.
അതേസമയം, അടിയന്തരസ്വഭാവമുള്ള ഹർജികൾ വേഗത്തിൽ പരിഗണിച്ചതല്ലാതെ പൗരാവകാശങ്ങൾ കാര്യക്ഷമമായി സംരക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞോ എന്ന ചോദ്യം അവശേഷിക്കുന്നു. ഞായറാഴ്ച രണ്ടരമണിക്കൂർ പ്രത്യേക സിറ്റിങ് നടത്തിയിട്ടും പൊലീസിന്റെ അനധികൃത തടങ്കലുകൾ അവസാനിപ്പിക്കാനോ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സ്ഥാപിച്ചുനൽകാനോ ഉതകുന്ന ശക്തമായ ഇടക്കാല ഉത്തരവ് ഉണ്ടായില്ലെന്നത് ജനാധിപത്യവിശ്വാസികളെ നിരാശപ്പെടുത്തി. ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷപാർടി നേതാക്കളെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും അതിക്രൂരമായാണ് ഡൽഹി പൊലീസും കേന്ദ്രസേനകളും നേരിടുന്നത്. മാധ്യമങ്ങൾക്കും അഭിഭാഷകർക്കുംനേരെ നടക്കുന്ന ആക്രമണങ്ങൾ ജനാധിപത്യത്തിന്റെ നാലാംതൂണിനെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണ്. ഏഴായിരത്തിലധികംപേരെ നിയമവിരുദ്ധമായി തടങ്കലിൽ വച്ച ഡൽഹി പൊലീസിന്റെ നരനായാട്ടിനെ കോടതി ചോദ്യംചെയ്തു. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാൻ കോടതി ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തി അടിയന്തര ഇടപെടൽ നടത്തിയത് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ക്രമസമാധാനപാലനത്തിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണമായി തടയാൻ കഴിയില്ലെന്നുമുള്ള നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ക്രമസമാധാനപ്രശ്നമുണ്ടെന്ന് തോന്നിയാൽ പൗരാവകാശങ്ങൾ തടയാൻ കേന്ദ്രസർക്കാരിന് അവസരമൊരുക്കുന്ന വരികളാണ് ഉത്തരവിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപരോധങ്ങൾ പൂർണമായി നീക്കാൻ ഉത്തരവില്ല, പകരം മെട്രോയും റോഡും ഇന്റർനെറ്റും പഴയപടിയായെന്ന സർക്കാരിന്റെ വാദങ്ങൾ മുഖവിലയ്ക്കെടുക്കുകയാണ് കോടതി ചെയ്തത്. പിണറായി വിജയൻ ഉൾപ്പെടെ നാലു മുൻ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷനേതാക്കളെയും ആയിരക്കണക്കിന് വിദ്യാർഥികളെയും തടങ്കലിലാക്കിയതും അഭിഭാഷകരെ മർദിച്ചതും മുതിർന്ന അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടും നിയമവിരുദ്ധ കസ്റ്റഡി തടയാനോ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനോ കോടതിയിൽനിന്ന് നിർദേശം വന്നിട്ടില്ല.
തൊഴിൽ ചെയ്യാൻ ബുദ്ധിമുട്ടുന്ന അഭിഭാഷകരോടും മാധ്യമപ്രവർത്തകരോടും സംയമനംപാലിക്കാൻ ആവശ്യപ്പെട്ട കോടതിനിലപാട് വിചിത്രമാണെന്ന് മുതിർന്ന അഭിഭാഷകർതന്നെ പ്രതികരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ഒരക്ഷരം പറയാൻ ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ലെന്നാണ് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണന്റെ വിമർശം. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ മാസങ്ങളോളം വാദിച്ചിട്ടും ഒരാശ്വാസവും കിട്ടാത്തതിനാൽ സുപ്രീംകോടതിയിലുള്ള വിശ്വാസം നശിച്ചെന്ന കപിൽ സിബലിന്റെ തുറന്നുപറച്ചിൽ ജനാധിപത്യം നേരിടുന്ന നിർണായക പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്. 2018-ൽ മസ്ദൂർ കിസാൻ ശക്തി സംഘാടൻ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ പുറപ്പെടുവിച്ച വിധിയിൽ, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി അംഗീകരിക്കുകയും ജന്തർ മന്തറിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രതിഷേധങ്ങൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്‌തിരുന്നു. 2012-ലെ രാംലീല മൈതാൻ കേസിലും ഇതേ തത്വം കോടതി ഉയർത്തിപ്പിടിച്ചിരുന്നു. ഇതിൽനിന്ന് പിന്നോട്ടുപോകുന്നത് അഭികാമ്യമല്ല.
ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കാൻ പൗരർക്ക് ഇനി തെരുവുകളിൽത്തന്നെ പൊരുതേണ്ടി വരുമെന്നതിന്റെ സൂചനയാണിത്. രാജ്യത്തെ ജനാധിപത്യപ്രക്രിയയെയും തെരഞ്ഞെടുപ്പുസംവിധാനങ്ങളെയും അട്ടിമറിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരായ ജനകീയപ്രക്ഷോഭങ്ങളെ തോക്കുകൊണ്ടോ ലാത്തികൊണ്ടോ അടിച്ചമർത്താമെന്നത് കേന്ദ്രസർക്കാരിന്റെ വ്യാമോഹംമാത്രമാണ്. ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകേണ്ടതുണ്ട്. ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കാൻ എല്ലാ ജനങ്ങളും ഒന്നിച്ച് അണിനിരക്കേണ്ട പോരാട്ടവീഥിയിലാണ് നാം നിൽക്കുന്നത്. ജനാധിപത്യസമരങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന ശക്തമായ വിധികളാണ് നീതിപീഠത്തിൽനിന്ന് രാജ്യം ആഗ്രഹിക്കുന്നത്.








0 comments