ad
Deshabhimani

print edition സമാധാനത്തിന്റെ കാലൊച്ച കേൾക്കുന്നില്ല; ആശങ്ക ഇരട്ടിക്കുന്നു

editorial.
വെബ് ഡെസ്ക്

Published on Mar 17, 2026, 12:00 AM | 2 min read

അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വത്തിന്റെ വരുതിയിൽ നിൽക്കാത്ത ഇറാനിലെ ഭരണസംവിധാനത്തെ ഒറ്റയടിക്ക്‌ ഒന്നോ രണ്ടോ നാളുകൾക്കകം തീർക്കാമെന്നാണ്‌ ട്രംപും നെതന്യാഹുവും കരുതിയത്‌. പശ്ചിമേഷ്യൻ മേഖലയിൽ ഫെബ്രുവരി 28ന്‌ തുടങ്ങിയ ആക്രമണ–പ്രത്യാക്രമണങ്ങൾ മൂന്നാംവാരത്തിൽ എത്തിനിൽക്കെ ലോകം കടുത്ത ആശങ്കയിലേക്കും അനിശ്ചിതത്വത്തിലേക്കും നീങ്ങുകയാണ്‌.


എല്ലാം കൈപ്പിടിയിലൊതുക്കാമെന്ന ചിന്തയിൽ യുദ്ധം തുടങ്ങിവച്ച അമേരിക്കയുടെയും ഇസ്രയേലിന്റെയും അതിമോഹത്തിനാണ്‌ തിരിച്ചടി നേരിടുന്നത്‌. യുദ്ധം നീളുന്നത്‌ ഗ-ൾഫ്‌ രാജ്യങ്ങളിലും ദക്ഷിണേഷ്യയിലും ബഹുമുഖ പ്രതിസന്ധികൾക്ക്‌ കാരണമായിട്ടുണ്ട്‌. സമാധാനം ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ ലോകജനതയ്‌ക്ക്‌ കൊടിയ ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടിവരും.


യുദ്ധത്തെ തുടർന്ന്‌ അസംസ്‌കൃത എണ്ണവില വീപ്പയ്‌ക്ക്‌ 100 ഡോളറിൽ കൂടുതലായത്‌ ആഗോളസന്പദ്‌ഘടനയിൽ വിനാശകരമായ ഫലങ്ങൾ സൃഷ്ടിക്കും. ഇക്കൊല്ലം എണ്ണവില 58–68 ഡോളർ പരിധിയിൽ തുടരുമെന്നായിരുന്നു നിഗമനങ്ങൾ. അസംസ്‌കൃത എണ്ണവില ഒരുശതമാനം ഉയർന്നാൽ പെട്രോൾവില അരശതമാനം വർധിക്കുമെന്നാണ്‌ അനുമാനക്കണക്ക്‌. നിലവിലെ സ്ഥിതിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 150 ഡോളർവരെയായി വർധിക്കാൻ സാധ്യത ഏറെയാണ്‌.


ഇങ്ങനെ സംഭവിച്ചാൽ സർവമേഖലയിലും വിലക്കയറ്റം നിയന്ത്രണാതീതമാകുമെന്ന്‌ ഉറപ്പ്‌. അതായത്‌ യുദ്ധത്തിന്റെ ആദ്യത്തെ പ്രത്യാഘാതം ആഗോള വിലക്കയറ്റത്തിന്റെ രൂപത്തിലാകും. ഇന്ധനക്ഷാമംപോലുള്ള പ്രശ്‌നങ്ങൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇപ്പോൾത്തന്നെ നേരിടുന്നുണ്ട്‌. ആഗോള എണ്ണനീക്കത്തിന്റെ മൂന്നിലൊന്ന്‌ കടന്നുപോകുന്ന ഹോർമുസ്‌ കടലിടുക്ക്‌ ഇറാൻ പൂർണമായി അടച്ചാൽ വിവരണാതീതമായ കുഴപ്പങ്ങളുണ്ടാകും.


അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഓഹരിവിപണികളിൽ സംഭവിക്കുന്ന ഇടിവ്‌ നിക്ഷേപകരുടെ ആശങ്കയ്‌ക്ക്‌ തെളിവാണ്‌. പത്തുകോടി ജനസംഖ്യയുള്ള ഇറാനുമായി ദശകങ്ങളായി സാന്പത്തികയുദ്ധത്തിലായിരുന്നു അമേരിക്ക. ആഭ്യന്തരയുദ്ധം നേരിടുന്ന രാജ്യങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക്‌ സമാനമായ അവസ്ഥയാണ്‌ ഉപരോധങ്ങൾവഴി ഇറാനിൽ സംഭവിച്ചതെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും അമേരിക്ക ലക്ഷ്യമിട്ട രാഷ്‌ട്രീയമാറ്റം ഇറാനിൽ സാധ്യമായില്ല.


അത്‌ നേടിയെടുക്കാനാണ്‌ നേരിട്ട്‌ സൈനികാക്രമണത്തിന്‌ തുനിഞ്ഞത്‌. ഇ‍ൗ യുദ്ധത്തിന്റെ ഏറ്റവും ഭയാനകമായ വശമെന്നത്‌ ഇതിന്റെ വ്യാപനത്തിനുള്ള സാധ്യതയും അതുവഴി ഉണ്ടാകാവുന്ന അപകടങ്ങളുമാണ്‌. ഇറാൻ ഭീഷണിയെന്ന പേരിൽ അമേരിക്ക നടത്തിവരുന്ന ആയുധക്കച്ചവടത്തിന്റെ ഏറ്റവും വലിയ വിപണിയുമാണ്‌ പശ്ചിമേഷ്യ. മേഖലയിലെ അമേരിക്കൻ സൈനികതാവളങ്ങളിലേക്കും ഇസ്രയേൽ കേന്ദ്രങ്ങളിലേക്കും ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുന്നുണ്ട്‌.


എണ്ണശേഖരങ്ങൾ ലക്ഷ്യമിടുകയെന്നതും ഇരുപക്ഷവും യുദ്ധതന്ത്രമായി സ്വീകരിച്ചിട്ടുണ്ട്‌. ഇ‍ൗ സ്ഥിതിയിൽ മറ്റ്‌ ശക്തികളും യുദ്ധത്തിൽ നേരിട്ടും അല്ലാതെയും ഇടപെട്ടേക്കാം. അതായത്‌, ഇത്‌ കേവലം പ്രാദേശികയുദ്ധമല്ല, അന്താരാഷ്‌ട്ര ക്രമം നേരിടുന്ന കനത്ത വെല്ലുവിളിയുടെ പ്രതിഫലനമാണ്‌. ഐക്യരാഷ്‌ട്രസംഘടന തികച്ചും നോക്കുകുത്തിയായി മാറുകയും സമാധാനത്തിനുള്ള ആഹ്വാനങ്ങൾ ദുർബലപ്പെടുകയും ചെയ്‌തിരിക്കുന്നു.


സൈനികസമ്മർദം ഇറാനിൽ ഭരണമാറ്റം കൊണ്ടുവരുമെന്നാണ്‌ യുദ്ധത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നത്‌. എന്നാൽ, ഇറാഖിലെയും സിറിയയിലെയും അഫ്‌ഗാനിസ്ഥാനിലെയും അനുഭവങ്ങൾ ഇ‍ൗ വാദത്തിന്‌ പിന്തുണ നൽകുന്നതല്ല. അസ്ഥിരതയും ശിഥിലീകരണവും കഠിനമായ മാനുഷികദുരന്തങ്ങളും മാത്രമാണ്‌ അധിനിവേശയുദ്ധങ്ങളുടെ ഫലങ്ങൾ.


ട്രംപിന്റെ പ്രതികാരത്തീരുവകൾ സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലാണ്‌ ഇറാൻ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളും. ആഗോള ഉൽപ്പാദനത്തിൽ ഗൾഫ്‌, പേർഷ്യൻ രാജ്യങ്ങളുടെ പങ്ക്‌ 3.5 ശതമാനം വരുമെന്നിരിക്കെ ഇ‍ൗ മേഖലയിൽ സംഘർഷം രൂപമെടുത്തത്‌ ഒരിക്കലും ഗുണകരമാകില്ല.


വ്യോമയാന, ടൂറിസം മേഖലകളിലെ തളർച്ച ആഗോളവ്യാപാരത്തിൽ മാന്ദ്യത്തിന്‌ വഴിയൊരുക്കും. ലോകത്ത്‌ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലി ചെയ്യുന്ന ഇടമാണ്‌ പശ്ചിമേഷ്യ; കേരളത്തിൽനിന്നുതന്നെ 20 ലക്ഷത്തിൽപ്പരംപേർ അവിടെയുണ്ട്‌. വർഷംതോറും ലക്ഷം കോടിയിൽപ്പരം രൂപയാണ്‌ അവർ നാട്ടിലേക്ക്‌ അയക്കുന്നത്‌. ഇ‍ൗ യുദ്ധം നീളുന്നതിൽ കേരളത്തിനുള്ള ആകുലത ചില്ലറയല്ലെന്ന്‌ വ്യക്തം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home