കർഷകരോടുള്ള യുദ്ധപ്രഖ്യാപനം

ജനുവരി 28ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽത്തന്നെ വിത്തുബിൽ 2025 അവതരിപ്പിക്കാൻ പോകുകയാണ്. ‘ഡ്രാഫ്റ്റ് സീഡ്‌സ് ബിൽ 2025' എന്ന പേരിൽ 2025 നവംബർ 12-ന് പ്രസിദ്ധീകരിച്ച കരടിന്മേൽ അഭിപ്രായം അറിയിക്കാൻ ഡിസംബർ 11 വരെ പൊതുജനങ്ങൾക്ക് സമയം നൽകിയിരുന്നു. കരടിലെ വിശദാംശങ്ങൾ പുറത്തുവന്നതുമുതൽ കർഷകർക്കുള്ള ആശങ്കകൾ വിവിധ കർഷകസംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കഴിഞ്ഞ ഡിസംബർ 10ന് അഖിലേന്ത്യ കിസാൻസഭ ബില്ലിന്റെ കരടിന്റെ കോപ്പികൾ കത്തിക്കുകയും സംയുക്ത കിസാൻ മോർച്ച ജനുവരി 16ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുകയും ചെയ്‌തു.
ഇതൊന്നും മാനിക്കാതെയാണ് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും കർഷകരുടെ ഉപജീവനമാർഗത്തെയും വിത്തുകൾക്കുമേലുള്ള സ്വയംഭരണാധികാരത്തെയും അട്ടിമറിക്കുന്ന നിർദിഷ്‌ട ബിൽ. 1966ലെ വിത്ത് നിയമവും 1968ലെയും 1983ലെയും വിത്ത് നിയന്ത്രണ ഉത്തരവുകളും റദ്ദാക്കിക്കൊണ്ടാണ് പുതിയ ബിൽ.
പാരമ്പര്യവിത്തുകൾ ഒഴികെയുള്ള എല്ലാ വിത്തുകൾക്കും കേന്ദ്രീകൃത രജിസ്ട്രേഷൻ നിർബന്ധമാക്കുക, ക്യുആർ കോഡുകളിലൂടെ ഡിജിറ്റൽ ട്രാക്കിങ് നടപ്പാക്കുക, സംസ്ഥാനതല പരിശോധനകളെ മറികടന്ന് വൻകിട കമ്പനികൾക്ക് ദേശീയവിപണിയിലേക്ക് പ്രവേശനം നൽകുന്ന സെൻട്രൽ അക്രഡിറ്റേഷൻ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണ് നിർദിഷ്‌ട ബില്ലിലെ മറ്റ് വ്യവസ്ഥകൾ.
നമ്മുടെ രാജ്യത്തെ കർഷകരിൽ 85 ശതമാനത്തിലധികം ചെറുകിട, നാമമാത്ര കർഷകരാണ്. കർഷകർ തങ്ങളുടെ വിളകളിൽനിന്ന് വിത്തെടുത്ത് സൂക്ഷിക്കുകയും അടുത്ത കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നതാണ് നൂറ്റാണ്ടുകളായുള്ള രീതി. ചെറുകിട, നാമമാത്ര കര്‍ഷകരെയും അസംഘടിത ഉല്‍പ്പാദകസമൂഹങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്ന് നിസ്സംശയം പറയാം. വിത്തുകളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന ബില്ലിലെ വ്യവസ്ഥ പരന്പരാഗത വിത്തുകൾ ഉപയോഗിക്കുന്നതിൽനിന്നും കൈമാറുന്നതിൽനിന്നും കർഷകരെ വിലക്കാനുള്ളതാണ്.
നവലിബറൽ നയങ്ങൾ നടപ്പാക്കിയശേഷം ലക്ഷക്കണക്കിന് കർഷകർ ആത്മഹത്യചെയ്‌ത രാജ്യമാണിത്. കൃഷിച്ചെലവുകൾ വർധിച്ചതുമൂലം നഗരങ്ങളിലെ കെട്ടിടനിർമാണ മേഖലയിൽ കുടിയേറുന്ന ലക്ഷക്കണക്കിന് ഗ്രാമീണരുടെ നാട്. കടക്കെണിയും കാലാവസ്ഥാ വ്യതിയാനവുംമൂലം ബുദ്ധിമുട്ടുന്ന കർഷകരുള്ള നാട്ടിലേക്കാണ് വിത്തുൽപ്പാദനരംഗത്ത് വൻകിട ബഹുരാഷ്‌ട്ര കമ്പനികൾക്ക് കൂടുതൽ അധീശത്വം സ്ഥാപിക്കാനുതകുന്ന നിയമനിർമാണം. 2004-ൽത്തന്നെ ഇത്തരമൊരു ബില്ലിന് ശ്രമങ്ങൾ ആരംഭിച്ചിരുന്നു. 2019ലെ കരട് ബില്ലുമായി മോദിസർക്കാർ രംഗത്തെത്തിയെങ്കിലും ഐതിഹാസിക കർഷകപ്രക്ഷോഭത്തെ തുടർന്ന് പിന്മാറുകയായിരുന്നു.
ഇന്ത്യൻ കർഷകരെ സംബന്ധിച്ചിടത്തോളം വിത്തുകൾ കൃഷിക്കുള്ള വെറുമൊരു അസംസ്‌കൃതവസ്തുവല്ല, മറിച്ച് കാർഷിക അതിജീവനത്തിന്റെ അടിത്തറയും കർഷകന്റെ സാമ്പത്തിക വിധി നിർണയിക്കുന്ന ഘടകവുമാണ്. ഏകദേശം 382 കോടി യുഎസ് ഡോളർ മൂല്യമുള്ള ഇന്ത്യൻ വിപണി ഇപ്പോൾത്തന്നെ ഭരിക്കുന്നത് വൻകിട ബഹുരാഷ്‌ട്ര കമ്പനികളാണ്. അവരിൽനിന്ന് വിത്തും കീടനാശിനിയും മറ്റ് സാമഗ്രികളും വാങ്ങുന്ന കർഷകർ കൊള്ളവില നൽകേണ്ടിവരുന്പോൾ ഈ കമ്പനികളുടെ ലാഭം കുതിച്ചുയരും.
വിത്തുബില്ലിനെ കാർഷികമേഖലയുടെ ആധുനികവൽക്കരണത്തിനുള്ള അനിവാര്യമായ ചുവടുവയ്‌പായാണ് സർക്കാരും കോർപറേറ്റ് പിന്തുണയുള്ള മാധ്യമങ്ങളും ചിത്രീകരിക്കുന്നത്. ഫെഡറേഷൻ ഓഫ് സീഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ പോലുള്ള സംഘടനകൾ ഇൗ ബില്ലിനെ ബിസിനസും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന കൃത്യസമയത്തുള്ള നടപടിയെന്നാണ് വിശേഷിപ്പിക്കുന്നത്.
വിത്തുകളുടെ വില നിശ്ചയിക്കാനുള്ള അധികാരം പൂർണമായും ബഹുരാഷ്‌ട്ര കന്പനികളിലെത്തും. വിലനിർണയത്തിൽ സർക്കാരിന് നിയന്ത്രണം ഇല്ലാതാകുന്നതോടെ ചെറുകിട കർഷകരുടെ ദുരിതം ഇരട്ടിയാകും. വിത്തുവ്യവസ്ഥയുടെ നിയന്ത്രണം കേന്ദ്രീകൃതമാകുന്നതോടെ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ പരിമിതപ്പെടും. വിളനാശം സംഭവിച്ചാൽ നിശ്ചിതസമയത്തിനകം നഷ്ടപരിഹാരം നൽകാനുള്ള നിയമപരമായ സംവിധാനം ബില്ലിലില്ല. ഇത് കർഷകരെ വീണ്ടും ഉപഭോക്തൃ കോടതികളുടെ സങ്കീർണതകളിലേക്ക് തള്ളിവിടും. നിയമലംഘനങ്ങൾക്ക് 30 ലക്ഷം രൂപവരെ പിഴയും നിർദേശിക്കുന്നുണ്ട്. തകർച്ച നേരിടുന്ന കർഷകർക്കല്ല, സർക്കാരിലേക്കാണ് പിഴത്തുക പോകുന്നത്.
ഇൗ ബിൽ തീർച്ചയായും കർഷകർക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ്. പാർലമെന്റിനകത്തും പുറത്തും നടക്കുന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കുമാത്രമേ സർക്കാരിനെ പിന്തിരിപ്പിക്കാനാകൂ. അതുകൊണ്ടുതന്നെ സംയുക്ത കിസാൻ മോർച്ചയുടെ സമരങ്ങളെ പിന്തുണയ്‌ക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്.










0 comments