പൊറുതിമുട്ടി കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക്

രാജ്യത്തെ കർഷകരുടെയും ഗ്രാമീണ തൊഴിലാളികളുടെയും അതിജീവനം സാധ്യമാക്കാൻ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) വീണ്ടും മഹാപ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്. കാർഷിക–ക്ഷീര മേഖലകൾ ബഹുരാഷ്ട്രകന്പനികൾക്ക് തുറന്നുകൊടുക്കാൻ അമേരിക്കയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരകരാർ ഒപ്പിടുന്നത് വിനാശകരമാണെന്ന് എസ്‌കെഎം മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയുമായി സ്വതന്ത്ര വ്യാപാരകരാർ ഒപ്പിടാത്തതാണ് ഇന്ത്യൻ ഓഹരിവിപണികളിലെ തകർച്ചയ്‌ക്ക് പ്രധാന കാരണമെന്ന് പ്രചരിപ്പിച്ച് കോർപറേറ്റ് അനുകൂല മാധ്യമങ്ങൾ മോദിസർക്കാരിന് ഒത്താശ ചെയ്യുന്നത് ഇൗ സാഹചര്യത്തിൽ ഓർക്കേണ്ടതുണ്ട്. വൈദ്യുതിമേഖലയുടെ പൂർണ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുന്ന ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചാൽ അപ്പോൾത്തന്നെ പ്രതിഷേധത്തിന് തുടക്കമിടാൻ എസ്‌കെഎം ദേശീയ കൗൺസിൽ യോഗം ആഹ്വാനം ചെയ്‌തിട്ടുണ്ട്. കർഷകരെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഇൗ നിയമനിർമാണത്തിൽനിന്ന് 2020–21ലെ ഐതിഹാസിക പ്രക്ഷോഭത്തെ തുടർന്ന് മോദിസർക്കാർ പിന്തിരിഞ്ഞതാണ്.
ഗ്രാമീണ സന്പദ്‌ഘടന ചലിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചുവരുന്ന തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കൊണ്ടുവന്ന നിയമം, തൊഴിലാളികളെ അടിമതുല്യരാക്കുന്ന തൊഴിൽ കോഡുകൾ എന്നിവയ്‌ക്ക് എതിരെയുമാണ് കർഷകരുടെ പ്രക്ഷോഭം. ഫെഡറൽ തത്വങ്ങൾ നഗ്നമായി ലംഘിച്ച് കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കടന്നുകയറുന്നതിനെയും എസ്‌കെഎം ശക്തിയായി എതിർക്കുന്നു. പ്രതിപക്ഷപാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് മോദിസർക്കാർ രാഷ്‌ട്രീയപകപോക്കൽ നടത്തുകയാണെന്ന് എസ്‌കെഎം സമരപ്രഖ്യാപനരേഖയിൽ കാര്യകാരണസഹിതം വിശദീകരിക്കുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം ന്യായമായ വിഹിതം നൽകണം. സർചാർജുകൾ അടക്കം മൊത്തം നികുതിയിൽനിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതം 60 ശതമാനമായി ഉയർത്തണമെന്നും എസ്‌കെഎം ആവശ്യപ്പെടുന്നു. കേന്ദ്രത്തിന്റെ സാന്പത്തിക ഉപരോധത്തിനെതിരെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ബഹുമുഖപോരാട്ടം നടത്തിവരുന്ന പശ്ചാത്തലത്തിൽ ഇൗ ഐക്യദാർ-ഢ്യം ഏറെ പ്രസക്തമാണ്.
കോവിഡിന്റെ മറവിൽ പാർലമെന്റിൽ ഏകപക്ഷീയമായി മൂന്നു കാർഷികനിയമങ്ങൾ പാസാക്കിയതിനെ തുടർന്നാണ് 2020ൽ കർഷകപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയവും ദീർഘവുമായി മാറിയ സംഘടിതപ്രക്ഷോഭത്തിനുമുന്നിൽ മോദിസർക്കാർ കീഴടങ്ങി. അരാഷ്‌ട്രീയ, അരാജകത്വ പ്രവണതയൊന്നും കർഷകപ്രക്ഷോഭത്തിൽ പ്രകടമായില്ല. കൃത്യമായ മുദ്രാവാക്യങ്ങൾ ഉയർത്തി, അച്ചടക്കത്തോടെയും സംയമനത്തോടെയും മാസങ്ങൾ നീണ്ട പ്രക്ഷോഭം ലക്ഷ്യം നേടുകയായിരുന്നു. കർഷകർക്ക് നൽകിയ ഉറപ്പുകൾ മോദിസർക്കാർ ലംഘിക്കുകയും കാർഷികമേഖലയെ ബഹുരാഷ്‌ട്ര കോർപറേറ്റുകൾക്ക് തീറെഴുതാൻ ഒരുങ്ങുകയും ചെയ്യുന്നതിനാൽ വീണ്ടും പോർമുഖത്തേക്ക് വരുന്പോൾ എസ്‌കെഎം നേതാക്കൾ നൽകുന്നത് വ്യക്തമായ ഉറപ്പാണ്; ചില രാജ്യങ്ങളിൽ നടക്കുന്നതുപോലെ ജെൻ സീ പ്രക്ഷോഭം സംഘടിപ്പിക്കാനല്ല തയ്യാറെടുക്കുന്നത്, ഗ്രാമീണ ഇന്ത്യയിൽ വേരുറപ്പുള്ള പ്രക്ഷോഭമാണ് വരാൻ പോകുന്നത്. ഇതിന്റെ ഭാഗമായി 16ന് പ്രതിരോധദിനം ആചരിക്കും. അഖിലേന്ത്യാടിസ്ഥാനത്തിൽ ഗ്രാമങ്ങൾതോറും പ്രകടനങ്ങളും യോഗങ്ങളും നടക്കും.
പ്രക്ഷോഭകാലത്ത് കർഷകരെ കൂട്ടക്കൊല ചെയ്‌ത ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ 19ന് മഹാപഞ്ചായത്ത് ചേർന്ന് സമരകാഹളം മുഴക്കും. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ–മോട്ടോർസൈക്കിൾ റാലികൾ ഏകോപിപ്പിച്ച് ‘പീപ്പിൾസ് മാർച്ച്’ നടത്താനും തീരുമാനിച്ചിട്ടുണ്ട്. തൊഴിൽ കോഡുകൾക്കെതിരെ ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ കർഷകരും കർഷകത്തൊഴിലാളികളും ഒറ്റക്കെട്ടായി അണിനിരക്കും. സർക്കാരിന്റെ പ്രതികരണംകൂടി വിലയിരുത്തിയശേഷം, ഫെബ്രുവരി 24ന് ഹരിയാനയിൽ ചേരുന്ന ദേശീയ കൗൺസിൽ യോഗത്തിൽ തുടർപ്രക്ഷോഭത്തിന്റെ രൂപരേഖ തയ്യാറാക്കുമെന്നും എസ്‌കെഎം വ്യക്തമാക്കിയിട്ടുണ്ട്.
2024ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ചുള്ള കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും മഹാരാഷ്‌ട്ര, ബിഹാർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്താനായതോടെ കേന്ദ്രം ജനദ്രോഹപരിഷ്‌കാരങ്ങൾക്കും നിയമനിർമാണങ്ങൾക്കും ഗതിവേഗം കൂട്ടിയിരിക്കുകയാണ്. കൂടുതൽ അധികാരം എന്നതുകൊണ്ട് ബിജെപി ഫലത്തിൽ ലക്ഷ്യമിടുന്നത് കൂടുതൽ ജനദ്രോഹം എന്നതാണ്. ബിജെപി നേതാക്കളുടെ വികസനവായ്‌ത്താരികൾ ശുദ്ധ തട്ടിപ്പാണെന്ന് അവർ അധികാരം കൈയാളുന്ന ഇടങ്ങളിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു.










0 comments