ad
Deshabhimani

യുഎസ്‌ തീരുവ ഭീഷണിക്ക്‌ ഇന്ത്യ ക‍ീഴടങ്ങരുത്‌

deshabhimani editorial
വെബ് ഡെസ്ക്

Published on Sep 19, 2026, 01:01 AM | 2 min read

യുദ്ധത്തിനൊപ്പം വ്യാപാരബന്ധങ്ങൾ മറയാക്കി മറ്റു രാഷ്ട്രങ്ങളുടെമേൽ അധിനിവേശം നടത്തി പുതിയ കോളനിവൽക്കരണമാണ്‌ അമേരിക്കൻ പ്രസിഡന്റായി രണ്ടാമത്‌ അധികാരമേറ്റതോടെ ട്രംപ്‌ ലക്ഷ്യമിട്ടത്‌. ഭീഷണിപ്പെടുത്തിയും ആയുധബലം കാട്ടിയും രാജ്യങ്ങളെ വരുതിയിലാക്കി തങ്ങളുടെ വ്യാപാരസാധ്യത വർധിപ്പിക്കുകയെന്ന അപരിഷ്‌കൃതസമീപനമാണ്‌ ട്രംപ്‌ ഭരണകൂടം പിന്തുടരുന്നത്‌. അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്ക്‌ വിവിധ രാജ്യങ്ങൾ ചുമത്തുന്ന തീരുവയും അളവുനിയന്ത്രണങ്ങളും പൂർണമായും എടുത്തുകളഞ്ഞ്‌ വ്യാപാര കരാറുകളിൽ ഏർപ്പെടണമെന്നായിരുന്നു ഭീഷണി. ഇതിന്‌ തയ്യാറാകാത്ത രാജ്യങ്ങളെ പ്രതികാരച്ചുങ്കം ചുമത്തിയും ഉപരോധങ്ങൾ പ്രഖ്യാപിച്ചും കരാറിൽ ബലമായി ഒപ്പിടീക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായിട്ടാണ്‌ ഒരുവർഷംമുന്പ്‌ ഇന്ത്യക്കുമേൽ 50 ശതമാനം ചുങ്കം ഏർപ്പെടുത്തിയത്‌. യുഎസ്‌ കോടതിവിധിയെ തുടർന്ന്‌ ഇത്‌ 10 ശതമാനമായി കുറയ്ക്കേണ്ടിവന്നു. ഇപ്പോൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളുടെമേൽ 100 ശതമാനംവരെ അധികതീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ ജനപ്രതിനിധിസഭയും സെനറ്റും പാസാക്കിയിരിക്കുകയാണ്‌. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ ഇന്ധനവില കുതിക്കുന്പോഴാണ്‌ ഇന്ത്യയുടെ ഉ‍ൗർജസുരക്ഷയ്ക്ക്‌ ഭീഷണിയാകുന്ന രീതിയിൽ അമേരിക്ക 100 ശതമാനം തീരുവഭീഷണി ഉയർത്തുന്നത്‌. ഇതുവഴി ഇന്ത്യയുടെ ഊർജസുരക്ഷയിലേക്കും വിദേശനയ സ്വാതന്ത്ര്യത്തിലേക്കും നേരിട്ട്‌ കടന്നുകയറുകയാണ്‌ യുഎസ്‌.


​റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനംവരെ തീരുവ ചുമത്താനുള്ള നിയമത്തെ റഷ്യക്കെതിരായ ഉപരോധമായിമാത്രം കണ്ടാൽ മതിയാകില്ല. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയെയും ചൈനയെയുംപോലുള്ള രാജ്യങ്ങളുടെ വ്യാപാരതീരുമാനങ്ങളെ സമ്മർദത്തിലാക്കുന്ന നടപടിയാണിത്. എണ്ണ വിൽപ്പനവഴി റഷ്യക്ക്‌ ലഭിക്കുന്ന വരുമാനം കുറയ്ക്കുകയാണ് നിയമത്തിന്റെ പ്രഖ്യാപിതലക്ഷ്യം. മറ്റു രാജ്യങ്ങളുടെ വ്യാപാര ഇടപാടുകൾക്കുമേൽ അധികതീരുവ ഭീഷണി ഉയർത്തുന്നത് ആഗോള വ്യാപാരബന്ധങ്ങളിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ്‌ ഇന്ത്യ. റഷ്യൻ എണ്ണയുടെ ലഭ്യതയും കുറഞ്ഞ വിലയും ഏതാനും വർഷങ്ങളായി ഇന്ത്യക്ക്‌ ഏറെ ഗുണകരമാണ്‌. കഴിഞ്ഞ ജൂലൈയിൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി പ്രതിദിനം 24.7 ലക്ഷം വീപ്പയിലെത്തിയിരുന്നു. രാജ്യത്തിന്റെ എണ്ണ ഇറക്കുമതിയുടെ 51 ശതമാനമായിരുന്നു അത്.


​ഒരു പരമാധികാര രാജ്യം അവരുടെ സാമ്പത്തികവും ഊർജസുരക്ഷാപരവുമായ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ഏതു രാജ്യത്തുനിന്ന് അസംസ്‌കൃത എണ്ണ വാങ്ങണമെന്ന് തീരുമാനിക്കുന്നതാണ് അന്താരാഷ്ട്ര വ്യാപാരത്തിന്റെ സ്വാഭാവികതത്വം. എന്നാൽ, ഒരു രാജ്യത്തോടുള്ള വ്യാപാരബന്ധം ഉപേക്ഷിക്കാൻ മറ്റൊരു രാജ്യത്തെ തീരുവഭീഷണിയിലൂടെ നിർബന്ധിക്കുന്ന രീതി വ്യാപാരത്തെ രാഷ്ട്രീയസമ്മർദത്തിന്റെ ഉപാധിയാക്കുന്നു. ഇത്‌ ഒരു രാജ്യത്തിനും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇന്ത്യ എവിടെനിന്ന് എണ്ണ വാങ്ങണമെന്ന തീരുമാനം ഇന്ത്യയുടെ സാമ്പത്തിക ആവശ്യങ്ങളും ഊർജസുരക്ഷയും ദേശീയതാൽപ്പര്യവും വിലയിരുത്തിയാണ് എടുക്കേണ്ടത്. റഷ്യൻ എണ്ണ വാങ്ങണോ വേണ്ടയോ എന്നത് വില, ലഭ്യത, വിദേശനാണ്യച്ചെലവ്, ആഭ്യന്തര ഉപഭോക്താക്കളുടെ താൽപ്പര്യം എന്നിവ പരിഗണിച്ചാണ് തീരുമാനിക്കേണ്ടത്. ആ തീരുമാനം ഏതെങ്കിലും വിദേശ ശക്തിയുടെ സമ്മർദത്തിന് വിട്ടുകൊടുക്കേണ്ടതല്ല. ഇത്തരം സമ്മർദം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും നേരെയുള്ള കടന്നുകയറ്റമായി കാണണം.


​ചൈന അമേരിക്കൻ നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട് ചൈനയ്ക്കുമേൽ അധിക വ്യാപാരനിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ ശ്രമങ്ങളെ ചൈന ഏകപക്ഷീയമായ സാമ്പത്തികസമ്മർദമായി വിശേഷിപ്പിച്ചു; മൂന്നാംകക്ഷികൾ തമ്മിലുള്ള വ്യാപാരബന്ധങ്ങളിൽ ഇടപെടരുതെന്നും ചൈന ആവശ്യപ്പെട്ടു. അമേരിക്കയുമായി സ‍ൗഹൃദമെന്നത് ഇന്ത്യയുടെ വിദേശനയസ്വാതന്ത്ര്യം മറ്റൊരു രാജ്യത്തിന് കൈമാറുന്നതല്ല. വ്യാപാരബന്ധം എന്നത് ദേശീയതാൽപ്പര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനുള്ള കരാറുമല്ല. ഇന്ത്യക്ക് അമേരിക്കയുമായും റഷ്യയുമായും ചൈനയുമായും യൂറോപ്പുമായും ഗൾഫ് രാജ്യങ്ങളുമായും ഒരേസമയം ബന്ധംപുലർത്താനുള്ള ശേഷി വേണം. 100 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ രാജ്യതാൽപ്പര്യം മുൻനിർത്തി ഇന്ത്യ ശക്തമായി പ്രതികരിക്കുകയാണ്‌ വേണ്ടത്‌. അതിനുള്ള ചങ്കൂറ്റം മോദിസർക്കാർ പ്രകടിപ്പിക്കുമോ എന്നാണ്‌ വ്യക്തമാക്കേണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home