ad
Deshabhimani

രാജ്യതാൽപ്പര്യങ്ങൾ അടിയറവച്ച കരാർ

edit
വെബ് ഡെസ്ക്

Published on Jan 29, 2026, 12:00 AM | 2 min read


ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ രണ്ടുപതിറ്റാണ്ടോളം മുമ്പ്‌ തുടക്കമിട്ട സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയാകുമ്പോൾ നമ്മുടെ ദേശീയ താൽപ്പര്യങ്ങൾ നരേന്ദ്ര മോദി സർക്കാർ അടിയറവച്ചതായാണ്‌ വ്യക്തമാകുന്നത്‌. ആഗോള കുഴമറിച്ചിലിന്റെ സാഹചര്യത്തിൽ സ്ഥിരത ശക്തിപ്പെടുത്തുന്ന കരാർ എന്നാണ്‌ മോദി വിശേഷിപ്പിച്ചത്‌. എല്ലാ ഇടപാടുകളുടെയും മാതാവ്‌ എന്നാണ്‌ യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ഉർസുല വൊൻഡെർ ലെയ്‌ന്റെ വാദം. അമേരിക്കയുമായുള്ള തർക്കത്തിൽ യൂറോപ്യൻ യൂണിയന്റെ നില ഭദ്രമാക്കുന്നതാണ്‌ അമേരിക്കൻ കമ്പോളത്തിന്റെ പലമടങ്ങ്‌ വലിപ്പമുള്ള ഇന്ത്യൻ കമ്പോളത്തിലേക്കുള്ള പ്രവേശം. എന്നാൽ, തത്തുല്യമായ ഗുണം ഇന്ത്യക്കില്ല എന്നതിനാലാണ്‌ നമ്മളെ സംബന്ധിച്ച്‌ ഇത്‌ കീഴടങ്ങലാകുന്നത്‌. 26 വർഷത്തിനിടെ ഇന്ത്യയുടെ 22–-ാമത്‌ സ്വതന്ത്ര വ്യാപാര കരാറാണിത്‌. ബ്രിട്ടനടക്കം ചില രാജ്യങ്ങളുമായി കഴിഞ്ഞവർഷമാണ്‌ കരാറായത്‌.


യൂറോപ്പ്‌ ഭൂഖണ്ഡം ആകെയെടുത്താൽപ്പോലും ജനസംഖ്യ 75 കോടിയിൽ താഴെയാണ്‌. ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളമേ ഉള്ളൂ ഇത്‌. റഷ്യയും ബ്രിട്ടനും ഒഴികെയുള്ള യൂറോപ്യൻ യൂണിയനിലാകട്ടെ ജനസംഖ്യ 45 കോടിമാത്രമാണ്‌. അതായത്‌ ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിലൊന്നിൽ താഴെ. ലോകത്തെ ഏറ്റവും വലിയ കമ്പോളം ഇന്ത്യ ഇയു അംഗരാജ്യങ്ങൾക്ക്‌ തുറന്നുകൊടുക്കുമ്പോൾ തിരിച്ചുകിട്ടുന്നത്‌ വളരെ ചെറിയ ഒരു കമ്പോളമാണ്‌. ഇയു രാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപ്പന്നങ്ങളുടെയും തീരുവ ഇന്ത്യ ഒഴിവാക്കുകയോ ഗണ്യമായി കുറയ്‌ക്കുകയോ ചെയ്യുമ്പോൾ അത്‌ ഇന്ത്യൻ കാർഷിക, വ്യാവസായിക മേഖലകളിൽ കനത്ത ആഘാതമുണ്ടാക്കും. ഉദാഹരണത്തിന്‌, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കളുടെ തീരുവ ഇന്ത്യ ഒഴിവാക്കുമ്പോൾ ആഭ്യന്തര ഭക്ഷ്യസംസ്‌കരണ മേഖലയെമാത്രമല്ല, കർഷകരെക്കൂടിയാണ്‌ അത്‌ ദോഷകരമായി ബാധിക്കുക. സമാനമാണ്‌ വാഹന നിർമാണമേഖലയ്‌ക്കുണ്ടാകുന്ന ദോഷം. കാർ നിർമാണ വ്യവസായത്തിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ മൂന്നാംസ്ഥാനത്താണ്‌ ഇന്ത്യ. ഇന്ത്യൻ കമ്പോളത്തിൽ യൂറോപ്യൻ കാറുകളുടെ വിൽപ്പന നിലവിൽ മൂന്ന്‌ ശതമാനത്തോളം മാത്രമാണ്‌. ഇവയുടെ തീരുവ കുത്തനെ കുറയ്‌ക്കുന്നത്‌ ഇന്ത്യൻ കമ്പനികൾക്കാണ്‌ അടിയാകുന്നത്‌. മോദിസർക്കാരിന്റെ ‘മെയ്‌ക്ക്‌ ഇൻ ഇന്ത്യ’ വാചകമടിക്കും വിരുദ്ധമാണിത്‌. യൂറോപ്യൻ ഒ‍ൗഷധങ്ങൾക്ക്‌ തീരുവ കുറച്ചതും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്‌ ദോഷമാകും.


അതിസമ്പന്നർക്ക്‌ ആവശ്യമുള്ള ആഡംബര കാറുകളുടെ വില കുറയുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ സ്ഥിതി നോക്കുക: പിഎംഎവൈ പദ്ധതിയിൽ ഇതുവരെ നാലേകാൽ കോടിയോളം വീടുകൾ പാവങ്ങൾക്ക്‌ നിർമിച്ചുനൽകി എന്നാണ്‌ മോദിസർക്കാർ അവകാശപ്പെടുന്നത്‌. അതിൽ മൂന്നുകോടിയിലധികം വീടുകൾ ഗ്രാമീണമേഖലയിലാണ്‌. അവയ്‌ക്ക്‌ കേന്ദ്രസർക്കാർ നൽകുന്നത്‌ 75,000 രൂപയോളമാണ്‌. അപ്പോഴാണ്‌ അതിന്റെ നൂറിരട്ടി തുക വരുന്ന 75 ലക്ഷത്തിന്‌ അതിസമ്പന്നർക്ക്‌ യൂറോപ്യൻ കാറുകൾ ലഭ്യമാക്കുന്ന കരാർ വലിയ നേട്ടമായി വാഴ്‌ത്തപ്പെടുന്നത്‌. രണ്ട്‌ അസമസമൂഹങ്ങൾ തമ്മിലുണ്ടാക്കുന്ന ഇത്തരം കരാറുകളുടെ ഗുണഭോക്താക്കൾ സ്വാഭാവികമായും അതിൽ ശക്തരായിരിക്കും. അതിനാൽ മോദിസർക്കാർ ഇന്ത്യക്ക്‌ ലഭിക്കുമെന്ന്‌ കൊട്ടിഘോഷിക്കുന്ന നേട്ടങ്ങളുടെ പത്തിരട്ടി നേട്ടം സമ്പന്ന യൂറോപ്യൻ രാജ്യങ്ങൾക്കുണ്ടാകുമെന്ന്‌ വ്യക്തമാണ്‌.


യൂറോപ്പ്‌ അമേരിക്കയുടെ സ്വാഭാവിക ബന്ധുവാണ്‌. അവർ തമ്മിലുള്ള തർക്കങ്ങൾ എക്കാലവും തുടരുമെന്ന്‌ പ്രതീക്ഷിക്കാനാകില്ല. എന്നാൽ, അതല്ല യൂറോപ്പിനോടും അമേരിക്കയോടുമുള്ള ഇന്ത്യയുടെ ബന്ധം. ലോകത്തെ ഏറ്റവും വലിയ കമ്പോളമായിട്ടും ഇന്ത്യക്ക്‌ സാമന്ത പരിഗണനയ്‌ക്കപ്പുറം ഈ പാശ്ചാത്യരാജ്യങ്ങൾ നൽകുന്നില്ല. അത്‌ തിരിച്ചറിഞ്ഞ്‌ രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും താൽപ്പര്യങ്ങൾക്ക്‌ മുൻഗണന നൽകുന്നതിന്‌ കേന്ദ്രസർക്കാർ ശ്രദ്ധിക്കണമായിരുന്നു. ഇന്ത്യപോലെ ജനസമ്പത്തുള്ള രാജ്യം സാമ്പത്തികവളർച്ചയ്‌ക്ക്‌ ആഭ്യന്തരവിപണി ശക്തിപ്പെടുത്തുന്നതിനാകണം മുഖ്യപരിഗണന. അതിന്‌ ജനസാമാന്യത്തിന്റെയാകെ വാങ്ങൽശേഷി വർധിപ്പിക്കണം. അതിനാവശ്യമായ നയങ്ങൾ സ്വീകരിക്കണം. എന്നാൽ, അതിന്‌ തയ്യാറാകാതെ തങ്ങളുടെ കോർപറേറ്റ്‌ യജമാനന്മാരുടെയും ജനസംഖ്യയിൽ 10 ശതമാനംവരുന്ന സമ്പന്നവിഭാഗങ്ങളുടെയും താൽപ്പര്യങ്ങളാണ്‌ മോദിസർക്കാർ സംരക്ഷിക്കുന്നത്‌. ഇന്ത്യയിലെ സമ്പന്നരായ 10 ശതമാനമെന്നാൽ യൂറോപ്പിലെ ആകെ സമ്പന്നരുടെ ഇരട്ടിവരും. അതിനാൽ ഈ കരാർ പാർലമെന്റിൽ ചർച്ച ചെയ്‌ത്‌ റദ്ദാക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home