ഇന്ത്യ കൂട്ടായ്‌മയെ തകർക്കുന്ന കോൺഗ്രസ്

ഫാസിസ്റ്റ് അജൻഡകൾ ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസിനാൽ നയിക്കുന്ന ബിജെപി രാജ്യത്ത് അധികാരത്തിലിരിക്കുന്നു എന്നതാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭരണഘടനാ സ്ഥാപനങ്ങളെയും ഫെഡറൽ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി, രാജ്യത്തെ മതരാഷ്‌ട്രമാക്കി മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ഇടതുപക്ഷ ശക്തികളും മതനിരപേക്ഷവാദികളും ചേർന്ന് രൂപപ്പെടുത്തിയ പ്രതീക്ഷയായിരുന്നു ഇന്ത്യ കൂട്ടായ്‌മ.
അഭിപ്രായ വ്യത്യാസങ്ങളും ആശയവ്യത്യാസങ്ങളും മാറ്റിവച്ച് രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്വം തിരിച്ചറിഞ്ഞായിരുന്നു പ്രതിപക്ഷ പാർടികൾ ഒന്നിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റ് നില 240ലേക്ക് ചുരുക്കാനും ഭൂരിപക്ഷം ഇല്ലാതാക്കാനും പ്രതിപക്ഷ ഐക്യത്തിന് സാധിച്ചിരുന്നു. ഐക്യം ശക്തിപ്പെടുത്തി ബിജെപിക്കെതിരെ രാജ്യവ്യാപകമായ രാഷ്‌ട്രീയബദൽ ഉയർത്തുന്നതിനുപകരം കൂട്ടായ്‌മയിലെ പങ്കാളികളെ അകറ്റുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന നടപടികളാണ് കോൺഗ്രസ് തുടർച്ചയായി സ്വീകരിക്കുന്നത്.
മഹാരാഷ്‌ട്രയിലും ഹരിയാനയിലും ഇന്ത്യ കൂട്ടായ്‌മയിലെ കക്ഷികളെ യോജിപ്പിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ് തയ്യാറായില്ല. അതിന്റെ രാഷ്‌ട്രീയനേട്ടം മുഴുവൻ ബിജെപിക്കാണ് ലഭിച്ചത്. ഡൽഹിയിൽ ആം ആദ്മി പാർടിക്കെതിരെ ബിജെപിയേക്കാൾ കൂടുതൽ ആക്രമണോത്സുകമായ നിലപാട് സ്വീകരിച്ചതും കോൺഗ്രസായിരുന്നു. ബിഹാറിലും കൂട്ടായ്‌മയെ ശക്തിപ്പെടുത്തുന്ന നിലപാടല്ല കൈക്കൊണ്ടത്.
ഇപ്പോൾ തമിഴ്നാട്ടിലെ സംഭവവികാസങ്ങൾ കൂടുതൽ ഗുരുതരമാണ്. ബിജെപിക്കെതിരെ പാർലമെന്റിലും കോടതികളിലും ജനകീയ പ്രക്ഷോഭങ്ങളിലും മുൻനിരയിൽനിന്ന ഡിഎംകെയെ അവഗണിച്ച് വിജയ്‌യുടെ ടിവികെയുമായി കോൺഗ്രസ് ബന്ധം സ്ഥാപിച്ചത് മുന്നണി മര്യാദകളുടെ നഗ്നമായ ലംഘനമാണ്. അതിന്റെ ഫലമായി ഡിഎംകെ ഇന്ത്യ കൂട്ടായ്‌മയിൽനിന്ന് അകന്നുനിൽക്കുന്ന സാഹചര്യമുണ്ടായി. ബിജെപിവിരുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലൊന്നായ തമിഴ്നാട്ടിൽ പ്രതിപക്ഷ ഐക്യത്തിന് ഇത് വലിയ തിരിച്ചടിയാണ്. ജാർഖണ്ഡിലും ജെഎംഎമ്മിനെ കൂട്ടായ്‌മയിൽനിന്ന് അകറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
കേരളത്തിലും കോൺഗ്രസ് സ്വീകരിച്ച നിലപാട് ഒട്ടും വ്യത്യസ്‌തമല്ല. ദേശീയതലത്തിൽ ബിജെപിക്കെതിരെ പോരാടുന്നെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, കേരളത്തിൽ ബിജെപിയുമായി ചേർന്ന് ഇടതുപക്ഷത്തെ തകർക്കുകയെന്ന അജൻഡയാണ് നടപ്പാക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് നൽകിയ കത്ത് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണ്.
ലോക്‌സഭ–നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുതന്നെ "എന്തുകൊണ്ട് ഇഡി പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല’ എന്നതായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കൾ ഈ പച്ചക്കള്ളം ഏറ്റുപിടിച്ചത് ബിജെപിയെ സഹായിക്കാനായിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നശേഷം സ്വീകരിക്കുന്ന നയസമീപനങ്ങൾ കോൺഗ്രസ്–ബിജെപി ഡീലാണ് വ്യക്തമാക്കുന്നത്.
ബിജെപിയെ നേരിടാനുള്ള ഏറ്റവും വലിയ ശക്തി പ്രതിപക്ഷ ഐക്യമാണെന്ന സത്യം കോൺഗ്രസ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തങ്ങളുടെ ശക്തി ക്ഷയിച്ചത് തിരിച്ചറിയാത്തതും പ്രാദേശിക കക്ഷികളുടെ രാഷ്‌ട്രീയ സ്വാധീനം അംഗീകരിക്കാനുള്ള വിമുഖതയും കോൺഗ്രസിനെ തെറ്റായ വഴിയിലേക്കാണ് നയിക്കുന്നത്. വ്യക്തമായ ബദൽനയങ്ങളില്ലാതെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുന്ന കോൺഗ്രസ്, ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് 170 കോടി രൂപ നൽകിയ റോബർട്ട് വധ്രയുടെ വഴിയിലാണ് സഞ്ചരിക്കുന്നത്.
സങ്കുചിത രാഷ്‌ട്രീയ ലാഭങ്ങൾക്കായി ഇന്ത്യ കൂട്ടായ്‌മയെ തകർക്കുന്ന നടപടികൾ കോൺഗ്രസ് അടിയന്തരമായി തിരുത്തണം. മോദി സർക്കാരിന്റെ ജനവിരുദ്ധ–വർഗീയ– ഏകാധിപത്യ നിലപാടുകൾക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷം എക്കാലവും മുൻപന്തിയിൽത്തന്നെ ഉണ്ടാകും. എന്നാൽ, ഈ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന നിലപാടുകൾ കോൺഗ്രസ് തുടർന്നാൽ, ചരിത്രം അവർക്ക് മാപ്പുനൽകില്ല. യഥാർഥ ശത്രു ആരാണെന്ന് തിരിച്ചറിഞ്ഞ്, പ്രതിപക്ഷ ഐക്യം കാത്തുസൂക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം ഇനിയെങ്കിലും തയ്യാറാകണം. അല്ലാത്തപക്ഷം ബിജെപിയുടെ ബി- ടീം മാത്രമായി അവർ അധഃപതിക്കും.









0 comments