Deshabhimani

print edition ഉന്നതവിദ്യാഭ്യാസവും
കച്ചവടത്തിന്‌
തീറെഴുതുന്നു

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 09, 2026, 12:30 AM | 2 min read

വി ഡി സതീശൻ സർക്കാർ ആരുടെ പക്ഷത്താണെന്ന്‌ സംശയാതീതമായി തെളിയിക്കുന്ന ഒരു ഉത്തരവ്‌ കൂടി പുറത്തുവന്നിരിക്കുകയാണ്‌. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ കോർപറേറ്റ്‌ സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ ചൂഷണത്തിനും കൊള്ളയ്‌ക്കും വിട്ടുകൊടുക്കാനുള്ള ഉത്തരവാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ തനിനിറത്തിന്‌ പുതിയ സാക്ഷ്യപത്രം. മാനേജ്‌മെന്റ്‌ പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ തൊട്ടുപിന്നാലെയാണ്‌ സ്വകാര്യ സ്വാശ്രയകച്ചവടത്തിന്‌ മറയില്ലാതെ യുഡിഎഫ്‌ സർക്കാർ പിന്തുണ പ്രഖ്യാപിച്ചത്‌. കഴിഞ്ഞ സെപ്തംബർ 11ന്‌ ഇ‍ൗ സർക്കാർ തന്നെ ഇറക്കിയ ഉത്തരവിലെ വ്യവസ്ഥകൾ അട്ടിമറിച്ചാണ്‌ വിദ്യാഭ്യാസ കച്ചവടക്കാർക്ക്‌ കീഴടങ്ങിയത്‌. കേരളത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ലക്ഷക്കണക്കിന്‌ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും വിദ്യാഭ്യാസ ഉന്നമന ആഗ്രഹങ്ങൾക്കും ഭാവിക്കുംമേൽ ഇടിത്തീപോലെ പതിച്ച ഇപ്പോഴത്തെ ഉത്തരവ്‌, തലമുറകളുടെ ഉന്നതവിദ്യാഭ്യാസ സാക്ഷാൽക്കാര സ്വപ്‌നങ്ങളെ തകർക്കുന്നതാണ്‌.


എയ്‌ഡഡ്‌, സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾക്കും സീറ്റ് വർധനയ്‌ക്കും സർക്കാരിന്റെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് സെപ്‌തംബർ 11-ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ നിഷ്‌കർഷിച്ചിരുന്നു. ഈ വ്യവസ്ഥ നിലനിൽക്കെയാണ്, മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദങ്ങൾക്ക് വഴങ്ങി ഇ‍ൗ രംഗത്ത്‌ സർവനിയന്ത്രണങ്ങളും നീക്കിയുള്ള ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. ഇനിമുതൽ സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ സ്വയംഭരണ (എയ്‌ഡഡ്‌) കോളേജുകളിൽ അൺ എയ്‌ഡഡ്‌/സ്വാശ്രയ സ്‌ട്രീമിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ അല്ലെങ്കിൽ നിലവിലുള്ള കോഴ്‌സുകളിൽ സ്ഥിരമായി സീറ്റുകൾ വർധിപ്പിക്കുന്നതിനോ സർക്കാരിന്റെ നിരാക്ഷേപ പത്രം(എൻഒസി) ആവശ്യമില്ല. ഓട്ടോണമസ്‌ കോളേജുകൾ ഇക്കാര്യം സർക്കാരിനെ മുൻകൂട്ടി കത്ത്‌ വഴി അറിയിച്ചാൽ മാത്രംമതിയാകും. അൺ എയ്‌ഡഡ്‌/സ്വാശ്രയകോളേജുകളിൽ കോഴ്‌സുകളുടെ സീറ്റ്‌ സർവകലാശാലകൾക്കുതന്നെ വർധിപ്പിച്ച്‌ നൽകാം.

സ്വയംഭരണ കോളേജുകളിൽ തുടങ്ങിയ സ്വാശ്രയ കോഴ്‌സുകൾക്ക്‌ മൂന്ന്‌ വർഷത്തിലൊരിക്കൽ എൻഒസി പുതുക്കിയാൽ മതി; നേരത്തെ വർഷംതോറും ഇത്‌ പുതുക്കണമായിരുന്നു. സ്വകാര്യ മാനേജ്‌മെന്റുകളുടെ സ്വാശ്രയ കച്ചവടം എൽഡിഎഫ്‌ സർക്കാരുകൾ കർശനമായി നിയന്ത്രിച്ചിരുന്നു. എയ്‌ഡഡ്‌ സ്വയംഭരണ കോളേജുകളിൽ അടക്കം സ്വാശ്രയകോഴ്‌സുകൾ വ്യാപിപ്പിച്ച്‌ വിദ്യാർഥികളെയും രക്ഷിതാക്കളെയും കൊള്ളയടിക്കുന്ന പ്രവണതയ്‌ക്ക്‌ തടയിടാൻ എൽഡിഎഫ്‌ ഭരണകാലത്ത്‌ സർവകലാശാലകളും തയ്യാറായി. സംസ്ഥാന ഭരണമാറ്റത്തിനുപിന്നാലെ സർവകലാശാല സിൻഡിക്കറ്റുകൾ അട്ടിമറിച്ച്‌ അധികാരം പിടിച്ചെടുത്ത യുഡിഎഫിന്റെ ലക്ഷ്യങ്ങൾ ഓരോന്നായി വെളിച്ചത്തുവരികയാണ്‌. സംസ്ഥാന സർക്കാരിന്റെ ഇംഗിതത്തിന്‌ കുടപിടിക്കാനാണ്‌ ഇത്തരം സിൻഡിക്കറ്റുകളും ശ്രമിക്കുകയെന്ന്‌ ഇതിനകം വ്യക്തമായിട്ടുണ്ട്‌.


കടിഞ്ഞാൺ ഒന്നുമില്ലാതെ വിദേശ സ്വകാര്യ സർവകലാശാലകൾക്ക്‌ സംസ്ഥാനത്തേക്ക്‌ കടന്നുവരാൻ കളമൊരുക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ എന്ന റിപ്പോർട്ടുകൾക്ക്‌ തുടർച്ചയായാണ്‌ ഇ‍ൗ സംഭവവികാസവും. ഇതിന്‌ സമാന്തരമായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ ലോബിക്ക്‌ ഒത്താശ ചെയ്യാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയെ തകർക്കാനുള്ള ശ്രമങ്ങളും സജീവമാണ്‌. ചെലവ്‌ കുറഞ്ഞ രീതിയിൽ മികച്ച നിലവാരത്തിൽ ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്ന ഇ‍‍ൗ ഓപ്പൺ സർവകലാശാലയ്‌ക്കെതിരെ സംഘടിതമായ നീക്കമാണ്‌ തൽപ്പരകക്ഷികൾ നടത്തുന്നത്‌. കാലടി സംസ്‌കൃത സർവകലാശാലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന സർക്കാർ സമീപനവും ഇ‍ൗ പശ്‌ചാത്തലത്തിൽകൂടി കാണേണ്ടതുണ്ട്‌. ഒപ്പം കാവി അജൻഡ നടപ്പാക്കാനും യുഡിഎഫ്‌ സർക്കാർ വിനീതവിധേയരായി നിന്നുകൊടുക്കുന്നു.

വാണിജ്യവൽക്കരണം, വർഗീയവൽക്കരണം, ആഗോളവൽക്കരണം എന്നിവയിൽ അധിഷ്‌ഠിതമായ മോദിസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം അതേപടി സംസ്ഥാനത്തും പകർത്തുകയാണ്‌ യുഡിഎഫ്‌ സർക്കാരെന്ന്‌ ആരെയും ബോധ്യപ്പെടുത്തുന്ന സംഭവഗതികളാണ്‌ അരങ്ങേറുന്നത്‌ നെഹ്‌റുവിയൻ സോഷ്യലിസ്‌റ്റ്‌ ചമഞ്ഞ്‌ തെരഞ്ഞെടുപ്പുകാലത്ത്‌ ജനങ്ങളെ കബളിപ്പിച്ച വി ഡി സതീശൻ അധികാരം കിട്ടിയപ്പോൾ നീലക്കുറുക്കന്റെ കഥയെ ഓർമിപ്പിക്കുകയാണ്‌. എയ്‌ഡഡ്‌, സ്വാശ്രയ കോളേജുകളിൽ കനത്ത ഫീസ്‌ നൽകി പഠിക്കേണ്ട കോഴ്‌സുകൾക്ക്‌ സർക്കാർ വഴിതുറക്കുന്നത്‌ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.


വിവിധ മേഖലകളിൽ കേരളം മുന്നേറാൻ വഴിയൊരുക്കിയത്‌ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും സർക്കാർ സംവിധാനങ്ങൾ ബഹുഭൂരിപക്ഷം ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി നിലകൊണ്ടതിനാലാണ്‌. അരികുവൽക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരുടെയും മക്കൾക്ക്‌ വിദ്യാഭ്യാസത്തിന്റെ ഉന്നത ചക്രവാളങ്ങളിൽ എത്തിച്ചേരാനായത്‌ സ‍ൗജന്യമായും കുറഞ്ഞ ഫീസിലും പഠിക്കാൻ കഴിഞ്ഞതുകൊണ്ടാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ നയങ്ങൾ ഇതിനെല്ലാം അന്ത്യംകുറിക്കും. കേരളത്തെ ഇരുണ്ട ഭൂതകാലത്തേക്ക്‌ കൊണ്ടുപോകുന്ന പ്രക്രിയക്കാണ്‌ ഇ‍ൗ സർക്കാർ കാർമികത്വം വഹിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home