ഒട്ടിപ്പിടിത്തത്തിന്റെ രസതന്ത്രം തേടിയവർ

അധ്യാപകൻ ഡോ. കെ എൽ നവീനൊപ്പം വിദ്യാർഥിനികളായ പി ജി ശ്രീദേവി, റോഷ്‌മി രാജേഷ്, എസ് ദർശിനി, എം ആമിന എന്നിവർ
തിരുവനന്തപുരം
തിരമാലകളെ അതിജീവിച്ച് പാറപ്പുറത്ത് പറ്റിയിരിക്കുന്ന മിനുസമുള്ള കടൽചിപ്പികളെ കണ്ടിട്ടില്ലേ. ഇങ്ങനെ ഒട്ടിപ്പിടിച്ചിരിക്കാൻ ചിപ്പിക്കൂട്ടങ്ങളെ സഹായിക്കുന്ന ഘടകത്തിന്, അസ്ഥികളെയും കൂട്ടിയോജിപ്പിക്കാന്‍ പറ്റിയാലോ? ചിന്തിച്ചിരിക്കാതെ ഇതിന്റെ രഹസ്യം തേടിയിറങ്ങി നാലുപേര്‍. പല ജേർണലുകളും സൈറ്റുകളും തപ്പിയിട്ടും രക്ഷയില്ല. ഒടുവില്‍ ദക്ഷിണ കൊറിയയിലെ ഗവേഷണങ്ങളുടെ പിന്‍ബലത്തില്‍ അധ്യാപകൻ ഡോ. കെ എൽ നവീനൊപ്പം അവര്‍ പഠിച്ചുതുടങ്ങി. മണക്കാട് നാഷണൽ കോളേജിലെ ബയോകെമിസ്‌ട്രി ആൻഡ് ഇൻഡ്‌സ്‌ട്രിയൽ മൈക്രോബയോളജിയിലെ രണ്ടാം വർഷ വിദ്യാർഥികളായ പി ജി ശ്രീദേവിയും റോഷ്‌മി രാജേഷും എസ് ദർശിനിയും എം ആമിനയും. സമുദ്ര ജീവികളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് അസ്ഥിരോഗ ചികിത്സാ രംഗത്ത് വന്‍മാറ്റത്തിന് വഴിതുറക്കുന്ന അവരുടെ കണ്ടെത്തൽ അന്താരാഷ്ട്ര ശ്രദ്ധനേടി. അസ്ഥിസംബന്ധമായ ശസ്ത്രക്രിയകള്‍ക്ക് സിന്തറ്റിക് പശയ്ക്ക് പകരം പാർശ്വഫലങ്ങളില്ലാത്ത ജൈവപശ സമുദ്ര ജീവികളിൽനിന്ന് ഉൽപ്പാദിപ്പിക്കാമെന്നാണ് കണ്ടെത്തല്‍. ഈർപ്പമുള്ള പ്രതലങ്ങളിൽപ്പോലും ശക്തമായ ഒട്ടിയിരിക്കാന്‍ കടൽച്ചിപ്പികളെ സഹായിക്കുന്ന മസൽ ഫൂട്ട് പ്രോട്ടീനുകളാണ് ഇതിൽ പ്രധാനം. ഡോപ്പ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 3, 4 ഡൈഹൈഡ്രോക്സി ഫീനൈൽ അലനൈൻ എന്ന അമിനോ ആസിഡാണ് ഇത് ഉൽപ്പാദിപ്പിക്കുന്നത്. ശരീരത്തിലെ ജൈവകലകളുമായി പൂർണമായി ഇണങ്ങിച്ചേരാനുള്ള കഴിവ്, സ്വയം വിഘടിച്ച് ഇല്ലാതാകാനുള്ള ശേഷി, വിഷാംശമില്ലാത്ത പ്രകൃതം എന്നിവ ജൈവപശകളെ സുരക്ഷിതമാക്കുന്നു. ശരീരത്തിന് ഹാനികരമാകാത്ത ഫൈബ്രിൻ, ജെലാറ്റിൻ, കൊളാജൻ എന്നിവ അടിസ്ഥാനമാക്കിയുള്ള ജൈവപശകൾ ഓർത്തോപീഡിക്സ് സർജറികൾക്ക് പുറമെ, ശസ്ത്രക്രിയ നടന്ന ശരീരഭാഗങ്ങളിൽ മരുന്നുകൾ എത്തിക്കാനുള്ള സംവിധാനങ്ങളിലും ഉപയോഗിക്കാം. ഇന്റർനാഷണൽ സ്പോർട്സ് സർജറി കോൺക്ലേവ് 2026ൽ അവതരിപ്പിച്ച പഠന റിപ്പോർട്ട് നിലവിൽ ക്ലിനിക്കൽ ഘട്ടത്തിലേക്ക് കടക്കുകയാണ്.








0 comments