Deshabhimani

സീബ്രാ ലൈനിലും രക്ഷയില്ല

sebraa linilum rakshayilla

തിരുനക്കര സെൻട്രൽ ജങ്ഷനിൽ വാഹനങ്ങൾ സീബ്രാ ലൈനിൽ നിർത്തിയപ്പോൾ റോഡ് മുറിച്ചുകടക്കാൻ കഷ്ടപ്പെടുന്ന കാൽനടക്കാർ

വെബ് ഡെസ്ക്

Published on Nov 09, 2026, 12:45 AM | 1 min read

കോട്ടയം കാൽനട യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ റോഡുകളിലുള്ള സീബ്രാ ലൈനുകളിൽതന്നെ അപകടങ്ങൾ പതിവാകുന്നു. യാത്രക്കാർക്ക്‌ സുരക്ഷിതമായി റോഡ്‌ മുറിച്ചുകടക്കാൻ നിയമവിധേയമായി അനുവദിച്ചിട്ടുള്ള സീബ്രാലൈനുകളിലും കാൽയാത്രക്കാർക്ക്‌ രക്ഷയില്ലാതായി. ശനിയാഴ്‌ച ചങ്ങനാശേരിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ മിനി ലോറി ഇടിച്ച് യുവതി മരിച്ചു. പെരുന്ന ബസ് സ്റ്റാൻഡിനടുത്തുള്ള ഡിടിപി സ്ഥാപന ജീവനക്കാരി വെളിയനാട് തറയിൽ സന്തോഷിന്റെ ഭാര്യ പ്രവിത(37)യാണ് മരിച്ചത്. പെരുന്ന ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. പെരുന്ന എൻഎസ്എസ് ഹൈസ്‌കൂൾ വിദ്യാർഥിനിയായ മകളെ ബസ് കയറ്റിവിട്ടശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കു പോകുമ്പോഴായിരുന്നു അപകടം. സീബ്രാലൈനിൽ ആളുണ്ടോയെന്ന്‌ നോക്കാതെ നിർത്താതെ കുതിക്കുന്ന വാഹനങ്ങളാണ് അപകടങ്ങൾക്ക് പിന്നിൽ. തിരക്കേറിയ ചില റോഡുകളിൽ സീബ്രാ ലൈനുകളേ ഇല്ല. ചിലയിടങ്ങളിൽ ഉള്ളവയാകട്ടെ മാഞ്ഞനിലയിലുമാണ്. സീബ്രാലൈനിലുള്ള അപകടങ്ങൾ ജില്ലയിൽ പെരുകി വരികയാണ്‌. കഴിഞ്ഞ ഒക്‌ടോബർ 27ന്‌ മുണ്ടക്കയം വരിക്കാനി കവലയിൽ സീബ്ര ലൈനിൽകൂടി റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരിയെ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ചിരുന്നു. യാത്രക്കാരിയെ ഇടിച്ച ബൈക്കും റോഡിലേക്ക്‌ മറിഞ്ഞുവീണു. കഴിഞ്ഞ ഫെബ്രുവരി ആറിന്‌ പൊൻകുന്നം ട‍ൗണിൽ സീബ്ര ലൈൻ മുറിച്ചു കടന്ന തമിഴ്‌നാട്‌ സ്വദേശി ആംബുലൻസ്‌ ഇടിച്ച്‌ മരിച്ചു. സീബ്രാലൈനിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതെ അതിവേഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി മോട്ടോർ വാഹനവകുപ്പിനും പൊലീസിനും കർശന നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാ ലൈൻ അടയാളപ്പെടുത്തണമെന്നും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. സീബ്രാ ലൈനുകളിലെ അപകടങ്ങൾ ഇല്ലാതാക്കാൻ കർശന പരിശോധന നടത്തണമെന്ന്‌ ആവശ്യമുയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home