സിഐടിയു സംസ്ഥാന സമ്മേളനം
കോട്ടയത്ത് ഇന്ന് ചെങ്കടലിരമ്പം

കോട്ടയം സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി. നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിൽ വി എസ് അച്യുതാനന്ദൻ നഗറിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന റാലിയിൽ ലക്ഷം തൊഴിലാളികൾ അണിനിരക്കും. തൊഴിലാളിവർഗ പോരാട്ടത്തിൽ പുതിയ അധ്യായംതീർത്ത് സമാപിക്കുന്ന സമ്മേളനം നഗരത്തിൽ ആവേശക്കടൽ തീർക്കും. വൈകിട്ട് നാലിന് സമ്മേളന പ്രതിനിധികൾ ജാഥയായി മൈതാനത്തേക്ക് നീങ്ങും. 16 ബുള്ളറ്റ് മോട്ടോർ സൈക്കിളുകളിൽ ചെങ്കൊടിയേന്തിയ വളന്റിയർമാർ അനുഗമിക്കും. ഒപ്പം ബാൻഡ്‌മേളത്തിന്റെ അകമ്പടിയോടെയും വളന്റിയർമാർ അണിനിരക്കും. കെ കെ റോഡ്‌വഴി സെൻട്രൽ ജങ്ഷനിലെത്തി, വൈഎംസിഎ ജങ്ഷനിലെത്തി, ശാസ്ത്രി റോഡിൽകൂടി കിഴക്കോട്ട് സഞ്ചരിച്ച് മുനിസിപ്പൽ പാർക്കിന് പടിഞ്ഞാറുവശം കുര്യൻ ഉതുപ്പ് റോഡ് വഴി നെഹ്‌റു സ്‌റ്റേഡിയത്തിൽ പ്രവേശിക്കും. ഐക്യത്തിലൂടെ തൊഴിലാളിവർഗ പോരാട്ടം എന്ന സന്ദേശം മുഴക്കി എല്ലാ തൊഴിൽമേഖലയിലുമുള്ളവർ റാലിയിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.








0 comments