print edition ‘തൊഴിലാളികൾ പേടിക്കേണ്ടത് സാങ്കേതികവിദ്യയെയല്ല’

"യുവതൊഴിലാളികൾ, പ്ലാറ്റ്‌ഫോം–ഐടി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം മീര നിമീഷ് ഉദ്‌ഘാടനം ചെയ്യുന്നു
കോട്ടയം : തൊഴിലാളികൾ പേടിക്കേണ്ടത് സാങ്കേതികവിദ്യയെയല്ല; സാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങനെ തൊഴിലാളിയെ ചൂഷണം ചെയ്യാമെന്ന് ആലോചിക്കുന്ന മൂലധന ശക്തികളെയാണ്. സാങ്കേതികവിദ്യയുമായി തൊഴിലാളിക്ക് സംഘട്ടനമില്ല. – തൊഴിൽമേഖല ഇന്ന് ഏറ്റവും ചർച്ചചെയ്യുന്ന വിഷയം വളരെ നിസാരമായി അവതാരകൻ അവതരിപ്പിച്ചപ്പോൾ കാഴ്‌ചക്കാരുടെ മുഖം തെളിഞ്ഞു. കാലത്തിന്റെ മാറ്റമനസുരിച്ച് തൊഴിൽ ചൂഷണവും ഡിജിറ്റലാകുകയാണെന്ന തിരിച്ചറിവായിരുന്നു സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറം നൽകിയത്. "യുവതൊഴിലാളികൾ, പ്ലാറ്റ്‌ഫോം–ഐടി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ' എന്നതായിരുന്നു വിഷയം.
യന്ത്രവൽക്കരണം ശക്തിപ്രാപിക്കുമ്പോൾ തൊഴിൽസമയം കുറയുമെന്നും തൊഴിലാളിക്ക് കൂടുതൽ ഒഴിവുസമയം കിട്ടുമെന്നും 1930ൽ മുതലാളിത്ത ചിന്തകർ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇക്കാലമായിട്ടും ജോലിസമയം കുറഞ്ഞില്ലെന്ന് മാത്രമല്ല, കൂടുകയും ചെയ്‌തു. അതുകൊണ്ട് യന്ത്രങ്ങൾ ജോലിയില്ലാതാക്കുമെന്ന പേടി വേണ്ട.
ഭാവിയിൽ ജോലിയുണ്ടാകുമോ എന്നതായിരുന്നു ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത യുവാക്കളുടെ സംശയം. ജോലി ഇല്ലാതാകില്ല, പക്ഷേ എഐയുടെ പേരുപറഞ്ഞ് ചൂഷണം ചെയ്യുന്ന മുതലാളിത്ത തന്ത്രങ്ങളെ കരുതിയിരിക്കാൻ ഓപ്പൺ ഫോറം മുന്നറിയിപ്പ് നൽകി. എഐ കാരണം ജോലിപോകുമെന്ന പ്രചാരണം പോലും മുതലാളിത്തത്തിന്റേതാണ്. കാരണം ജോലി കളയുമ്പോൾ അവർക്ക് പഴിചാരാൻ എഐ വേണം. ഗിഗ് മേഖലയിൽ ജോലിയെടുക്കുന്നവരെ ചൈന തൊഴിലാളികളായി അംഗീകരിച്ചിട്ടും ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് ഓപ്പൺ ഫോറം ചൂണ്ടിക്കാട്ടി. രണ്ടരക്കോടി ആളുകളാണ് ഇൗ മേഖലയിൽ പണിയെടുക്കുന്നത്.
ഓപ്പൺ ഫോറം സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം മീര നിമീഷ് ഉദ്‌ഘാടനം ചെയ്‌തു. കെ യു വിനോദ് അധ്യക്ഷനായി. ദീപക് പച്ച, കൃഷ്‌ണ വിനോദ് എന്നിവർ വിഷയം അവതരിപ്പിച്ചു. റിയാസ് റഹ്‌മാൻ, മണിക്കുട്ടി പി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.








0 comments