print edition സംഘടിതരാകണം, കേരളം പോലെ: എസ് കണ്ണൻ

എസ് കണ്ണൻ
പി സി പ്രശോഭ്
Published on Nov 09, 2026, 01:03 AM | 1 min read
കോട്ടയം: ""കേരളത്തിന് ട്രേഡ് യൂണിയന്റെ വലിയ പാരമ്പര്യമുണ്ട്. ഇവിടെ ഇടതുപക്ഷം എപ്പോഴും ശക്തമാണ്. അതുകൊണ്ട് സ്വാഭാവികമായും തൊഴിലാളികൾ അവകാശബോധമുള്ളവരാകുന്നു. എന്നാൽ തമിഴ്‌നാട്ടിലെ സാഹചര്യങ്ങൾ അങ്ങനെയല്ല. ട്രേഡ് യൂണിയൻ കടന്നെത്താത്ത മേഖലകളുണ്ട്. അവിടെയെല്ലാം തൊഴിലാളികൾ കേരളത്തിലേതുപോലെ സംഘടിതരാകണം.''
– സിഐടിയു തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് കണ്ണൻ "ദേശാഭിമാനി'യോട് സംസാരിക്കുന്നു
തമിഴ്‌നാട്ടിൽ വ്യവസായങ്ങൾ നിരവധിയുണ്ട്, അവിടെ തൊഴിലാളികളുടെ അവസ്ഥ ?
മറ്റ് രാജ്യങ്ങളിൽനിന്നുള്ള കുത്തക കമ്പനികളെ തമിഴ്‌നാട്ടിലേക്ക് ക്ഷണിക്കുക എന്നത് അവിടെ ഏത് പാർടി ഭരിച്ചാലും പതിവാണ്. പക്ഷേ അതിനനുസൃത തൊഴിലുണ്ടാകുന്നില്ല. കമ്പനികൾ തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങളും വെട്ടിച്ചുരുക്കുന്നു. സിഐടിയു ഇതിനെ തുടർച്ചയായി എതിർക്കുന്നുണ്ട്. 196-0 മുതൽ 1975 വരെ ചെന്നൈ, തിരുച്ചി, കോയമ്പത്തൂർ നഗരങ്ങളിൽ മാത്രം ഒട്ടനവധി കമ്പനികളാണ് പുതുതായി വന്നത്. അക്കാലത്തെ കോൺഗ്രസ് – ഡിഎംകെ സർക്കാരിന്റെ സഹായത്തോടെ തൊഴിലാളികളുടെ അവകാശപോരാട്ടങ്ങളെ കമ്പനികൾ അടിച്ചമർത്തി. ഇന്നും തമിഴ്‌നാട്ടിൽ വിദേശരാജ്യങ്ങളുടെ വലിയ നിക്ഷേപങ്ങൾ വരുന്നുണ്ട്. അവിടെയൊന്നും തൊഴിലാളികൾക്ക് സ്ഥിരനിയമനമില്ല.
ശ്രീപെരുംപത്തൂരിലെ സാംസങ് കമ്പനി സമരം രാജ്യശ്രദ്ധ നേടിയല്ലോ ?
സത്യത്തിൽ 18 വർഷം നീണ്ട പോരാട്ടമായിരുന്നു. 2008 മുതൽ ഹ്യുണ്ടായ്, നോക്കിയ മുതലായ ബഹുരാഷ്‌ട്ര കമ്പനികളിൽ തൊഴിലാളിവിരുദ്ധ നടപടികൾ നടക്കുന്നുണ്ട്. യൂണിയൻ രൂപീകരിക്കാൻ ശ്രമിച്ചാൽ അവരെ പുറത്താക്കും. സിഐടിയു അന്നുമുതൽ ഇതിനെതിരെ പോരാട്ടത്തിലാണ്. സാംസങ്ങിൽ സമരം ആരംഭിച്ചത് 2024 ലാണ്. അതുവഴി തൊഴിലാളികൾക്ക് ചില അവകാശങ്ങൾ നേടിയെടുക്കാനായി.
തമിഴ്‌നാട്ടിലെ സിഐടിയുവിന്റെ പ്രവർത്തനം ?
സിഐടിയുവിന് തമിഴ്‌നാട്ടിൽ നല്ല സ്വാധീനമുണ്ട്. പക്ഷേ നമുക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, ചെന്നൈയുടെ സമീപജില്ലകൾ എന്നിവിടങ്ങളിൽ ഏകദേശം 1,000 ഫാക്ടറികളുണ്ട്. അതിൽ 80 ഇടത്ത് മാത്രമേ സിഐടിയുവിന് യൂണിയനുണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ളവർ സംഘടിതരല്ല. അവിടെ ഒരു യൂണിയനുമില്ല.
കേരളത്തിൽ ഇടതുപക്ഷം ശക്തമായിരുന്നു. തമിഴ്‌നാട് അങ്ങനെയല്ല. ഹൊസൂർ പോലെ ഉയർന്നുവരുന്ന വ്യവസായികമേഖലയിൽ ബൂർഷ്വാസികൾ തൊഴിലാളികളുടെ അവകാശങ്ങളെ തകർക്കുകയാണ്. കേരളം പോലെ തമിഴ്‌നാട്ടിലും തൊഴിലാളികൾ സംഘടിതരാകണം.








0 comments