ടൂറിസം മേഖലയിൽ പ്രതിസന്ധി
ജലയാനങ്ങൾ കരകയറും ഉപജീവനം വെള്ളത്തിലാകും

ആലപ്പുഴ
ആലപ്പുഴയിൽ രജിസ്‌റ്റർ ചെയ്യാത്ത ജലയാനങ്ങൾക്ക് വേമ്പനാട് കായലിൽ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ സ്വന്തം നാട്ടിലെ തൊഴിൽമേഖലയിൽനിന്ന് ഒഴിവാകേണ്ടിവരുമോയെന്ന ആശങ്കയിൽ ചെറുകിട സംരഭകരും തൊഴിലാളികളും. ആലപ്പുഴ പോർട്ട് ഓഫ് രജിസ്‌റ്ററിയിൽ രജിസ്‌റ്റർ ചെയ്യാത്ത ജലയാനങ്ങൾ വേമ്പനാട് കായലിൽ സവാരി നടത്തുന്നത് 15 ദിവസത്തിനകം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ പിടിച്ചെടുത്ത് ഡിറ്റൻഷൻ യാർഡിലേക്ക് മാറ്റുമെന്നുമാണ് രജിസ്‌റ്ററിങ് അതോറിറ്റി അറിയിച്ചത്. ഭരണമാറ്റത്തിന് പിന്നാലെ ചെറുകിടക്കാരെ ഇല്ലാതാക്കി വൻകിടക്കാർക്ക് മാത്രമായി ടൂറിസം മേഖലയെ തീറെഴുതാൻ ജില്ലയിലെ കോൺഗ്രസ് നേതൃത്വവുമായി ചേർന്ന് നടത്തുന്ന നീക്കമാണിതെന്ന് ആരോപണം ഉയരുന്നു. ആലപ്പുഴയിൽ ടൂറിസം മേഖല ആരംഭിച്ച കാലത്ത് വൻകിട മുതലാളിമാരുടെ ഉടമസ്ഥതയിലായിരുന്നു ഭൂരിഭാഗം ഹൗസ് ബോട്ടുകളും. തടിവള്ളങ്ങളിൽ ഡ്രൈവർമാരായും പാചകക്കാരായും സ്രാങ്കുമാരായും ജോലി ചെയ്‌തിരുന്നവരാണ് ബാങ്ക് വായ്‌പയെടുത്തും കടം വാങ്ങിയും ശിക്കാരവള്ളങ്ങളും ഒറ്റ ബെഡ്റൂം പുരവഞ്ചികളും നിർമിച്ച് ഉപജീവനം കണ്ടെത്താൻ ശ്രമിച്ചിരുന്നത്. ഇവരെ തകർക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ വിലക്കെന്ന് ബോട്ട് ഉടമകൾ പറയുന്നു. വിലക്ക് നടപ്പായാൽ സുരക്ഷ, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് നടത്തുന്ന ആയിരത്തോളം ജലയാനങ്ങൾക്ക് സർവീസ് നടത്തിനാകില്ല. ഇതിലധികവും ശിക്കാരവള്ളങ്ങളും പുതിയ സ്‌റ്റീൽ ബോട്ടുകളുമാണ്. ഇതോടെ ഉടമകളും ജീവനക്കാരുമുൾപ്പെടെ 2500 ഓളം കുടുംബങ്ങളുടെ ഉപജീവനം വെള്ളത്തിലാകും. ജലയാനങ്ങൾക്കായി എടുത്ത ലോണുകളുടെ തിരിച്ചടവും പ്രതിസന്ധിയിലാകും. ശിക്കാര ബോട്ടുകൾക്ക് അഞ്ചുലക്ഷം വരെയും ഒറ്റ ബെഡ് റൂം പുരവഞ്ചികൾക്ക് 25 ലക്ഷം വരെയുമാണ് പലരും ലോൺ എടുത്തിരിക്കുന്നത്. 2010ലാണ് ആലപ്പുഴയിൽ പോർട്ട് രജിസ്‌ട്രേഷൻ നടപടികൾ നിർത്തിവച്ചത്. 2013ൽ അദാലത്ത് നടത്തി കുറച്ച് ജലയാനങ്ങളെ ക്രമപ്പെടുത്തി. 2018ൽ അദാലത്ത് നടത്തി വേമ്പനാട്ട് കായലിൽ സർവീസ് നടത്തുന്ന ജലയാനങ്ങൾക്ക് ആലപ്പുഴയിൽ രജിസ്‌ട്രേഷൻ നൽകാൻ തീരുമാനമായിരുന്നു. ബോട്ട്, ശിക്കര ഉടമകൾ പണമടച്ച് ഇതിനായി നടപടികളും പൂർത്തിയാക്കി. എന്നാൽ ഇതിനെതിരെ ഹൈക്കോടതി സ്‌റ്റേ വന്നതോടെടെ മറ്റിടങ്ങളിൽനിന്ന് രജിസ്‌ട്രേഷൻ എടുക്കാൻ നിർബന്ധിതരായി. ഒടുവിൽ കൊടുങ്ങല്ലൂർ, കൊല്ലം പോർട്ട് രജിസ്ട്രേഷനാണ് അനുവദിച്ചത്. വലിയ തുക മുടക്കിയാണ് നടപടികൾ പൂർത്തിയാക്കിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ലൈസൻസ് പുതുക്കുന്നത്. പുതിയ ഉത്തരവ് നടപ്പാക്കുന്നതോടെ വായ്‌പയെടുത്ത് നിർമിച്ച ജലയാനങ്ങളുമായി സ്വന്തം നാട്ടിലെ കായൽ വിട്ടുപോകേണ്ടിവരും. മലിനീകരണം തടയാൻ ആവശ്യമായ എല്ലാ ശാസ്‌ത്രീയ സംവിധാനങ്ങളും ഒരുക്കാൻ പുതിയ ജലയാനങ്ങളിൽ സാധിക്കുമെന്നും അതിന് തയ്യാറാണെന്നും ഉടമകൾ പറയുന്നു. കായൽ ടൂറിസത്തിൽ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം മേഖലയെ ആശ്രയിച്ച് കഴിയുന്ന ചെറുകിട സംരംഭകരുടെ ഉപജീവനം സംരക്ഷിക്കാനും സർക്കാർ ഇടപെടണമെന്നാണ് സംരംഭകരുടെയും തൊഴിലാളികളുടെയും ആവശ്യം.








0 comments