ad
Deshabhimani

print edition ഇന്ധനവില വാനംമുട്ടെ 
ജനദ്രോഹം പാരമ്യത്തിൽ

editorial.
വെബ് ഡെസ്ക്

Published on May 26, 2026, 12:00 AM | 2 min read

​പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന്‌ കടുത്ത പ്രതിസന്ധിയാണ്‌ മുന്നിൽ കാണുന്നതെന്നും രാജ്യത്തെ ജനങ്ങൾ ‘ത്യാഗം സഹിക്കാൻ’ സന്നദ്ധരാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും ദിവസംമുമ്പ് പറയുകയുണ്ടായി. ഇതിന്റെ ഭാഗമായി 10 ദിവസത്തിനുള്ളിൽ നാലുതവണയായി പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന്‌ ഏഴര രൂപയോളം വർധിപ്പിച്ചു.


ഏറ്റവും ഒടുവിൽ പെട്രോൾവില ലിറ്ററിന്‌ 2.61 രൂപയും ഡീസൽവില ലിറ്ററിന്‌ 2.71 രൂപയുമാണ്‌ ക‍ൂ‍ട്ടിയത്‌. യുദ്ധം കാരണം ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ്‌ രാജ്യത്ത്‌ വില വർധിപ്പിക്കാൻ കാരണമാകുന്നതെന്ന്‌ എണ്ണക്കമ്പനികളും കേന്ദ്രസർക്കാരും വിശദീകരിക്കുന്നു. എന്നാൽ, വീപ്പയ്‌ക്ക്‌ 120 ഡോളറോളമായി കുതിച്ച എണ്ണവില, ഇടിഞ്ഞ്‌ 97–98 ഡോളറിൽ എത്തിയ ദിവസമാണ്‌ രാജ്യത്ത്‌ ഇന്ധനവില വീണ്ടും വർധിപ്പിച്ചത്‌.


​മോദിസർക്കാർ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഏറ്റവും വലിയ വഴിയായി ഇന്ധനവിലയെ കാണുന്നുവെന്നതാണ്‌ യാഥാർഥ്യം. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങുംമുന്പ്‌ എണ്ണവില വീപ്പയ്‌ക്ക്‌ 60–80 ഡോളർ എന്ന നിരക്കിലായിരുന്നു. അപ്പോഴൊന്നും അതിന്‌ അനുസൃതമായി പെട്രോൾ–ഡീസൽ വില കുറയ്‌ക്കാതെ എണ്ണക്കമ്പനികളും കേന്ദ്രസർക്കാരും ജനങ്ങളെ പിഴിഞ്ഞു.


2022ൽ റഷ്യ–ഉക്രയ്‌ൻ സംഘർഷത്തെ തുടർന്ന്‌ എണ്ണവില 100 ഡോളർ കടന്നപ്പോൾ രാജ്യത്ത്‌ പെട്രോൾ–ഡീസൽ വില പലതവണയായി ലിറ്ററിന്‌ 10 രൂപവീതം കൂട്ടി. പിന്നീട്‌ എണ്ണവില 80 ഡോളറായി ഇടിഞ്ഞിട്ടും രാജ്യത്ത്‌ ഇന്ധനവില കുറച്ചില്ല. വിലവർധനയുടെ പ്രയോജനം കമ്പനികൾക്കുമാത്രമല്ല, നികുതിവരുമാനം ഉയരുന്നതിനാൽ കേന്ദ്രത്തിനും നേട്ടമാണ്‌.


2014നുശേഷം മോദിസർക്കാർ പെട്രോൾ–ഡീസൽ പ്രത്യേക തീരുവകൾ വർധിപ്പിച്ച്‌ ലക്ഷക്കണക്കിന്‌ കോടി രൂപയാണ്‌ ജനങ്ങളിൽനിന്ന്‌ പോക്കറ്റടിച്ചത്‌. ആഗോളവിപണിയിലെ എണ്ണവിലയിടിവിന്റെ ആനുകൂല്യം ജനങ്ങൾക്ക്‌ ലഭ്യമാക്കാതെ തീരുവകൾ പലമടങ്ങ്‌ വർധിപ്പിക്കുകയായിരുന്നു. അമിതമായി ഉയർന്നുനിൽക്കുന്ന ഇന്ധനവില എല്ലാ മേഖലകളിലും വിലക്കയറ്റത്തിന്‌ ഇടയാക്കുകയും ചെയ്‌തു.


​പ്രതിസന്ധിക്കും രാജ്യത്തെ വിലക്കയറ്റത്തിനും യുദ്ധത്തെമാത്രം പഴിക്കുന്നത്‌ ശരിയല്ല. ഇന്ത്യയുടെ സാമ്പത്തികപ്രതിസന്ധിക്ക്‌ പ്രതിസ്ഥാനത്ത്‌ മുഖ്യമായും നിൽക്കുന്നത്‌ കോർപറേറ്റ്‌ മൂലധനവും ധനമൂലധനവുമാണ്‌. 1991ലെ കോൺഗ്രസ്‌ സർക്കാർ തുടങ്ങിവച്ച നവ ഉദാര സാമ്പത്തികപരിഷ്‌കാരങ്ങളുടെ പരാജയവുമാണ്‌ ഇതിൽ പ്രകടമാകുന്നത്‌. മൂന്നുപതിറ്റാണ്ടായി ഇന്ത്യയുടെ വിദേശനാണ്യശേഖരം കയറ്റുമതിവഴി നേടിയ അധികവരുമാനത്തിന്റെ ഫലമല്ല.


വിദേശനിക്ഷേപകരുടെ പണവും ഇന്ത്യക്കാരായ പ്രവാസികൾ നാട്ടിലേക്ക്‌ അയക്കുന്ന തുകയും കടബാധ്യതകളും ചേർന്നതാണ്‌ വിദേശനാണ്യശേഖരം. പല കാരണങ്ങളാൽ വിദേശനിക്ഷേപകർ പണം പിൻവലിക്കുമ്പോൾ രൂപ ഇടിയുകയും ഓഹരിവിപണി വീഴുകയും ചെയ്യുന്നു. രൂപയുടെ വിനിമയമൂല്യം ഇടിയുന്നതനുസരിച്ച്‌ എണ്ണയുടെ ഇറക്കുമതിച്ചെലവ് ഉയരുന്നത്‌ വിദേശനാണ്യശേഖരത്തെ ബാധിക്കുന്നുണ്ട്‌.


വിദേശനാണ്യ ചോർച്ചയ്‌ക്ക്‌ രാജ്യത്തെ അതിസമ്പന്നരും ഉത്തരവാദികളാണ്‌. വേൾഡ്‌ ഗോൾഡ്‌ ക‍ൗൺസിലിന്റെ കണക്കുപ്രകാരം ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ 40 ശതമാനം നിക്ഷേപ ആവശ്യത്തിനായാണ്‌. രൂപയുടെ മൂല്യത്തകർച്ചയിൽനിന്ന്‌ സമ്പാദ്യം സംരക്ഷിക്കാൻ അതിസമ്പന്നർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുമ്പോൾ വിദേശനാണ്യശേഖരത്തിൽ വീണ്ടും ഇടിവുണ്ടാകുന്നു. കോർപറേറ്റുകൾക്ക്‌ വൻ ഇളവുകൾ നൽകിയതും സമ്പദ്‌ഘടനയെ ദുർബലമാക്കുന്നു.


പ്രത്യേക പദ്ധതിപ്രകാരം അതിസമ്പന്നർ വിദേശയാത്രകൾ, വിദേശ ആസ്‌തികൾ, വിദേശസ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ എന്നിവയ്‌ക്കായി കഴിഞ്ഞ നാലുവർഷം ചെലവഴിച്ചത്‌ 11,200 കോടി ഡോളറാണ്‌. ഇന്ത്യയുടെ സാമ്പത്തികരക്തം ചോർന്നുപോകാൻ ഇടയാക്കുന്നത്‌ സാധാരണക്കാരല്ലെന്ന്‌ വ്യക്തം.


​സംസ്ഥാനത്ത്‌ പുതുതായി അധികാരമേറ്റ യുഡിഎഫ്‌ സർക്കാർ ഇ‍ൗ വിഷയത്തിൽ കൈക്കൊള്ളുന്ന നിലപാടും പ്രതിഷേധാർഹമാണ്‌. പെട്രോളിനും ഡീസലിനും ഏഴര രൂപ വില വർധിച്ചത്‌ മുഖേന സംസ്ഥാനത്തിന്‌ 1000 കോടിയോളം രൂപ വിൽപ്പന നികുതി ഇനത്തിൽ അധികവരുമാനം ലഭിക്കും. നേരത്തേ എൽഡിഎഫ്‌ സർക്കാർ പലതവണ ഇ‍ൗ രീതിയിലുള്ള അധികവരുമാനം വേണ്ടെന്നുവച്ച്‌ ജനങ്ങളെ സഹായിച്ചിരുന്നു.


അതൊന്നും പോരെന്ന പ്രതികരണമാണ്‌ നിലവിലെ മുഖ്യമന്ത്രിയായ അന്നത്തെ പ്രതിപക്ഷനേതാവ്‌ സ്വീകരിച്ചത്‌. അതേസമയം, കേന്ദ്രം എന്നും വിലകൂട്ടുന്നതിനാൽ സംസ്ഥാനത്ത്‌ അധിക നികുതിവരുമാനം ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌ തീരുമാനിക്കാൻ കഴിയുന്നില്ലെന്ന വിചിത്രമായ പ്രതികരണമാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ നടത്തിയത്‌. ജനങ്ങളെ കബളിപ്പിക്കാൻ ഇത്രയും യുക്തിരഹിതമായി സംസാരിക്കുന്നത്‌ ദ‍ൗർഭാഗ്യകരമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home