ad
Deshabhimani

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം; കൊൽക്കത്തയിലെ പ്രധാന ഓഫീസ് വിമതവിഭാഗം പിടിച്ചെടുത്തു

Trinamool Congress.jpg
വെബ് ഡെസ്ക്

Published on Jul 03, 2026, 09:59 PM | 1 min read

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായിരിക്കെ, പാർട്ടിയുടെ പ്രധാന ആസ്ഥാനം റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗം പിടിച്ചെടുത്തു. എംഎൽഎമാരായ ഫിർഹാദ് ഹക്കീം, സന്ദീപൻ സാഹ, ജാവേദ് ഖാൻ, പാർട്ടി ട്രഷറർ അക്രുസ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തി ഗേറ്റിന്റെ പൂട്ട് മാറ്റി പുതിയ പോസ്റ്ററുകൾ പതിക്കുകയും യോഗം ചേരുകയും ചെയ്തു.


ഇനി മുതൽ ഇതായിരിക്കും പാർട്ടിയുടെ ഔദ്യോഗിക ആസ്ഥാനമെന്ന് വിമതവിഭാഗം പ്രഖ്യാപിച്ചു. മുതിർന്ന എംഎൽഎ അരൂപ് റോയിയെ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ചെയർമാനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ഓഫീസിന് മുന്നിൽ പതിച്ചിട്ടുണ്ട്. അതേസമയം, കെട്ടിടത്തിനുള്ളിലെ മമതാ ബാനർജിയുടെ ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല.


ശനിയാഴ്ച മുതൽ ഓഫീസ് പൂർണ്ണമായി പ്രവർത്തനസജ്ജമാകുമെന്ന് റിതബ്രത ബാനർജി വ്യക്തമാക്കി. പാർട്ടിയുടെ പേര്, ചിഹ്നം, സ്വത്തുവകകൾ എന്നിവയിൽ അവകാശവാദം ഉന്നയിച്ച് റിതബ്രത ബാനർജിയും സംഘവും ദില്ലിയിലെത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.


ജൂലൈ 6-നകം ഇരുപക്ഷവും ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഓഫീസ് പിടിച്ചെടുത്തതറിഞ്ഞ് മമതാ ബാനർജിയെ പിന്തുണയ്ക്കുന്ന എംഎൽഎമാർ സ്ഥലത്തെത്തിയെങ്കിലും ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ അകത്തു പ്രവേശിക്കാൻ സാധിച്ചില്ല.


ഇത് നിർഭാഗ്യകരമായ സംഭവമാണെന്ന് മുതിർന്ന നേതാവ് കുനാൽ ഘോഷ് പ്രതികരിച്ചു. പാർട്ടിയുടെ 80 എംഎൽഎമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമത ക്യാമ്പ് അവകാശപ്പെടുന്നു. കൂടാതെ, തൃണമൂലിന്റെ 28 ലോക്സഭാ എംപിമാരിൽ 20 പേർ പാർട്ടി വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേരുകയും എൻഡിഎയുമായി അടുക്കുകയും ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home