തൃശൂരിൽ മിനി ബോട്ട് മുങ്ങി; രണ്ട് പേരെ കാണാതായി

തൃശൂർ: തൃശൂരിൽ മിനി ബോട്ട് മുങ്ങി രണ്ട് പേരെ കാണാതായി. നെടുപുഴയിലെ കോൾപ്പാടത്താണ് അപകടം. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കായി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നിലവിൽ ഊർജിതമായ തിരച്ചിൽ നടത്തിവരുന്നു.
നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ കൊടുക്കാനായാണ് അഞ്ചംഗ സംഘം ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
പാടത്തിന് നടുവിലെത്തിയപ്പോൾ പെട്ടെന്ന് ബോട്ട് മുങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട ഉടൻ തന്നെ മൂന്നുപേർ നീന്തി രക്ഷപ്പെട്ടു, തുടർന്ന് രണ്ടുപേരെ കാണാതായെന്ന വിവരം നാട്ടുകാരെയും അധികൃതരെയും അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും രാത്രിയിലെ വെളിച്ചക്കുറവും പ്രതികൂലമായ കാലാവസ്ഥയും നിലവിൽ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.









0 comments