ചരിത്രംകുറിച്ച് കർഷകരുടെ ലോങ്‌മാർച്ച്

സമരപോരാട്ടങ്ങളാൽ ചുവന്നതാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയുടെ മണ്ണ്. ജന്മിവാഴ്‌ചയ്‌ക്കെതിരായി പാൽഘറിലെ വർളിയിൽ ആദിവാസികൾ നടത്തിയ ഐതിഹാസികപോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. 1945 മെയ് 23ന് ആരംഭിച്ച് രണ്ടുവർഷത്തോളം നീണ്ട സമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് പൊലീസും ജന്മിഗുണ്ടകളും കിണഞ്ഞുശ്രമിച്ചെങ്കിലും കിസാൻസഭയുടെ ചെങ്കൊടിത്തണലിൽ ആദിവാസികൾ തളരാതെ പൊരുതി. അഞ്ചുപേർ രക്തസാക്ഷികളായ വർളി പ്രക്ഷോഭം സമരാവശ്യങ്ങളിൽ പലതും നേടിയെടുത്താണ് അവസാനിച്ചത്.
മഹാരാഷ്ട്രയുടെ മണ്ണിൽ ചെങ്കൊടി ഉയർത്തിയുള്ള ഉജ്വലമായ സമരങ്ങൾ തുടർന്നുമുണ്ടായി. 2018 മാർച്ചിൽ കിസാൻസഭയുടെ നേതൃത്വത്തിൽ നാസിക്കിൽനിന്ന് മുംബൈയിലേക്ക് പതിനായിരങ്ങൾ പങ്കെടുത്തുള്ള ലോങ്‌മാർച്ച് ലോകശ്രദ്ധയാകർഷിച്ചു. ടാറിട്ട റോഡിലൂടെ പൊള്ളുന്ന വെയിലിൽ ആറുദിവസം തുടർച്ചയായി നടന്ന് മാർച്ച് മുംബൈയിലെത്തിയപ്പോൾ നഗരവാസികൾ ഹൃദ്യമായ സ്വീകരണമൊരുക്കി. 34,000 കോടി രൂപയുടെ കാർഷികവായ്‌പകൾ എഴുതിത്തള്ളുന്നതടക്കം പല ആവശ്യങ്ങളും നേടിയെടുക്കാൻ ലോങ്‌മാർച്ചിലൂടെ കർഷകർക്കായി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ വാഗ്‌ദാനങ്ങളിൽ പലതും പാലിക്കാതെ വന്നപ്പോൾ 2019 ഫെബ്രുവരിയിൽ മറ്റൊരു മാർച്ചിന് കർഷകർ തുടക്കമിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പുഘട്ടമായതിനാൽ മാർച്ച് പാതിവഴിയിൽ എത്തിയപ്പോൾ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് നൽകി.
കർഷകരുടെ മറ്റൊരു ലോങ്‌മാർച്ച് ഇപ്പോൾ വീണ്ടും ജനശ്രദ്ധയാകർഷിച്ചിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വനാവകാശനിയമവും ഷെഡ്യൂൾഡ് മേഖലകളിലേക്ക് പഞ്ചായത്ത് നിയമത്തിലെ വ്യവസ്ഥകൾ വ്യാപിപ്പിച്ചുള്ള പെസ നിയമവും പൂർണതോതിൽ നടപ്പാക്കുക, വിത്ത്–വൈദ്യുതി ഭേദഗതി ബില്ലുകളും ലേബർ കോഡുകളും പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഐ എം നേതൃത്വത്തിൽ നടത്തിയ ലോങ്‌മാർച്ചാണ് വീണ്ടും ചർച്ചയായത്. പാൽഘർ ജില്ലയിലെ ദഹാനു താലൂക്കിലുള്ള ചരോട്ടിയിൽനിന്നാണ് അരലക്ഷത്തോളംപേർ പങ്കെടുത്ത മാർച്ചിന് തിങ്കളാഴ്‌ച തുടക്കമായത്. 35 കിലോമീറ്റർ പിന്നിട്ട് മനോറിൽ രാത്രി ക്യാന്പ് ചെയ്‌തു. ചൊവ്വ രാവിലെ 25 കിലോമീറ്റർ പിന്നിട്ട് പാൽഘറിൽ എത്തിയ സമരഭടന്മാർ കലക്ടറേറ്റ് വളഞ്ഞു. നിശ്ചിതസമയത്തിനകം ആവശ്യങ്ങൾ അംഗീകരിക്കുമെന്ന ഉറപ്പ് രേഖാമൂലം ലഭിക്കുന്നതുവരെ ധർണ തുടരുമെന്നായിരുന്നു പ്രഖ്യാപനം. മുംബൈയിലേക്ക് മാർച്ച് ചെയ്യുന്നതടക്കമുള്ള ഭാവി സമരപരിപാടികളിലേക്ക് കടക്കാനാനുള്ള ഒരുക്കത്തിനിടെയാണ് ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ കീഴടങ്ങിയത്.
ചരോട്ടിയിൽനിന്ന് പാൽഘറിലേക്കുള്ള 60 കിലോമീറ്റർ മാർച്ച് വീറുറ്റ മുദ്രാവാക്യങ്ങളാലും പോർവീര്യം തുടിക്കുന്ന വിപ്ലവഗാനങ്ങളാലും ആവേശഭരിതമായിരുന്നു. ഓരോ കേന്ദ്രം പിന്നിടുമ്പോഴും പങ്കാളിത്തം വർധിച്ചു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്‌ണൻ, പിബി അംഗവും കിസാൻസഭ പ്രസിഡന്റുമായ ഡോ. അശോക് ധാവ്‌ളെ, വിനോദ് നിക്കോളെ എംഎൽഎ തുടങ്ങിയ നേതാക്കൾ ബഹുജനമാർച്ചിനും തുടർന്നുള്ള കുത്തിയിരിപ്പുസമരത്തിനും നേതൃത്വമേകി. കലക്ടറേറ്റിനുമുന്നിലുള്ള വിശാലമായ വളപ്പിൽ സമരങ്ങൾക്ക് സാധാരണ അനുമതി നൽകാറുണ്ടെങ്കിലും ഗേറ്റ് അടച്ച് മാർച്ചിനെ തടയാനാണ് അധികൃതർ ശ്രമിച്ചത്. കലക്ടറേറ്റിനുമുന്നിലുള്ള പാൽഘർ–ബൊയിസർ ദേശീയപാത അടക്കം ഉപരോധിച്ചായിരുന്നു സമരം.
ഗോത്രമേഖലകളിൽ ആദിവാസി ജനവിഭാഗങ്ങൾക്ക് സ്വയംഭരണാധികാരം ഉറപ്പുനൽകുന്നതാണ് പെസ നിയമം. ഭൂമിയുടെയും വനത്തിന്റെയുംമറ്റും ഉപയോഗരീതികൾ നിർണയിക്കാനുള്ള അധികാരം ആദിവാസികൾ നിയന്ത്രിക്കുന്ന ഗ്രാമസഭകൾക്ക് നിയമപ്രകാരം ലഭിക്കും. ഖനനം, വികസനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനുംമറ്റും ഗ്രാമസഭകളുടെ അനുമതി ആവശ്യമാണ്. വനവിഭവങ്ങൾക്കുമേൽ ഗ്രാമസഭകൾക്ക് സമാനമായ അധികാരം നൽകുന്നതാണ് വനാവകാശനിയമവും. ആദിവാസികളുടെ അവകാശാധികാരങ്ങൾ ഉറപ്പുവരുത്തുന്ന ഇൗ രണ്ടു നിയമങ്ങളും പൂർണതോതിൽ നടപ്പാക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇനിയും തയ്യാറായിട്ടില്ല. കോർപറേറ്റുകളുടെയുംമറ്റും ചൂഷണത്തിൽനിന്ന് ആദിവാസികൾക്കും കർഷകർക്കും സംരക്ഷണമേകുന്ന ഇൗ നിയമങ്ങളുടെ പൂർണമായ നടപ്പാക്കലാണ് സമരത്തിന്റെ മുഖ്യ ആവശ്യം. തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം എന്നതടക്കമുള്ള മറ്റ് ആവശ്യങ്ങളും ആദിവാസി–കർഷക ജനവിഭാഗങ്ങളെ സംബന്ധിച്ച് സുപ്രധാനമാണ്. കോർപറേറ്റ് പ്രീണന നിലപാടുമായി നീങ്ങാനാണ് തുടർന്നും ബിജെപി നയിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെങ്കിൽ രാജ്യമാകെ ഇൗ സമരജ്വാല വ്യാപിക്കുമെന്ന് തീർച്ച.











0 comments