ad
Deshabhimani

യുഡിഎഫിന്റെ ധവളപത്രത്തെ തുറന്നുകാട്ടുമ്പോൾ

editorial.
വെബ് ഡെസ്ക്

Published on Jul 15, 2026, 12:02 AM | 2 min read

കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചെന്ന പേരിൽ യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ‘കേരളത്തിന്റെ സാന്പത്തിക ആരോഗ്യം: തൽസ്ഥിതി റിപ്പോർട്ട്’ ഒരു ധവളപത്രം എന്നതിലുപരി നവലിബറൽ സാമ്പത്തിക നയരേഖയായിരുന്നു. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതിനുപകരം, മുൻവിധികളോടെ കേരള വികസനമാതൃകയെ പ്രതിക്കൂട്ടിൽ നിർത്തുകയും ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാനശിലകളെ ചോദ്യംചെയ്‌ത രാഷ്ട്രീയസമീപനവുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച തൽസ്ഥിതി റിപ്പോർട്ട്‌. ഇത്‌ കേരളത്തിനുള്ള ധവളപത്രമായിരുന്നില്ല, മറിച്ച്‌ മോദിസർക്കാരിന്റെ സാന്പത്തികപരിഷ്‌കാര അജൻഡ നടപ്പാക്കാനുള്ള പ്രഖ്യാപനമായിരുന്നു. യുഡിഎഫ്‌ സർക്കാരിന്റെ ധവളപത്രത്തെ തുറന്നുകാട്ടുകയാണ്‌ എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന്റെ ‘വസ്‌തുതകളുടെ ധവളപത്രം– യുഡിഎഫ്‌ ആരോപണങ്ങളും കേരളത്തിന്റെ യാഥാർഥ്യവും’ എന്ന പഠനം. യുഡിഎഫ്‌ ഉന്നയിച്ച ആരോപണങ്ങളെ കണക്കുകളും വസ്‌തുതകളും വച്ച്‌ പൊളിച്ചടുക്കുന്നതോടൊപ്പം പുതുക്കിയ ബജറ്റിന്റെ ഇരട്ടത്താപ്പും തുറന്നുകാട്ടുന്നു.


​തെരഞ്ഞെടുപ്പുകാലത്ത്‌ പറഞ്ഞുനടന്നതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ നയസമീപനങ്ങളാണ്‌ യുഡിഎഫ്‌ സർക്കാർ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ നടപ്പാക്കാതിരിക്കാനുള്ള മുൻകൂർ ജാമ്യമെടുക്കലായി അധികാരത്തിലെത്തിയശേഷം അവർ പുറത്തിറക്കിയ ധവളപത്രം. യുഡിഎഫ്‌ പ്രചരിപ്പിച്ച വസ്‌തുതാവിരുദ്ധമായ കാര്യങ്ങളെ സ്ഥിതിവിവരക്കണക്കുകളിലൂടെ തുറന്നുകാട്ടുകയാണ്‌ ‘വസ്‌തുതകളുടെ ധവളപത്രം.’ പത്തുവർഷത്തിനിടെ സംസ്ഥാനത്തിന്റെ ബാധ്യത അനിയന്ത്രിതമായി വർധിച്ചുവെന്ന ആരോപണം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല. കടബാധ്യതയും സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്തവരുമാനവും തമ്മിലുള്ള അനുപാതം കുറയുകയായിരുന്നു. കേരളം നേരിട്ട ധനഞെരുക്കത്തിന്റെ യഥാർഥ കാരണങ്ങളെ മനഃപൂർവം മറച്ചുവയ്‌ക്കുകയായിരുന്നു യുഡിഎഫിന്റെ തൽസ്ഥിതി റിപ്പോർട്ടിലൂടെ. ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചത്, റവന്യു കമ്മി ഗ്രാന്റ് നിർത്തലാക്കിയത്, ധന കമീഷന്റെ ശുപാർശകളിലൂടെ കേരളത്തിന്റെ നികുതിവിഹിതം ഗണ്യമായി വെട്ടിക്കുറച്ചത്, വായ്പാപരിധിയിൽ കേന്ദ്രം അസാധാരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്– ഇവയെല്ലാം സംസ്ഥാനത്തിന്റെ ധനകാര്യത്തെ ഗുരുതരമായി ബാധിച്ച വസ്തുതകളാണ്. ഫെഡറൽ അവകാശങ്ങൾ ചുരുക്കിക്കൊണ്ട് സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയങ്ങളെക്കുറിച്ച് മൗനംപാലിച്ചും വസ്തുതകളെ വളച്ചൊടിച്ചുമുള്ള രാഷ്ട്രീയനയമല്ലാതെ മറ്റൊന്നുമായിരുന്നില്ല യുഡിഎഫിന്റെ ധവളപത്രമെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു.


​പ്രളയവും കോവിഡ് മഹാമാരിയും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധസമാനമായ നിയന്ത്രണങ്ങളും ഒരുമിച്ചുവന്ന അസാധാരണ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും വികസനവും ക്ഷേമവും ഉപേക്ഷിക്കാതെ മുന്നോട്ടുപോയ സർക്കാരായിരുന്നു എൽഡിഎഫിന്റേത്‌. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, പശ്ചാത്തലവികസനം എന്നീ മേഖലകളിലെ പൊതുനിക്ഷേപം വെട്ടിക്കുറയ്ക്കാതെ ജനങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകിയത്. എന്നാൽ, യുഡിഎഫ്‌ സർക്കാരിന്റെ തൽസ്ഥിതി റിപ്പോർട്ടിന്റെ ഏറ്റവും വലിയ ആശയപരമായ പരിമിതി, കേരള വികസനമാതൃകയെ വിലയിരുത്താൻ നവലിബറൽ സാമ്പത്തിക ചട്ടക്കൂടുമാത്രം ഉപയോഗിച്ചു എന്നതാണ്‌. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അസംഘടിതമേഖലയിലെ ലക്ഷക്കണക്കിന് ആളുകൾക്ക് നൽകുന്ന സാമൂഹ്യസുരക്ഷാ പെൻഷനും പൊതുജനാരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ ചെലവുകളും അക്കൗണ്ടിലെ ബാധ്യതകളല്ല; മനുഷ്യവിഭവ വികസനത്തിന്റെയും സാമൂഹ്യനീതിയുടെയും ജനാധിപത്യ ക്ഷേമരാഷ്ട്രത്തിന്റെയും അടിസ്ഥാന നിക്ഷേപങ്ങളാണ്. ഈ യാഥാർഥ്യം വി ഡി സതീശന്റെ ധവളപത്രം കാണാതിരുന്നു.


കിഫ്ബിക്കെതിരായ ആക്രമണവും രാഷ്ട്രീയ അജൻഡയുടെ തുടർച്ചയായിരുന്നു. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് പുതിയ ദിശ നൽകിയ കിഫ്ബിയെ കടബാധ്യതയുടെ കണക്കുകളിലേക്കുമാത്രം ചുരുക്കിക്കാണിച്ചത് അതിന്റെ ചരിത്രപരമായ സംഭാവനയെ നിഷേധിച്ചു. റോഡുകളും പാലങ്ങളും വിദ്യാഭ്യാസ, -ആരോഗ്യ സ്ഥാപനങ്ങളും പൊതുമേഖലാ വികസനപദ്ധതികളും യാഥാർഥ്യമാണ്. അവ സൃഷ്ടിച്ച വികസനസാധ്യതകളെ മറച്ചുവച്ച് കിഫ്ബിയെമാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് കേരളത്തിന്റെ വികസനശേഷിയെ തകർക്കാനുള്ള യുഡിഎഫ്‌ രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമാണ്. അതിലേറെ ആശങ്കാജനകമാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന പരിഹാരനിർദേശങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ക്ഷേമ പെൻഷനുകളിൽ വെട്ടിക്കുറവ്, വിരമിക്കൽ പ്രായവർധന, പ്രകൃതിവിഭവങ്ങളുടെ സ്വകാര്യവൽക്കരണം– ഇവയെല്ലാം രാജ്യത്ത് വർഷങ്ങളായി നടപ്പാക്കപ്പെടുന്ന നവലിബറൽ സാമ്പത്തികനയങ്ങളുടെ ആവർത്തനം മാത്രമാണ്. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽനിന്ന്‌ പിന്നോട്ടുപോകാനും കേന്ദ്രത്തിലെ ബിജെപി സർക്കാർ ആഗ്രഹിക്കുന്ന രീതിയിലുള്ള നയസമീപനങ്ങൾ കേരളത്തിൽ നടപ്പാക്കാനുമുള്ള യുഡിഎഫ്‌ സർക്കാരിന്റെ നീക്കങ്ങളെ ജനങ്ങൾക്കുമുന്നിൽ വസ്‌തുതകൾ നിരത്തി കണക്കുകളുടെ പിൻബലത്തിൽ തുറന്നുകാട്ടുകയാണ്‌ എ കെ ജി പഠന ഗവേഷണകേന്ദ്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home