ജനാധിപത്യം പരിമിതപ്പെടുന്ന സ്വതന്ത്ര ഇന്ത്യ

നമ്മുടെ രാജ്യത്തിന് അർധരാത്രി കൈമാറിക്കിട്ടിയ സ്വാതന്ത്ര്യം എത്രത്തോളം പൂർണമായിരുന്നു? 1947 ആഗസ്‌ത് പതിനാലിന്റെ അർധരാത്രി ഇന്ത്യക്ക് ലഭിച്ച രാഷ്‌ട്രീയ സ്വാതന്ത്ര്യം സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിന്റെ അർഥപൂർണമായ വികാസത്തിലേക്കും അവസര സമത്വത്തിലേക്കും വളർന്നിട്ടുണ്ടോ എന്ന് സ്വാതന്ത്ര്യലബ്‌ധിയുടെ എൺപതാം വർഷത്തിലും ചോദിക്കേണ്ടി വരുന്നിടത്താണ് ഇൗ രാജ്യത്തിന്റെ ദുര്യോഗം.
സാന്പത്തിക ചൂഷണത്തിന്റെയും വിഭജിച്ച് ഭരിക്കലിന്റെയും കാര്യത്തിൽ, ബ്രിട്ടീഷ് കോളനിവാഴ്‌ചയും ഇന്ത്യൻ ബൂർഷ്വാ ഭൂപ്രഭു വർഗത്തിന്റെ നിയന്ത്രണത്തിൽ എട്ടുപതിറ്റാണ്ട് പിന്നിട്ട ഭരണവും തമ്മിൽ പ്രകടമായ വ്യത്യാസമില്ലെന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും അന്ധകാരത്തിൽ ഇവിടെ ജനിച്ചു ജീവിക്കേണ്ടി വരുന്ന ജനകോടികൾ ഉള്ളിടത്തോളം കാലം നമ്മുടെ സ്വാതന്ത്ര്യം അർഥപൂർണമാകില്ല.
ബ്രിട്ടീഷ് കോളനിവാഴ്‌ചയിൽനിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് സുദീർഘ പോരാട്ടവീഥികൾ താണ്ടിയാണ്. അഹിംസയുടെയും സായുധസമരങ്ങളുടെയും വിരുദ്ധങ്ങളായ മാർഗങ്ങൾ ആ പോരാട്ടങ്ങളിൽ അന്തർലീനമായിരുന്നു. എല്ലാ ഭിന്നതകളും മറന്ന് ഇന്ത്യക്കാർ സ്വാതന്ത്ര്യം എന്ന സ്വപ്‌നത്തിലേക്ക് ചുവടുവച്ചത് ഇങ്ങനെ വ്യത്യസ്‌ത ധാരകളിലൂടെയാണ്. ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നയിച്ച സമരങ്ങളിലും കമ്യൂണിസ്‌റ്റുകാരുടെ ധീരമായ സാഹസികോദ്യമങ്ങളിലും ഒരുപോലെ പൊലിഞ്ഞ എത്രയോ ജീവനുകൾ. തടവറയിൽ തകർന്നടിഞ്ഞ യൗവനങ്ങൾ. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി സമരം ചെയ്യുമ്പോഴും അവർക്ക് സ്‌തുതിപാടാൻ മത്സരിച്ച വർഗീയകക്ഷികൾ. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ അങ്ങനെ എത്രയേറെ കാണ്ഡങ്ങൾ.
ആ സമരങ്ങളുടെ തുടർച്ചയായാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വ്യവസ്ഥ ചെയ്‌ത് ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് ആയി നിർവചിച്ചത്. ഈ വിശാലമായ സ്വാതന്ത്ര്യസങ്കൽപ്പത്തെയാണ് ഇന്ത്യ മുന്നോട്ടുവയ്‌ക്കുന്നത്.
ഓക്‌സ്‌ഫാം ഇന്ത്യയുടെ കണക്ക്, രാജ്യത്തെ ഏറ്റവും ധനാ-ഢ്യരായ 10 ശതമാനം ജനങ്ങൾ ദേശീയ സമ്പത്തിന്റെ 77.4 ശതമാനം കൈവശം വച്ചിരിക്കുന്നു എന്നാണ്. താഴെത്തട്ടിലുള്ള 60 ശതമാനം ജനങ്ങളുടെ കൈവശമുള്ളത് ദേശീയ സന്പത്തിന്റെ 4.8 ശതമാനംമാത്രം. സമ്പത്തിന്റെ കേന്ദ്രീകരണം, കോർപറേറ്റ് ആധിപത്യം, പൊതുആസ്തികളുടെ സ്വകാര്യവൽക്കരണം എന്നിവ ജനാധിപത്യത്തിന്റെ സാമൂഹിക അടിത്തറയെ ദുർബലപ്പെടുത്തുന്നു.
അന്താരാഷ്‌ട്ര തൊഴിൽ സംഘടനയുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ തൊഴിൽശക്തിയുടെ 90 ശതമാനത്തോളം അനൗപചാരിക തൊഴിലിലാണ് ഏർപ്പെട്ടിരിക്കുന്നത്. സ്വയംതൊഴിലും താൽക്കാലിക തൊഴിലുമാണ് വലിയൊരു പങ്ക്; വേതനത്തിലും ഗുണമേന്മയുള്ള തൊഴിലവസരങ്ങളിലും പ്രശ്നങ്ങൾ തുടരുന്നു. ഐടി മേഖലകളിലടക്കം വൻതോതിലുള്ള പിരിച്ചുവിടൽ തുടരുകയാണ്. പൊതുമേഖലയുടെയും പൊതുസമ്പത്തിന്റെയും സ്വകാര്യവൽക്കരണവും ലേബർ കോഡുകൾ നടപ്പാക്കുന്നതും ഇന്ത്യയിലെ തൊഴിലാളികളുടെ ജീവിതസാഹചര്യം കൂടുതൽ ദയനീയമാക്കും. തൊഴിൽ എന്നത് അവകാശമാണ് എന്ന കാഴ്‌ചപ്പാടിലേക്ക് സർക്കാരുകളെ എത്തിക്കാൻ ശക്തമായ സമരങ്ങളും ഇടപെടലും അനിവാര്യമാണെന്നാണ് ഇൗ സ്വാതന്ത്ര്യദിനത്തിലും നമ്മളോർക്കേണ്ടത്.
ഫെഡറലിസത്തിനും മതനിരപേക്ഷതയ്‌ക്കും ബിജെപി ഭരണം ഏൽപ്പിക്കുന്ന അപരിഹാര്യമായ പരിക്കുകൾ ജനാധിപത്യവിശ്വാസിയായ ഏത് ഇന്ത്യക്കാരനെയും അലട്ടുന്നതാണ്. മതത്തിന്റെ പേരിൽ പൗരന്മാരെ വേർതിരിക്കാത്ത, എല്ലാ മതവിശ്വാസികൾക്കും തുല്യഅവകാശം ഉറപ്പാക്കുന്ന രാജ്യമെന്ന ലക്ഷ്യത്തിലേക്ക് നമുക്കിനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്.
അതേ സമയം, ഹിന്ദുത്വ രാഷ്‌ട്രീയത്തിന് സമീപകാലത്ത് ഏറ്റ തിരിച്ചടികൾ ഇന്ത്യ എന്ന സങ്കൽപ്പം വീണ്ടെടുക്കണമെന്ന് ആഗ്രഹിക്കുന്നവരെ ആവേശം കൊള്ളിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഐതിഹാസിക കർഷകസമരങ്ങളും വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളി മുന്നേറ്റങ്ങളും ഏറ്റവുമൊടുവിൽ ജന്തർമന്തറിൽ നടന്ന യുവജന വിദ്യാർഥി പ്രക്ഷോഭവും മാറ്റത്തിന്റെ ദിശാസൂചികളായി മാറുകയാണ്. കോർപറേറ്റ് പ്രീണനത്തിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും വർത്തമാനങ്ങളിൽനിന്ന് മാറി മതം, ഭാഷ, ജാതി, സംസ്കാരം എന്നിവയിലെ വൈവിധ്യത്തെ ഉൾക്കൊള്ളുന്ന ബഹുസ്വരമായ രാഷ്ട്രസങ്കൽപ്പത്തിലേക്ക് നമ്മൾ വളരണമെന്നതിൽ കേന്ദ്രീകരിക്കട്ടെ ഇൗ വർഷത്തെ സ്വാതന്ത്ര്യദിന ചിന്തകൾ.









0 comments