print edition ആർ ദിവ്യക്കും വിമീഷ് മണിയൂരിനും യുവധാര യുവസാഹിത്യ പുരസ്‌കാരം

ആർ ദിവ്യ, വിമീഷ് മണിയൂർ
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ യുവസാഹിത്യ പുരസ്‌കാരം ആർ ദിവ്യയ്ക്കും (കവിത), വിമീഷ് മണിയൂരിനും (കഥ). 50,000 രൂപയും പ്രശസ്തിപത്രവും ഉപഹാരവുമടങ്ങുന്നതാണ് പുരസ്കാരം. കഥയിലും കവിതയിലും മൂന്നുപേർക്ക് പ്രോത്സാഹന സമ്മാനവും ക്യാഷ് പ്രൈസും നൽകും. തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍, 20ന് രാവിലെ 10ന് പുരസ്‌കാരങ്ങൾ വിതരണംചെയ്യും.
കോഴിക്കോട് വടകര മണിയൂർ സ്വദേശിയായ വിമീഷിന്റെ മോനിയ ലല്ല എന്ന കഥയാണ് പുരസ്‌കാരത്തിന് അർഹമായത്. ടി ഡി രാമകൃഷ്ണൻ, ഡോ. എം എ സിദ്ദിഖ്, ഷീല ടോമി എന്നിവരാണ് കഥ തെരഞ്ഞെടുത്തത്. റേഷൻ കാർഡ്, എന്റെ നാമത്തിൽ ദൈവം (കവിതാസമാഹാരങ്ങൾ), സാധാരണം (നോവൽ), ഒരു കുന്നും മൂന്ന് കുട്ടികളും (ബാലസാഹിത്യം) എന്നിവയാണ് വിമീഷന്റെ പ്രധാന കൃതികൾ. കവിതകൾ തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പൂന്താനം കവിത അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പാലക്കാട് നെന്മാറ കൂടല്ലൂർ സ്വദേശിനിയായ ആർ ദിവ്യയുടെ ജനിതക ദുഃഖം എന്ന കവിതയാണ് പുരസ്‌കാരത്തിന് അർഹമായത്. റോസ്‌മേരി, പി എൻ ഗോപികൃഷ്ണൻ, കെ വി സജയ് എന്നിവരാണ് കവിത തെരഞ്ഞെടുത്തത്. കലിക്കറ്റ് സർവകലാശാല മലയാള കേരളപഠന വിഭാഗത്തിൽ ഗവേഷകയാണ്. കവിതയിൽ അൻസിഫ് സി അബു, സിനാഷ, ടിനോ ഗ്രേസ് തോമസ് എന്നിവരും കഥയിൽ പി ഷാഫി, കെ നിതിൻ, കൃഷ്ണനുണ്ണി ജോജി എന്നിവരും പ്രോത്സാഹന സമ്മാനത്തിന് അർഹരായി.









0 comments