ad
Deshabhimani

വൈദ്യുതി നിയന്ത്രണം
മാധ്യമപ്രചാരണവും വസ്‌തുതയും

editorial.
വെബ് ഡെസ്ക്

Published on Apr 29, 2026, 12:01 AM | 2 min read

​​കടുത്തവേനലും ഉഷ്‌ണതരംഗവും രാജ്യമാകെ ജനങ്ങളെ ദുരിതത്തിലാക്കുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും കുത്തനെ ഉയരുകയാണ്‌. അമിത ഉപയോഗം നിയന്ത്രിക്കാനും വൈദ്യുതി പ്രവഹിക്കുന്നതിനിടയിൽ ലൈനിൽ അപകടം ഒഴിവാക്കാനും വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളുണ്ട്‌. എന്നാൽ, കേരളത്തിലെ താൽക്കാലിക വൈദ്യുതി നിയന്ത്രണം ലോഡ്‌ഷെഡിങ്ങാണെന്ന്‌ വിശേഷിപ്പിക്കുകയാണ്‌ ചില മാധ്യമങ്ങൾ. പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത പത്തുവർഷമെന്ന കേരളത്തിന്റെ പെരുമ ഇല്ലാതാക്കാനുള്ള അവസരമായി ഇ‍ൗ നിയന്ത്രണത്തെ ഉപയോഗിക്കാനാണ്‌ മാധ്യമകോലാഹലം.


​കേരളം പത്തുവർഷമായി പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത സംസ്ഥാനമായി മാറിയത്‌ എൽഡിഎഫ്‌ സർക്കാർ ദീർഘകാല ആസൂത്രണത്തോടെ നടപ്പാക്കിയ പദ്ധതികളിലൂടെയാണ്‌. സന്പൂർണ വൈദ്യുതീകൃത സംസ്ഥാനമായ കേരളത്തിൽ പത്തുവർഷംകൊണ്ട്‌ വൈദ്യുതി ഉപയോഗത്തിൽ 88,220 ലക്ഷം യൂണിറ്റിന്റെ വർധനയുണ്ടായിട്ടും ലോഡ്‌ഷെഡിങ്ങോ പവർകട്ടോ വേണ്ടിവന്നില്ല. വൈദ്യുതി ഉൽപ്പാദനം കൂട്ടിയും വിതരണശൃംഖലകളിലെ പ്രസരണനഷ്‌ടം ഒഴിവാക്കിയും കൂടുതൽ സബ്‌സ്റ്റേഷനുകൾ സ്ഥാപിച്ചും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തിയുമാണ്‌ ഇ‍ൗ നേട്ടം. എന്നാൽ, ചൂടുകൂടിയതോടെ കേരളത്തിൽ പ്രതിദിന വൈദ്യുതി ഉപയോഗം 1150 ലക്ഷം യൂണിറ്റുവരെ ഉയർന്ന ദിവസങ്ങളുണ്ട്‌. ഫാനുകളും എയർകണ്ടീഷണറും ഇലക്‌ട്രിക്‌ വാഹനങ്ങളും മാത്രമല്ല, പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന്‌ പാചകവാതകലഭ്യത കുറഞ്ഞതോടെ ഇൻഡക്‌ഷൻ കുക്കറുകൾ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയതും വൈദ്യുതി ആവശ്യം കുത്തനെ കൂട്ടി. രാജ്യത്തെ ഒരുദിവസത്തെ വൈദ്യുതി ഉപയോഗം ഏറ്റവും ഉയർന്ന അളവായ 256.11 ഗിഗാവാട്ട്‌ രേഖപ്പെടുത്തിയത്‌ ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ്‌. വെള്ളിയാഴ്‌ച ഇത്‌ 252 ഗിഗാവാട്ടായിരുന്നു. 2024ൽ രേഖപ്പെടുത്തിയ ഒരുദിവസത്തെ കൂടിയ വൈദ്യുതി ഉപയോഗ റെക്കോഡുകളെ മറികടക്കുന്നതാണിത്‌. കേരളത്തിലെ പീക്ക്‌ സമയത്തെ വൈദ്യുതി ഉപയോഗം തിങ്കളാഴ്‌ച (27ന്‌) സർവകാല റെക്കോഡായ 1182.6 ലക്ഷം യൂണിറ്റായി. വെള്ളിയാഴ്‌ച നാലു ഗിഗാവാട്ടിന്റെയും ശനിയാഴ്‌ച 3.5 ഗിഗാവാട്ടിന്റെയും വൈദ്യുതി ലഭ്യതക്കുറവ്‌ രാജ്യം നേരിട്ടു. കേരളത്തിൽ 600 മെഗാവാട്ട്‌ വൈദ്യുതിയുടെ കുറവും നേരിടുന്നുണ്ട്‌. ഇവിടെ വേനൽക്കാല അധിക ആവശ്യം നേരിടാൻ എടുത്ത മുൻകരുതലുകളാണ്‌ സ്ഥിതി നിയന്ത്രണവിധേയമാക്കിയത്‌.


​ലോഡ്‌ഷെഡിങ്ങില്ലാതെതന്നെ ഇ‍ൗ കുറവ്‌ പരിഹരിക്കാൻ 400 മെഗാവാട്ട്‌ വൈദ്യുതി എത്രയുംവേഗം ലഭ്യമാക്കാനാണ്‌ കെഎസ്‌ഇ‍ബി ശ്രമിക്കുന്നത്‌. കേന്ദ്രവിഹിതത്തിൽനിന്ന്‌ 200 മെഗാവാട്ട്‌ അധിക വൈദ്യുതി മെയ്‌ ഒന്നുമുതൽ ലഭ്യമാക്കാൻ നടപടി എടുത്തിട്ടുണ്ട്‌. 250 മെഗാവാട്ട്‌, വൈദ്യുതിക്കന്പനികളിൽനിന്ന്‌ വാങ്ങാൻ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്‌. ഇതിന്‌ കന്പനികളെ തേടുന്ന നടപടികളും അതിവേഗത്തിലാണ്‌.


​വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാത്രി പത്തിനും പതിനൊന്നിനുമിടയിൽ വിതരണ ലൈനുകളിലും ട്രാൻസ്‌ഫോർമറുകളിലും നാശനഷ്‌ടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള 15 മിനിറ്റ്‌ നിയന്ത്രണമാണ്‌ മാധ്യമങ്ങൾ ലോഡ്‌ഷെഡിങ്ങാക്കിയത്‌. ആ നിയന്ത്രണം വൈകിട്ട്‌ ആറിനും രാത്രി 12നും ഇടയിൽ അരമണിക്കൂറാക്കാൻ ചൊവ്വാഴ്‌ചയാണ്‌ തീരുമാനിച്ചത്‌. ഇ‍ൗ പീക്ക്‌ ലോഡ്‌ സമയത്ത്‌ സബ്‌സ്റ്റേഷനുകളിൽനിന്ന്‌ ട്രാൻസ്‌ഫോർമറുകളിലേക്ക്‌ വൈദ്യുതി എത്തിക്കുന്ന ലൈനുകളിൽ 25 ശതമാനം അധിക ലോഡ്‌ വരുന്നു. ലോഡ്‌ കൂടിയാൽ ലൈൻ പൊട്ടിവീഴാൻവരെ സാധ്യതയുണ്ട്‌. ഇത്‌ ഒഴിവാക്കാനാണ്‌ സബ്‌സ്റ്റേഷനുകളിലെ 11 കെവി ഫീഡറുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്‌. അല്ലെങ്കിൽ ലോഡ്‌ താങ്ങാനാകാതെ 110 കെവി, 66 കെവി, 220 കെവി ലൈനുകൾ പൊട്ടിവീഴാം. ഇത്‌ ഗ്രിഡിലാകെ പ്രതിസന്ധി സൃഷ്‌ടിക്കും. അത്‌ കൂടുതൽ സമയം വൈദ്യുതി ലൈൻ ഓഫാക്കാൻ ഇടയാക്കും.


​ഇവിടെ താൽക്കാലിക നിയന്ത്രണത്തെ ലോഡ്‌ഷെഡിങ്‌ എന്നുപറഞ്ഞ്‌ പ്രചാരണം നടത്തുന്നവർ മറ്റ്‌ സംസ്ഥാനങ്ങളിൽ സ്ഥിരമായി മണിക്കൂറുകൾ നീളുന്ന ലോഡ്‌ഷെഡിങ്ങും പവർകട്ടുമുള്ളത്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ഉത്തർപ്രദേശിൽ പല ഭാഗങ്ങളിലും രാത്രി ഏഴുമുതൽ 11 വരെ ലോഡ്‌ഷെഡിങ്ങുണ്ട്‌. പഞ്ചാബിൽ അമൃത്‌സർ, ലുധിയാന നഗരങ്ങളിൽ വൈദ്യുതി നിയന്ത്രണമുണ്ട്‌. രാജസ്ഥാനിലും ഹരിയാനയിലും കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതിവിതരണത്തിൽ നിയന്ത്രണമുണ്ട്‌. ബിഹാർ, ജാർഖണ്ഡ്‌ എന്നിവിടങ്ങളിൽ രണ്ടുമുതൽ നാലുമണിക്കൂർവരെയാണ്‌ പവർകട്ട്‌. വൻകിട വ്യവസായങ്ങളുള്ള മഹാരാഷ്‌ട്രയിലെയും ഗുജറാത്തിലെയും ഗ്രിഡ്‌ സംരക്ഷിക്കാൻ വൈദ്യുതി നിയന്ത്രണമുണ്ട്‌.


​ഇതൊന്നും കാണാതെയോ കണ്ടില്ലെന്നു നടിച്ചോ യുഡിഎഫ്‌ കാലത്തെ പവർകട്ടും ലോഡ്‌ഷെഡിങ്ങുമുള്ള ഇരുണ്ട കാലം തിരിച്ചുവന്നു എന്ന മട്ടിൽ പ്രചാരണം നടത്തുന്ന മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. ലൈനിൽ അമിത വൈദ്യുതി പ്രവഹിക്കുന്പോഴുള്ള സ്വാഭാവികനിയന്ത്രണത്തെ ലോഡ്‌ഷെഡിങ്ങും പവർകട്ടും തിരിച്ചെത്തി എന്ന്‌ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ കാപട്യം ജനങ്ങൾ തിരിച്ചറിയും. ഒപ്പം, വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം നമുക്ക്‌ ശീലിക്കാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home